യുവറോണര്‍, പതിവായി പുറപ്പെട്ട് പോകുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറയുമ്പോള്‍ രാഹുകാലം നേരിടുന്ന വെല്ലുവിളികളെ കാണാതിരിക്കാനാവില്ല. പരമേശ്വരാചാര്യ വിരചിതമായ ആചാരസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ 'വിവാഹേ കര്‍ക്കികലശചാപകന്യാഗതോ രവി' എന്ന് തുടങ്ങുന്ന ശ്ലോകമുണ്ട്. വിവാഹ മുഹൂര്‍ത്തചിന്തകരുടെ പ്ലീനം രേഖയാണിത്. 'മാധവാചാര്യ വിരചിതമായ മുഹൂര്‍ത്തമാധവീയം' എന്നൊരു കിത്താബ് വേറെയുണ്ട്. 'ജ്യോതിശാസ്ത്രവിശാരദൈനിഗര്‍ദിതാ പാണിഗ്രഹണോ രോഹിണീ..'' എന്നാണ് വിവാഹമൂഹൂര്‍ത്തത്തെപ്പറ്റി ഇതില്‍ പറയുന്നതത്രെ. 

ഇതെല്ലാം നോക്കിയാല്‍ കര്‍ക്കിടകത്തില്‍പ്പോലും രാഹുകാലം നോക്കാതെ ഏത് രവിക്കും രോഹിണിയുടെ പാണിഗ്രഹണം നടത്താമെന്ന് മനസ്സിലാവും. എന്നിട്ടും ഒരു പോളിറ്റ് ബ്യുറോ അംഗത്തിന്റെ നേതൃത്വത്തില്‍ രാഹുകാലത്തെ തകര്‍ക്കാന്‍ കാച്ചില്‍പുഴുങ്ങി സമരം പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ അന്ധവിശ്വാസങ്ങള്‍, അല്ലാതെന്താ? 

രാജ്യത്തെ നാല്‍പ്പത് പിന്നിട്ട യുവാക്കളുടെ രോമാഞ്ചമായ എന്റെ കക്ഷി രാഹുല്‍ഗാന്ധിയെ അപഹസിക്കുന്നവരും പുതിയൊരു അന്ധവിശ്വാസത്തിന്റെ അടിമകളാണ്, യുവറോണര്‍. വാതുറന്നാല്‍ കോടികള്‍ പൊഴിയുന്ന സി.ഇ.ഒ മാരുമായി പ്രധാനമന്ത്രിക്ക് ആണ്ടിലെല്ലാക്കാലവും വിദേശത്ത് ചര്‍ച്ചയും അത്താഴവുമൊക്കെയാവാം. നാളെ നാടുഭരിക്കേണ്ട രാഹുല്‍ ഗാന്ധി ഇവിടത്തെ കലാവതിമാരുടെ ഇല്ലായ്മയും വല്ലായ്മയും കണ്ട് പുറപ്പെടാശാന്തിയായി ഇവിടെക്കഴിയണം. ഇതെന്ത് ന്യായം? 

പുറപ്പെട്ടുപോകുന്ന ഉണ്ണികള്‍ക്കേ ബോധോദയവും ജ്ഞാനോദയവുമൊക്കെ ഉണ്ടാകൂ. യുവറോണര്‍, ചരിത്രം പരിശോധിക്കൂ. ഗൗതമബുദ്ധന്‍, ശങ്കരാചാര്യര്‍..എക്‌സട്രാ..എക്‌സട്രാ...

ഈ ഉണ്ണി പുറപ്പെട്ട് പോകുന്നതിനെപ്പറ്റി അമ്മയ്ക്കും പെങ്ങള്‍ക്കും അളിയനുമില്ലാത്ത വേവലാതി ബി.ജെ.പിക്കെന്തിനാ യുവറോണര്‍? രാഹുല്‍ ഒരു കുരുത്തക്കേടിനുമല്ല നാടുവിടുന്നതെന്ന് കഴിഞ്ഞവട്ടം തെളിഞ്ഞതല്ലേ. പാവം! ഈ നല്ല പ്രായത്തില്‍ പത്തുമുപ്പത് ദിവസം ധ്യാനംകൂടാന്‍ എന്റെ കക്ഷിക്കല്ലാതെ ആര്‍ക്കുണ്ടാവും മനസ്ഥൈര്യം? അന്ന് എന്തെങ്കിലും കുസൃതി ഒപ്പിച്ചിരുന്നെങ്കില്‍ നിങ്ങളുടെ രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ ചാരന്‍മാരും ഒക്കെച്ചേര്‍ന്ന് എന്നേ സംഗതി നാട്ടില്‍ പാട്ടാക്കിയേനെ. ഒന്നുമുണ്ടായില്ലല്ലോ. പിന്നെയും എന്തിനാണ് ഭാവിയുള്ള ഒരു ചെരുപ്പക്കാരനെ ഇങ്ങനെ വീണ്ടും ഇരുട്ടില്‍ നിര്‍ത്തുന്നത്? 

രാഹുല്‍ അമേരിക്കയില്‍ പോയതിനെക്കുറിച്ച് എന്തെല്ലാം തിയറികളാണ് യുവറോണര്‍, ഈ ബി.ജെ.പി വൈതാളികരും മാധ്യമങ്ങളും ചേര്‍ന്ന് പടച്ചുകൂട്ടുന്നത്.  ബീഹാറിലെങ്ങാനും ചെന്നാല്‍ മഹാസഖ്യത്തിന് വോട്ടുകുറയുമെന്ന് പേടിച്ച് ലാലുവും നിതീഷും കൂടി ആട്ടിപ്പായിച്ചതാണെന്ന് ഒരു കൂട്ടര്‍. അല്ല, അമ്മൂമ്മയെ കാണാന്‍ പോതാണെന്ന് വേറൊരു കൂട്ടര്‍. അവിടെ കൊളറാഡോയില്‍ ആസ്‌പെന്‍ എന്ന സ്ഥലത്ത് ചാര്‍ളി റോസ് എന്നൊരു ടെലിവിഷന്‍ ചര്‍ച്ചക്കാരനുണ്ട്. അങ്ങേര്‍ ഇടയ്ക്കിടെ ലോകനേതാക്കളെവിളിച്ച് ആശയോത്സവം നടത്താറുണ്ട്. അവിടെയാണ് എന്റെ കക്ഷി യഥാര്‍ത്ഥത്തില്‍ പോകാന്‍ ഉദ്ദേശിച്ചത്. 

അപ്പോഴേക്കും ഡിറ്റക്ടീവുകള്‍ ഇറങ്ങി. ചാര്‍ളി റോസിന്റെ ഈയാണ്ടിലെ ഉത്സവം ജൂലായില്‍ കൊടിയിറങ്ങിയെന്നാണ് അവരുടെ റിപ്പോര്‍ട്ട്. ഇത് നേരത്തേ അറിഞ്ഞത് എന്തായാലും നന്നായി യുവറോണര്‍. അവിടെ സ്‌പെഷ്യല്‍ ട്യൂഷന്‍ കിട്ടുമോ എന്നു നോക്കാനുള്ള സാവകാശം കിട്ടി. ചാര്‍ളി റോസിന് സമയമില്ലെങ്കില്‍ ഇവിടെ നിന്ന് സാം പിത്രോദയെ അവിടെ എത്തിച്ച് പയ്യന് ട്യൂഷന്‍ നല്‍കാനുള്ള കരുത്ത് കോണ്‍ഗ്രസിന് ഉണ്ടെന്ന് മറക്കരുത്. ഇന്ത്യക്കാരുടെ വിദേശപ്പണത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ അനുവദിച്ച സമയം തീരാറായിട്ടുണ്ട്. രാഹുലിന്റെ ഈ സന്ദര്‍ശനത്തെ ഇതുമായി ചേര്‍ത്തുകെട്ടുന്ന ഗൂഢാലോചന തിയറിക്കാരും ഇറങ്ങിയിട്ടുണ്ട്. ഹാ, കഷ്ടം! രാജ്യത്തിന് വേണ്ടി അഹോരാത്രം പണിപ്പെടുന്നവരെ ഇങ്ങനെ അപമാനിക്കാമോ, യുവറോണര്‍?
 
എന്തായാലും മോദിയും പരിവാരങ്ങളും ഇന്ത്യന്‍ മാധ്യമപ്പടയുമെല്ലാം അമേരിക്കയിലുള്ളപ്പോള്‍ അവിടെ രഹസ്യസന്ദര്‍ശനം നടത്താനും അദൃശ്യനായി നടക്കാനും തീരുമാനിച്ച എന്റെ കക്ഷിയുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കേണ്ടതല്ലേ യുവറോണര്‍. കണ്ടോ, വിപസനധ്യാനത്തിന്റെ ഒരു ഗുണം! പ്രധാനമന്ത്രിയെ നിഴല്‍പോലെ പിന്തുടരാന്‍ ഇതുപോലെ ഏത് പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടുണ്ട്, യുവറോണര്‍.

ഇനി വേറൊരു തിയറിക്കുകൂടി സാധ്യതയുണ്ട്. ദാസനും വിജയനും മീന്‍ അവിയലുമായി അമേരിക്കക്ക് പോയ കഥ ഓര്‍മയുള്ള മലയാളികളായിരിക്കും ഇതിന്റെ പിന്നിലുണ്ടാവുക. രാഹുല്‍ ഇപ്പോള്‍ സി.ഐ.ഡി. വേഷത്തിലാണ്. മോദിയുടെ വിദേശ പര്യടനത്തെക്കുറിച്ചൊരു രഹസ്യാന്വേഷണം. മോദി മടങ്ങിയെത്തിയാല്‍ അവകാശപ്പെടുന്നതൊക്കെ ഗുണ്ടാണോ അല്ലയോ എന്ന് നേരിട്ട് മനസ്സിലാക്കാനൊരു യാത്ര. കുറ്റിരോമവും കറുത്ത കണ്ണടയും കെജരിവാളിന്റെ മങ്കിക്യാപ്പും ഒക്കെയായി സിലിക്കണ്‍ വാലിയിലൊക്കെ കറങ്ങുന്നുണ്ടാവും ഈ യുവാവ്.  വികാസ് ഖന്ന ചുരുട്ടിക്കൊണ്ടുവന്ന പാതാകയില്‍ മോദിയുടെ ഒപ്പ് കണ്ടത് വെളിച്ചത്തായല്ലോ. അതുപോലെ അമേരിക്കയില്‍ എവിടെയൊക്കെ മോദി ഒപ്പിട്ടുവെന്നതൊക്കെ വൈകാതെ പുറത്തുവരും. 

ഒരു കാര്യം ഉറപ്പിക്കാം. 'ആപ്പിളി'നെ മേക്ക് ഇന്‍ ഇന്ത്യയ്ക്കായി മോദി ക്ഷണിച്ച്  ഇന്ത്യയില്‍ എത്തിക്കും മുമ്പ് രാഹുല്‍ ഇവിടെ കോണ്‍ഗ്രസിനെ ആപ്പിളാക്കും. മണ്ഡലം പ്രസിഡന്റുമാരെയെല്ലാം പരിശീലിപ്പിച്ച് സ്റ്റീവ് ജോബ്‌സ് ആക്കും. കോണ്‍ഗ്രസിന്റെ ചിഹ്നം കൈപ്പത്തിക്ക് പകരം ആരോ കടിച്ചുവെച്ച ആപ്പിളാക്കും. 

എ.ഐ.സി.സി. ഒരു കാര്യം സൂക്ഷിക്കണം. ഈ ഉണ്ണി ഇടയ്ക്കിടെ പുറപ്പെട്ട് പോകുന്നത് രാഹുകാലത്തല്ലെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ ഒരു ധ്യാനത്തിനും രക്ഷിക്കാനായെന്ന് വരില്ല. 

നോട്ട് ദ പോയന്റ്: അഴിമതിക്കാര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ സഹായമോ സംരക്ഷണമോ ഉണ്ടാവില്ലമന്ത്രി രമേശ് ചെന്നിത്തല.
മന്ത്രി മാന്യനായതുകൊണ്ട് ഇതിനൊക്കെ വകുപ്പുള്ള മറ്റ് വകുപ്പുകളെക്കുറിച്ച് പറയുന്നില്ലെന്നേയുള്ളൂ.