യുവറോണര്‍,

പേരുകേട്ട വിപ്ലവമൊന്നും നടന്നിട്ടില്ലാത്ത ഇന്നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായതും അത് തഴച്ചുവളര്‍ന്നതും കെ.പി.എ.സി. നാടകം കളിച്ചതുകൊണ്ടുകൂടിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നിട്ടും കെ.പി.എ.സി. ലളിത മത്സരിക്കാന്‍ വന്നപ്പോള്‍ അണികള്‍ക്ക് ഇഷ്ടപ്പെട്ടില്ലത്രെ. ഇത് എന്ത് ജാതി അണികളാണോ ആവോ?  ഈ അണികള്‍ക്ക് പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല ,യുവറോണര്‍. കെ.പി.എ.സി. എന്നാല്‍ കെ.പി.സി.സിയുടെ ആര്‍ട്സ്‌ ക്ലബ്ബാണെന്ന് ഇവര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവും. കെ.പി.എ.സി. ചുക്കാണോ ചുണ്ണാമ്പാണോയെന്ന്  ഇവര്‍ക്കൊന്നു പറഞ്ഞുകൊടുക്കാന്‍ സാംസ്‌കാരിക നവേത്ഥാനാത്തിന്റെ ചുമതലയുള്ള സഖാവ് എം.എ. ബേബിയെപ്പോലും ചുറ്റുവട്ടത്തൊന്നും കാണുന്നില്ലല്ലോ.

മാനിഫെസ്റ്റോയില്‍ ഇല്ലാത്ത, നൂലില്‍ക്കെട്ടിയിറക്കല്‍ എന്ന വര്‍ഗപരമായ പ്രതിഭാസത്തെപ്പറ്റിയാണ് ഇപ്പോള്‍ വ്യാപകമായ ചര്‍ച്ച. ഇക്കാര്യത്തില്‍ തികഞ്ഞ അനീതിയും അസമത്വവുമാണ് നാട്ടില്‍ നടമാടുന്നതെന്ന് പറയാതെ വയ്യ. എന്താണ് യുവറോണര്‍ ഈ നൂലില്‍ക്കെട്ടിയോ കെട്ടാതെയോ ഇറക്കുന്നതിന്റെ മാനദണ്ഡം? മാരാരിക്കുളത്ത് തോറ്റ വി.എസ്. അച്യുതാനന്ദനെ മലമ്പുഴയില്‍ മത്സരിപ്പിച്ചാല്‍ അത് നൂലില്‍ക്കെട്ടിയെന്നല്ല, വെറും കെട്ടിയിറക്കല്‍പോലുമല്ല. എന്നാല്‍ വടക്കാഞ്ചേരിയില്‍ താമസിക്കുന്ന  കെ.പി.എ.സി. ലളിതയെ അവിടെ മത്സരിപ്പിക്കാന്‍ ആലോചിക്കുമ്പോഴേക്കും കെട്ടിയിറക്കലായി. കൊല്ലത്ത് ജനിച്ചുവളര്‍ന്ന മുകേഷിനെ അവിടെ നിശ്ചയിച്ചാലോ അത് നൂലില്‍ക്കെട്ടിയിറക്കലായി. കെട്ടിയിറക്കലെന്നുപറഞ്ഞാല്‍ പിന്നെയും സഹിക്കാം. നൂലില്‍ക്കെട്ടി ഇറക്കുകയെന്നുപറഞ്ഞാല്‍ ഇവര്‍ക്കൊന്നും കൊതുകിന്റെ കനം പോലുമില്ലെന്ന അവഹേളനവും ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട് യുവറോണര്‍.

ചരിത്രം പരിശോധിച്ചാല്‍ എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഇവര്‍ നമ്മുടെ അഭ്രനക്ഷത്രങ്ങളെ തേടിവരാറുണ്ട്. ഇത് മുട്ടിടിക്കലിന്റെയും ആക്രാന്തത്തിന്റെയും ഭാഗമാണ്. രണ്ടാം നിരയില്‍ എല്ലാം നല്ല 'പഷ്ട് ' നേതാക്കളായതുകൊണ്ട് തിരഞ്ഞെടുപ്പ് കാലത്ത് മത്സരിക്കാന്‍ ആളില്ലാതെ അങ്കലാപ്പ് തുടങ്ങുമ്പോഴാണ് പാവം സിനിമാക്കാര്‍ക്ക് ആശ കൊടുക്കുന്നത്. പക്ഷെ, അടുപ്പത്തുവയ്ക്കും മുമ്പ് ഇവരെയങ്ങ് വാങ്ങിവെച്ചുകളയും. പാവങ്ങള്‍! ഇവര്‍ക്ക് മോഹനഷ്ടവും മാനഹാനിയും മാത്രം ഫലം. പിന്നെ ചര്‍ച്ചയോട് ചര്‍ച്ചയാണ്. ഇവരെങ്ങാനും മത്സരിച്ച് ജയിച്ചാല്‍ മുല്ലപ്പെരിയാര്‍ പൊട്ടിപ്പോകുമെന്ന മട്ടില്‍ എല്ലാരുംകൂടി ഭീതി പരത്തും. ഇടതുപക്ഷത്താണ് ഈ രോഗം ആദ്യം കണ്ടെത്തിയത്. എന്നാല്‍ സ്വന്തമായി ഒന്നും പഠിക്കാതെ എന്നും ഇടതന്‍മാരെ  കോപ്പിയടിച്ച് ജയിക്കുന്ന വലതന്‍മാര്‍ക്കും തുടങ്ങിയിട്ടുണ്ട് ഈ അസുഖം. 

സത്യത്തില്‍ യുവറോണര്‍, എന്തിനാണ് ഇവരെയിങ്ങനെ അവഹേളിക്കുന്നത്. ഇവര്‍ മത്സരിച്ചാല്‍ എന്താണ് കുഴപ്പം? രാഷ്ട്രീയത്തില്‍ കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും കള്ള് കച്ചവടക്കാര്‍ക്കുംവരെ റിസര്‍വേഷനുള്ള നമ്മുടെ നാട്ടില്‍ സിനിമാക്കാര്‍ക്ക് മാത്രം എന്തിനീ അയിത്തം? ഇത് തികഞ്ഞ അസൂയയും അനീതിയുമാണ്. 

സിനിമാക്കാരെയും രാഷ്ട്രീയക്കാരെയും ഒരു താരതമ്യ പഠനത്തിന് വിധേയമാക്കിനോക്കാം, യുവറോണര്‍.  രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ പുരുഷാധിപത്യമാണ്. സിനിമയില്‍ പെണ്ണുങ്ങളില്ലെങ്കില്‍ കണ്ടിരിക്കാന്‍ ബോറാണ്. അതുകൊണ്ട് പെണ്ണുങ്ങളെ ഒഴിവാക്കാനാവില്ല. രാഷ്ട്രീയത്തിലാകട്ടെ, പഞ്ചായത്തുകളിലെ  ഷോര്‍ട്ട് ഫിലിമുകളില്‍ മാത്രമാണ് പെണ്ണുങ്ങള്‍ നിര്‍ബന്ധമായും വേണ്ടത്. ചിരഞ്ജീവികളാണെന്ന് നാട്ടുകാരെ കബളിപ്പിക്കാന്‍ ഇരുകൂട്ടരും ഏത് കിടുമാസ് പെയിന്റും മുഖത്തും തലയിലും അടിച്ചുകളയും. ഗണ്‍മാനെപ്പോലെ ബ്യൂട്ടീഷ്യനെയും രാഷട്രീയക്കാര്‍ കൊണ്ടുനടക്കുന്ന കാലം വിദൂരമല്ല. 

ഇനി അഭിനയത്തിന്റെ കാര്യം. സിനിമാക്കാര്‍ പല റോളുകള്‍ ഒരേസമയം നന്നായി അഭിനിയിക്കും. ലൊക്കോഷനില്‍ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഇവര്‍ ലൊക്കേഷന് പുറത്ത് താരങ്ങളായും അഭിനയിക്കും. ഫുള്‍ടൈം അഭിനയം. രാഷ്ട്രീയക്കാരാകട്ടെ എവിടെയും എപ്പോഴും അഭിനയിച്ചുകളയും. കല്യാണത്തിനും പാലുകാച്ചിനും മരണത്തിനും എന്തിന് ഉറക്കത്തില്‍പ്പോലും അഭിനയത്തോട് അഭിനയം. കല്ല്യാണത്തിനുപോയാല്‍ പെണ്ണിന്റെയോ ചെറുക്കന്റെയോ അച്ഛനായി അഭിനയിക്കും. പാലുകാച്ചിനു പോയാല്‍ കട്ടിലില്‍ക്കേറിയിരുന്നും കരിക്കു കടിച്ചും ഗൃഹനാഥനായി അഭിനയിക്കും. ചാവിനുപോയാലോ, ഒപ്പാരുവെച്ച് കരഞ്ഞ് പരേതരുടെ മക്കളെ തോല്‍പ്പിച്ചുകളയും. 

ഇരുകൂട്ടരിലും വെച്ച് നാട്യത്തില്‍ മുന്നിലാരെന്ന് ചോദിച്ചാല്‍ വിഷമമാവും. ഇരുവരും ജീവിക്കാന്‍വേണ്ടിയാണ് അഭിനയിക്കുന്നത്. സിനിമാക്കാരുടേത് സോദ്ദേശ്യ അഭിനയം. രാഷ്ട്രീയക്കാരുടേത് ദുരുദ്ദേശ്യ അഭിനയം. ദുരുദ്ദേശ്യങ്ങളൊന്നും ഇല്ലാത്ത നമ്മള്‍ ഇതില്‍ ഏത് കൂട്ടര്‍ക്കൊപ്പം നില്‍ക്കണം, യുവറോണര്‍? സംശയമെന്ത്, സോദ്ദേശ്യക്കാരും നമ്മളെ വിനോദിപ്പിച്ച് വിസ്മയിപ്പിക്കുകയും ചെയ്യുന്നവരുമായ സിനിമാക്കാരോടൊപ്പം തന്നെ. 

പ്രശസ്തിയുടെ കാര്യം വരുമ്പോഴാണ്  പ്രശ്നമാകുന്നത്. രാഷ്ട്രീയക്കാരെക്കാള്‍ പ്രശസ്തിയില്‍ എത്രയോ മുന്നിലാണ് സിനിമാക്കാര്‍. ഒരേ തൊഴില്‍ ചെയ്യുന്നവരില്‍ കൂടുതല്‍ പ്രശസ്തരായവരോട് പ്രശസ്തി കുറഞ്ഞവര്‍ക്ക് തോന്നുന്ന അസൂയയില്ലേ. പ്രൊഫഷണല്‍ ജെലസി എന്നുപറയും. അതുമാത്രമാണ് യുവറോണര്‍ സിനിമാക്കാരുടെ കാര്യത്തില്‍ ഇവര്‍ കാണിക്കുന്നത്. സിനിമാക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക. സിനിമയും രാഷ്ട്രീയവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ മാത്രമാണ്. അപ്പൂപ്പന്‍മാര്‍വരെ കുഞ്ഞായിരിക്കുന്ന  ഇന്നാട്ടില്‍ നിങ്ങള്‍ക്കൊന്നും ഒരിക്കലും കാള്‍ഷീറ്റ് കിട്ടില്ല. വെറുതെ തൊണ്ടയിലെ വെള്ളം കളയണ്ട. ആര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ. 

യുവറോണര്‍, ഇങ്ങനെയൊക്കെയാണെങ്കിലും മാധ്യമ പ്രവര്‍ത്തകരെ മത്സരിപ്പിക്കാന്‍ അമിത താത്പര്യമെന്തിനാണെന്ന് മാത്രം മനസ്സിലാവുന്നില്ല. ജയിക്കാന്‍ പോകുകയാണെങ്കില്‍  ആ മുന്നണിക്ക് ഇത്തരെക്കാരെക്കൊണ്ട് എന്താണ് ആവശ്യം? പ്രതിപക്ഷത്തിരിക്കാനാണെങ്കില്‍  ഉപകരിച്ചെന്ന് വരും. ചാനല്‍ ചര്‍ച്ചയുടെ മാതൃകയില്‍ ഭരണക്കാരെ നിയമസഭയിലൊക്കെ ചോദ്യങ്ങള്‍കൊണ്ട് പെരിക്കുന്ന ഒരു രംഗം ആലോചിച്ചുനോക്കൂമ്പോള്‍ത്തന്നെ കുളിരുകോരുന്നു. 

കള്ളും മോരും കളിയാണ് യുവറോണര്‍, ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ നടക്കുന്നത്. കരുണ എസ്റ്റേറ്റ് ഉമ്മന്‍ചാണ്ടി തീറെഴുതിയാല്‍ സുധീരന്‍ അതിനെതിരെ പ്രസ്താവനയിറക്കും. കള്ളു കുടിച്ചവന്റെ കെട്ടിറങ്ങാന്‍ മോരു കൊടുക്കുന്നതുപോലെയാണിത്. അതോടെ മുന്നണി സന്തുലിതാവസ്ഥയിലാവും. ജനം വഞ്ചിതരാവും. എന്ത് പതിച്ചുകൊടുത്താലും സുധീരന്‍ എതിര്‍ത്താല്‍ മതി. എതിര്‍പ്പ് മുഖ്യമന്ത്രി ശിരസ്സാ വഹിക്കും. തീരുമാനം അതേപടി തുടരും. അപ്പുറത്ത് വിജയകരമായി മോരുകച്ചോടം നടത്തിയിരുന്നത് അച്യുതാനന്ദനാണ്. തിരഞ്ഞെടുപ്പ് കാലമയതുകൊണ്ട് വി.എസ്. ഇത് തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ വി.എസും സുധീരനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന പോര്  ഇന്‍ അക്ടീവും ആക്ടീവുമായ രണ്ട് മോരുകച്ചോടക്കാര്‍ തമ്മിലുള്ള വാഗ്വാദമായി കണ്ടാലും  മതിയാവും. 

നോട്ട് ദ പോയിന്റ്: തുടര്‍ച്ചയായി ജയിക്കുന്നവര്‍ ഓടിളക്കി വരുന്നവരല്ലെന്ന് കെ. മുരളീധരന്‍.

ഓടിളക്കുന്നതാണല്ലോ എപ്പോഴും മനസ്സില്‍ വരുന്നത്.