വിവാഹം കഴിക്കാതെ ഒരു യുവാവും യുവതിയും ഒന്നിച്ച് ഒരു ഫ്ളാറ്റില്‍ കുറച്ചു കാലം താമസിച്ചു. അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇരുവരും പ്രായപൂര്‍ത്തിയായവരാണ്. വിവാഹം കഴിക്കാനുള്ള ആഗ്രഹം അവര്‍ക്കുണ്ടായിരുന്നു.

ഇങ്ങനെയിരിക്കെ കുറച്ചുകഴിഞ്ഞപ്പോള്‍ യുവതി പോലീസില്‍ പരാതിപ്പെട്ടു. ബലാല്‍സംഗ കുറ്റം ചുമത്തി യുവാവായ ജിനുവിന് എതിരെ തിരുവല്ല പോലീസ് കേസ് എടുത്തു. മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നിലനില്‍ക്കുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം ഇതിനിടയില്‍ പരിഹരിച്ചു. മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കാന്‍ യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തനിക്ക് എതിരെ  യുവതിക്ക് പരാതികള്‍ ഒന്നുമില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് യുവതിയും ഹൈക്കോടതിയെ അറിയിച്ചു. ബലാല്‍സംഗ കുറ്റം പോലീസ് ചുമത്തിയതിനാല്‍ ഇതൊരു ഗൗരവപ്പെട്ട കേസാണെന്ന് ഹൈക്കോടതി പറഞ്ഞു. അതിനാല്‍ കേസ് റദ്ദാക്കുന്നത് സംബന്ധിച്ച് വിശദമായ വാദം കേട്ടു.

പോലീസില്‍ നല്‍കിയിരുന്ന പരാതിയില്‍ യുവാവിന് ദുരുദ്ദേശ്യപരമായ താല്‍പര്യം ഇല്ലായിരുന്നുവെന്ന് യുവതി പറഞ്ഞിട്ടുണ്ടെന്ന് യുവാവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തന്നെ വഞ്ചിക്കാനുള്ള ആഗ്രഹങ്ങള്‍ യുവാവിന് ഇല്ലായിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് ലംഘിക്കാനുള്ള ആഗ്രഹവും യുവാവിന് ഇല്ലായിരുന്നുവെന്നും യുവതി കോടതിയില്‍ പറഞ്ഞു.

ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ തങ്ങള്‍ ഫ്ളാറ്റില്‍ കഴിഞ്ഞുവെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. യുവാവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിവാഹം കഴിക്കാതെ ഇരുവരും ഒന്നിച്ചു താമസിച്ചു എന്നുള്ളതാണ് കേസില്‍നിന്നും തെളിയുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോലീസ് കേസിനെ തുടര്‍ന്ന് യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. യുവാവ് തന്നെ ബലാല്‍സംഗം ചെയ്തുവെന്ന് യുവതി ഒരിടത്തും പറഞ്ഞിട്ടേയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. യുവാവിന് എതിരെ അവര്‍ക്ക് പരാതിയുമില്ല.

ഇതെത്തടുര്‍ന്ന് മജിസ്ട്രേറ്റ് ചോദിച്ചു: 'ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയാണോ ഇങ്ങനെ മൊഴി നല്‍കുന്നത്?'
'അല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് മൊഴി' എന്നും യുവതി മജിസ്ട്രേറ്റിനോട് പറഞ്ഞു.

'ഇതില്‍ നിന്നും എന്താണ് മനസ്സിലാകുന്നത്? യുവതിയെ യുവാവ് ബലാല്‍സംഗം ചെയ്തിട്ടേയില്ല.' ഹൈക്കോടതി വിശദീകരിച്ചു. 'കേസിലെ വസ്തുതകളില്‍നിന്നും ബലാല്‍സംഗ കുറ്റം തെളിയുന്നില്ല. അതിനാല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കുന്നു.' ഹൈക്കോടതി പറഞ്ഞു.

കുറച്ചുകാലം ഇരുവരും ഒന്നിച്ചു കഴിഞ്ഞു. അങ്ങനെ ഒന്നിച്ചു കഴിഞ്ഞവര്‍ ഭാവിയില്‍ വിവാഹം കഴിക്കാനുള്ള പ്രതീക്ഷ വെച്ചുപുലര്‍ത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാല്‍സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വിധികളെ ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ഇരുവരും വളരെ അടുത്ത ഹൃദയബന്ധത്തിലായിരുന്നു. അതിനാല്‍ ബലാല്‍സംഗ കുറ്റം ചുമത്തുക അസാധ്യമാണെന്ന് ഹൈക്കോടതി പറഞ്ഞു.