എന്റെ ചെറുപ്പകാലത്ത് തുമ്മാരുകുടിയില്‍ കക്കൂസില്ല, പറമ്പിലാണ് കാര്യം സാധിക്കുന്നത്.

ഇന്നത്തെപ്പോലെ അന്നും വെങ്ങോലയുടെ പുരോഗമനാശയങ്ങളുടെ കേന്ദ്രമാണ് തുമ്മാരുകുടി. അതുകൊണ്ട് തുമ്മാരുകുടിയില്‍ കക്കൂസില്ല എന്നു പറഞ്ഞാല്‍ വെങ്ങോലയില്‍ ഒരു വീട്ടിലും കക്കൂസില്ല എന്ന് അര്‍ത്ഥം (വിഷയം കക്കൂസാണെങ്കിലും പൊങ്ങച്ചം, അതു മസ്റ്റാ).

എനിക്ക് അഞ്ചു വയസ്സായ സമയത്താണ് വീട്ടില്‍ കക്കൂസ് വരുന്നത്. അതുകൊണ്ടുതന്നെ കാര്യസാധ്യത്തിനുള്ള പറമ്പിലേക്കുള്ള യാത്രയെപ്പറ്റി എനിക്ക് ചെറിയ ഓര്‍മ്മകളേ ഉള്ളൂ. അതിലേറ്റവും പ്രധാനം വേനലവധിക്കാലത്തെ യാത്രയാണ്. അമ്മാവന്‍മാരുടെ മക്കള്‍ ഒക്കെയായി വേനലവധിയില്‍ തുമ്മാരുകുടി നിറഞ്ഞു കവിയും. പതിനഞ്ചോ ഇരുപതോ കസിന്‍സ് ഉണ്ടാകും വീട്ടില്‍. അതിലെ ആണ്‍പടകള്‍ എല്ലാവരും ഒരുമിച്ചാണ് കാര്യസാധ്യത്തിന് പോകുന്നത്.

ഇന്നത്തെപ്പോലെ അപ്പിയിടല്‍ ഗോപ്യമായി ചെയ്യേണ്ടാതാണെന്ന ധാരണയൊന്നും അന്നില്ല. ഇപ്പോള്‍ വളി വന്നാല്‍പോലും വലിച്ചുവിടാന്‍ നമുക്ക് മടിയാണ്. ഇതൊക്കെ സ്വാഭാവികമായ പ്രതിഭാസങ്ങള്‍ അല്ലേ, അപ്പോള്‍ നാണിക്കേണ്ട കാര്യം ഒന്നുമില്ല. അക്കാലത്ത് ഞങ്ങള്‍  ഉച്ചക്ക് കുളിക്കാനായി പോകുന്നപോലെയുള്ള ആര്‍പ്പുവിളികളോടെതന്നെയാണ് രാവിലെ അപ്പിയിടാന്‍ പോകുന്നതും. കഥയെല്ലാം പറഞ്ഞ് പറമ്പിലേക്ക് നടക്കും. അവിടെ പോയി അടുത്തടുത്ത് കുത്തിയിരിക്കും, കഥ തുടരും, കാര്യം സാധിക്കും. അവസാനത്തെ ആളുടെ ബിസിനസും കഴിഞ്ഞേ തോട്ടിലേക്ക് പോകൂ.

പക്ഷെ, അന്നത്തെ തലമുറ പഠിപ്പിച്ചിരുന്ന ഒരു പ്രധാന പാഠം ''തൂറാന്‍ മുട്ടുമ്പോള്‍ അല്ല പറമ്പ് അന്വേഷിക്കുന്നത്'' എന്നതാണ്. ഇപ്പോള്‍ തൂറാന്‍ പറമ്പ് വേണ്ടാത്തതിനാല്‍ ഈ ചൊല്ല് അന്യം നിന്നുപോയി.

പക്ഷെ, കാര്യസാധ്യത്തിന് കക്കൂസില്ലാത്തതിന്റെ ബുദ്ധിമുട്ട് ഈ തിരഞ്ഞെടുപ്പു കാലത്തുപോലും ചര്‍ച്ചാവിഷയം ആയല്ലോ. പ്രകടനപത്രികയില്‍ സുരക്ഷ കയറിയില്ലെങ്കിലും കക്കൂസ് കയറിപ്പറ്റി. അപ്പോള്‍ ചൊല്ലില്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുവെക്കേണ്ടതിന്റെ ആവശ്യകത ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല.

പക്ഷെ, ഈ പഴഞ്ചൊല്ല് വാസ്തവത്തില്‍ കാര്യസാധ്യത്തിനുള്ള പറമ്പന്വേഷണത്തെപ്പറ്റിമാത്രം അല്ല. ജീവിതത്തിലെ മിക്കവാറും കാര്യങ്ങള്‍ നമ്മള്‍ മുന്‍കൂട്ടി കണ്ടു ചെയ്തില്ലെങ്കില്‍ തൂറാന്‍ മുട്ടുമ്പോള്‍ പറമ്പന്വേഷിക്കുന്നവനെപ്പോലെ വെപ്രാളപ്പെടും എന്നു ചുരുക്കം.

Drought 02പറയാനുള്ളത് അത്യുഷ്ണത്തെപ്പറ്റിയാണ്. കേരളത്തില്‍ അഭൂതപൂര്‍വമായ ചൂടാണ് അനുഭവപ്പെടുന്നത്. കാശുള്ളവര്‍ കടയില്‍ എ.സി. സ്റ്റോക്ക് തീര്‍ന്നുപോയതിനാലും കാശില്ലാത്തവര്‍ എ.സി. വാങ്ങാന്‍ പറ്റാത്തതിനാലും നട്ടം തിരിയുന്നു. എല്ലാവരും ആവശ്യത്തിന് വെള്ളം കുടിക്കുന്നു.

ഇത് 'എല്‍ നിനോ' ആണെന്ന് ഒരു കൂട്ടര്‍.

ഇത് 'കാലാവസ്ഥാവ്യതിയാനം' ആണെന്ന് വേറെ ചിലര്‍.

''മരം ഒക്കെ വെട്ടി നശിപ്പിച്ചപ്പോള്‍ ഓര്‍ക്കണമായിരുന്നു'' എന്ന് വേറെ അഭിപ്രായം.

''തണ്ണീര്‍ത്തടം മണ്ണിട്ടുനികത്തിയതാണ് പ്രശ്‌നം'' എന്ന് മറ്റുള്ളവര്‍.

''ഇത് ഉഷ്ണവാതം'' ആണെന്ന് ആധികാരികമായി കാലാവസ്ഥാ വകുപ്പ്. വേറെ എന്തോ ആണെന്നു കരുതിയവര്‍ക്ക് അത് വലിയ ആശ്വാസം ആയി.

എല്‍ നിനോ ആയാലും ആഗോളതാപനം ആയാലും ഉഷ്ണം ആയാലും ഒരു കാര്യം ഉറപ്പ്, ചൂട് പതിവില്‍ വളരെ കൂടുതല്‍ ആണ്.

മരം വെട്ടിയിട്ടാണെങ്കിലും തണ്ണീര്‍ത്തടം നികത്തിയിട്ടാണെങ്കിലും ശരി ഇനി ഈ വര്‍ഷം മഴ വരാതെ വേറെ നിവൃത്തിയൊന്നും ഇല്ല എന്നത് മറ്റൊരു ശരി.

അതുകൊണ്ട് തല്കാലം വലിയ ദുരന്തങ്ങള്‍ ഉണ്ടാകാതെ ഇതിനെ എങ്ങനെ മറികടക്കാന്‍ പറ്റും എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്.  മറ്റുള്ള കാര്യകാരണ ഗവേഷണങ്ങള്‍ ഒക്കെ ഇപ്പോള്‍ പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല. ആ പറമ്പ് നോക്കി വെക്കേണ്ട കാലം പണ്ടേ കഴിഞ്ഞു.

അത്യുഷ്ണത്തിന്റെ ഒരു പ്രത്യേകത വെള്ളപ്പൊക്കത്തെപ്പോലേയോ ഭൂമികുലുക്കത്തെപ്പോലേയോ ഒന്നും പെട്ടെന്ന് കയറിവരുന്ന ഒന്നല്ല എന്നതാണ്. അതുകൊണ്ടുതന്നെ എന്തു നാശനഷ്ടങ്ങള്‍ ആണ് അത് ഉണ്ടാക്കുന്നത് എന്നുപോലും നമുക്ക് മനസ്സിലാവില്ല. ചൂടുകൊണ്ട് സണ്‍സ്‌ട്രോക്ക് വന്ന് കുറച്ചു പേര്‍ക്ക് പരിക്കോ മരണമോ ഒക്കെ സംഭവിച്ചേക്കാം. പക്ഷെ ഇതിന്റെ യഥാര്‍ത്ഥ നാശനഷ്ടം അറിയുന്നത് ഇപ്പോള്‍ അല്ല.

2003-ല്‍ യൂറോപ്പിലെ സമീപകാലത്തെ ഏറ്റവും വലിയ ചൂടുകാലത്താണ് ഞാന്‍ ഒമാനില്‍നിന്നു സ്വിറ്റ്‌സര്‍ലാന്റിലേക്ക് കുടിയേറിയത്. ഒമാനില്‍ അത്യുഷ്ണം ഞങ്ങള്‍ക്ക് പരിചിതം ആണ്. അതിനെ നേരിടാന്‍ സംവിധാനങ്ങളും ഉണ്ട്. പക്ഷെ, നൂറ്റാണ്ടുകളായി ''എയര്‍കണ്ടീഷണ്‍ഡ്'' രാജ്യം എന്നൊക്കെ പറഞ്ഞുകേട്ട സ്വിറ്റ്‌സര്‍ലാന്റില്‍ ചൂടു വന്നപ്പോള്‍ ഞങ്ങള്‍ മാത്രമല്ല രാജ്യം മുഴുവന്‍ പതറിപ്പോയി. ഇവിടെ പിന്നെ നിറയെ തടാകങ്ങള്‍ ആയതിനാല്‍ നാട്ടുകാരെല്ലാം ഉച്ചയായാല്‍ വെള്ളത്തില്‍ ചാടി.

തൊട്ടടുത്ത ഫ്രാന്‍സില്‍ പക്ഷെ, ഇതായിരുന്നില്ല സ്ഥിതി. എയര്‍കണ്ടീഷനിംഗ് പോയിട്ട് ഫാന്‍ പോലും  യൂറോപ്പില്‍ അത്ര സാധാരണം ആല്ല. നാല്പതു ഡിഗ്രിക്കു മുകളിലുള്ള ചൂട് അവര്‍ കേട്ടിട്ടും കൂടിയില്ല. അപ്പോള്‍ ചൂടു കൂടിയാല്‍ എന്തുചെയ്യണം എന്നവര്‍ക്ക് അറിയില്ല. വീട്ടിലിരിക്കണം, വെള്ളം കുടിക്കണം എന്നൊക്കെയുള്ള പൊതുവിജ്ഞാനം ഒഴിച്ചാല്‍.

ചൂടുകാലമെല്ലാം കഴിഞ്ഞ് രണ്ടു-മൂന്നു മാസം കഴിഞ്ഞ് ആ വര്‍ഷത്തെ മരണസംഖ്യ നോക്കിയ സര്‍ക്കാര്‍ അതിശയപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് പതിനായിരക്കണക്കിന് ആളുകള്‍ ആണ് ആ വര്‍ഷം വേനല്‍ക്കാലത്ത് കൂടുതല്‍ മരിച്ചുപോയത്. അവരൊന്നും സണ്‍സ്‌ട്രോക്ക് വന്ന് നാടകീയമായി മരിച്ചതല്ല. പക്ഷെ, വയസ്സായവരും മറ്റു കാരണങ്ങളാല്‍ അവശരായിരുന്നവരും ആയ ആളുകള്‍ക്ക് ആ ചൂടുകാലം അതിജീവിക്കാന്‍ പറ്റിയില്ല. യൂറോപ്പിലെ 2003-ലെ ഉഷ്ണകാലത്തെ അധിക മരണസംഖ്യ 70000നു മുകളില്‍ ആണെന്നാണ് ഇപ്പോള്‍ കണക്കു കൂട്ടിയിരിക്കുന്നത്.

ഇതിനെത്തുടര്‍ന്ന് ഉഷ്ണകാലത്തെ നേരിടാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. ഒറ്റക്കു താമസിക്കുന്ന വയസ്സായവരെ പ്രത്യേകം നിരീക്ഷിക്കാന്‍ സംവിധാനം ആയി. ചൂടുകാലത്ത് സൂപ്പര്‍മാര്‍ക്കറ്റ് തൊട്ട് സ്‌കൂള്‍ ഓഡിറ്റോറിയംവരെ ശീതീകരിച്ച സ്ഥലങ്ങള്‍ നാട്ടുകാര്‍ക്ക് തുറന്നിട്ടു തുടങ്ങി. കൃഷിക്കുവേണ്ടി ഭൂഗര്‍ഭജലം പമ്പ് ചെയ്യുന്നത് നിര്‍ത്തിവച്ച് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ സംവിധാനം ആയി. ചൂടുകാലത്ത് പുറത്ത് പണിയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ആയി.

ഞാന്‍ പറഞ്ഞുവന്നത്, നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഉഷ്ണകാലം ആണിത്. പക്ഷെ, ലോകം കണ്ടിട്ടില്ലാത്തതൊന്നും അല്ല. ഇതിന്റെ പേരില്‍ ഇപ്പോള്‍ കുറ്റപ്പെടുത്തലും ഗവേഷണവും ഒന്നും നടത്തിയിട്ട് കാര്യവും ഇല്ല. മറ്റു രാജ്യങ്ങള്‍ ഇങ്ങനെയുള്ള സമയത്ത് എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കി അതില്‍നിന്നും പാഠങ്ങള്‍ പഠിക്കുക. അത്യുഷ്ണം വീടിനു പുറത്തുള്ളവരുടേയോ പണിക്കാരുടേയോ മാത്രം പ്രശ്‌നമല്ല. വീട്ടിനുള്ളില്‍ ഇരിക്കുന്നവരും, പ്രത്യേകിച്ച് പ്രായമായവര്‍, രോഗികള്‍ എല്ലാം പ്രത്യേകം ശ്രദ്ധിക്കണം. ഇത്തവണ രാഷ്ട്രീയത്തിന്റെ ചൂടും ഉ്‌ളതിനാല്‍ രാഷ്ട്രീയത്തിനായി ഓടി നടക്കുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുക. നമ്മുടെ നേതൃനിര ഒക്കെത്തന്നെ അറുപതു കഴിഞ്ഞതാണ്. അവരെ ഒന്നും ഇതുപോലെയിട്ട് വെള്ളം കുടിപ്പിക്കാതെ നോക്കണം. ഭരണകൂടത്തിനു മുമ്പ് നേതൃത്വം കൊഴിഞ്ഞു വീണേക്കും.

മെയ് ആദ്യം മഴ വരും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. കാലാവസ്ഥാപ്രവചനം ഇപ്പോഴും അത്ര ശാസ്ത്രം ഒന്നും അല്ല. അതുകൊണ്ട് വലിയ പ്രതീക്ഷ വേണ്ട. കാലവര്‍ഷം എത്തുന്നതാണ് ചൂട് കുറയാന്‍ ഉള്ള ഒറ്റ പോംവഴി.

പക്ഷെ, കാലവര്‍ഷം വന്ന് ചൂട് കുറയുകയും നദിയും ഡാമും കുളവും ഒക്കെ നിറയുകയും ചെയ്യുമ്പോള്‍ ഈ ചൂടുകാലവും  ഈ പറഞ്ഞ ആഗോളതാപനവും തണ്ണീര്‍ത്തടവും ഒന്നും മറന്നുപോകരുത്. ലോകത്തെ മറ്റെവിടെയും പോലെ നമ്മുടെ കാലാവസ്ഥയും അടിസ്ഥാനപരമായി മാറുകയാണ്. അതിന്റെ ഒരു സാമ്പിള്‍ ആണ് നാം കണ്ടത്. ഇനി ഒരു മുപ്പതു വര്‍ഷത്തിനകം ഇതാവും എല്ലാ വര്‍ഷത്തേയും സ്ഥിതി. അതിനെപ്പറ്റി ചിന്തിക്കാന്‍, തയ്യാറെടുക്കാന്‍ ഉള്ള ഒരു മുന്നറിയിപ്പായിട്ട് നാം ഈ വര്‍ഷത്തെ എടുത്താല്‍ ഈ ചൂടില്‍ ആയുസ്സെത്താതെ കൊഴിഞ്ഞുപോകുന്ന അപ്പുപ്പന്‍മാരുടെ ജീവിതം നമ്മെ എന്തെങ്കിലും പഠിപ്പിച്ചു എന്നു പറയാം.

അല്ലെങ്കില്‍ അന്നും നമ്മള്‍ പറമ്പന്വേഷിച്ച് ഓടേണ്ടിവരും.