യുവറോണര്‍,

യാത്രിയോം കൃപയാ ധ്യാന്‍ ദീജിയെ.. നമ്പര്‍ ഏക് ശൂന്യ് ശൂന്യ് ദോ ...കുമ്പള സെ തിരുവനന്തപുരം ജാനെവാലീ സുധീര്‍ക്രാന്തി എക്‌സ്പ്രസ് ഥോടീ സേ ബാദ് പ്ലാറ്റ്‌ഫോം നമ്പര്‍ ഏക് മെം ആ രഹീ ഹെ... 

ഡിങ് ഡോങ് ഡിങ്...

ജാഥാ നമ്പര്‍ ഏക് ഏക് ദോ തീന്‍...ഉപ്പള സെ തിരുവനന്തപുരം ജാനെവാലീ പിണറായി മിന്നല്‍പ്പിണര്‍ എക്‌സ്പ്രസ് ഥോടീ സേ ബാദ് ...

ഡിങ് ഡോങ് ഡിങ്... 

(ജാഥയേതായാലും സംഭാവന നിര്‍ബന്ധമായതുകൊണ്ട് ജാഥ വൈകിയാലും 'ആനേ കീ സംഭാവന' എന്ന് പറയേണ്ടതില്ല) 

ഇനിയുമുണ്ട് യുവറോണര്‍, ജാഥാവണ്ടികള്‍. ഹൊസങ്കിടിയില്‍ നിന്ന് പുറപ്പെട്ട  കോണിരഥ്, അവിടെനിന്ന് പുറപ്പെടാനിരിക്കുന്ന കാനാ എക്‌സ്പ്രസ്, ഉപ്പളയില്‍ നിന്ന് പുതുതായി ഓടിത്തുടങ്ങിയ കുങ്കുംദേവ്...മറ്റ് വണ്ടികള്‍ക്കൊന്നും പ്ലാറ്റ്‌ഫോമില്‍ ഇടമില്ലാതെ ഇവറ്റകളെല്ലാം കൂകിപ്പായുകയാണ്. 

എത്രയും പെട്ടെന്ന് തിരോന്തരത്ത് എത്തണം. നാട്ടിലെ സിഗ്‌നല്‍ സംവിധാനമെല്ലാം തകരാറിലാക്കിയാണ് ഈ പാച്ചില്‍. പാവം ജനത്തിന് എങ്ങും എത്താനാവുന്നില്ല. രാവിലെയുള്ള പരിപാടിക്ക് പുറപ്പെട്ടാല്‍ വൈകീട്ടാവും. വൈകീട്ടുള്ള പരിപാടിക്കോ അടുത്തദിവസം പുലര്‍ച്ചെയാവും. ജനങ്ങളുടെ വൈകീട്ടുള്ള പരിപാടികള്‍പോലും മുടങ്ങുന്നത് ആലോചിച്ചാല്‍ ഏത് സൂപ്പര്‍താരമാണ് യുവറോണര്‍, കരഞ്ഞുപോകാത്തത്? 

ഇവിടെ ജാനാധിപത്യത്തിന് ഇടവേളയാണ്. ജാഥകളാണ് ഇപ്പോള്‍ നാടുഭരിക്കുന്നത്. ഇതാണ് ജാഥാധിപത്യം. ജനങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നവരെന്ന് സദാ അവകാശപ്പെടുന്ന നേതാക്കള്‍ ജനങ്ങളില്‍ നിന്ന് പണക്കിഴികള്‍ പിഴിഞ്ഞ് പ്രത്യുപകാരമായി ജനത്തിന്റെ തന്നെ വഴിമുടക്കുന്ന അഭ്യാസം. ഇതിന് ജനരക്ഷയെന്നോ നവകേരളമെന്നോ വിയമോചനമെന്നോ എന്തുപേരിലും വിളിക്കാം. തളം, ധാര, ശിരോവസ്തി എന്നിങ്ങനെ പല പേരിലാണെങ്കിലും ചികിത്സ തലയ്ക്കാണല്ലോ. അതുപോലെ ജാഥ ഏതായാലും നേതാവ് നന്നായാല്‍ മതി എന്നതാണ് യുവറോണര്‍, ഇപ്പോഴത്തെ പ്രമാണം.
 
പൂരത്തിന് വെടിക്കെട്ട് ഉണ്ടാക്കുമ്പോലെ, ജാഥയ്ക്ക് പൊട്ടുന്ന അമിട്ടുകളും രഹസ്യമായിരിക്കും. ജാഥ തുടങ്ങുമ്പോല്‍ നാടിന്റെ നാനാഭാഗത്തുനിന്ന് അമിട്ടുകളും മത്താപ്പുകളും പൊട്ടും. ലാവ്‌ലിന്‍ അമിട്ട് പൊട്ടിച്ച് കുമ്പള ജാഥക്കാര്‍ ഉപ്പള ജാഥക്കാരെ വിരട്ടിക്കളഞ്ഞില്ലേ? ആരെങ്കിലും പ്രതീക്ഷിച്ചതാണോ. ഉപ്പളയില്‍ നിന്ന് പുറപ്പെട്ട കാവി ജാഥ അതോ സ്റ്റാര്‍ട്ടിങ് പോയന്റില്‍ നിന്ന് തുടങ്ങിയ ചുവപ്പന്‍ ജാഥക്കാരെ കതിരൂര്‍ അമിട്ട് പൊട്ടിച്ചും വിരട്ടി. സുധീര്‍കാന്തി ജാഥ തുടങ്ങിയപ്പോള്‍ അമിട്ടുകളൊന്നും പൊട്ടിയില്ല. മല്ലപ്പള്ളിയില്‍ നിന്ന് കേട്ട ഒരു കുഴിവെടി മാത്രമായിരുന്നു ഈ ജാഥയുടെ ഏക ആകര്‍ഷണം. 

സംസ്ഥാനഭരണമുണ്ടെങ്കില്‍ വിജിലന്‍സ് കൊമ്പനെ ജാഥയില്‍ എഴുന്നള്ളിക്കാം. കേന്ദ്രഭരണമുണ്ടെങ്കില്‍ സി.ബി.ഐ. കൊമ്പനെ വാടകയില്ലാതെ കിട്ടും. ഒരു ഭരണവും കൈയിലില്ലാത്തവരെ ഈ രണ്ടുകൊമ്പന്‍മാരെക്കൊണ്ട് വിരട്ടിയേടിക്കാം. അവര് ഒറ്റയാന്‍മാരെക്കണ്ട് പാട്ടകൊട്ടും. തേരാപ്പാരാ ജാമ്യഹര്‍ജിയുമായി ഓടും. സി.ബി.ഐ ആനയെക്കണ്ടാല്‍ പനിപിടിക്കുന്ന അര്‍ജുനനന്‍മാരും ശ്രീകൃഷ്ണന്‍മാരുമൊക്കെയാണ് ഇപ്പോഴുള്ളത്. നല്ല  കാലത്ത് ആശുപത്രി നാലഞ്ച് കെട്ടിയിട്ടത് ഭാഗ്യമായി. ആനെയെക്കണ്ടാല്‍ ഓടിക്കേറാന്‍ ഇടമുണ്ടല്ലോ. 

ആളെക്കാല്ലുന്ന കാര്യത്തില്‍ ചുവപ്പന്‍മാരും കാവിക്കാരും ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പിലെത്തും എന്നുവിചാരിച്ച നമ്മള്‍ എത്ര മണ്ടന്‍മാര്‍. അഥവാ, ചര്‍ച്ചയ്‌ക്കെങ്ങാനും തയ്യാറായിരുന്നെങ്കില്‍ ചുവപ്പന്‍മാരെ അവിടെവെച്ച് സി.ബി.ഐ യെക്കൊണ്ട് പിടിപ്പിച്ചേനെ. ഒരുമിച്ച് തല്ലിയും കൊന്നും നടന്നവര്‍ കേന്ദ്രഭരണം കിട്ടിയതോടെ മറ്റേ കൂട്ടരോട് കൊടിയ വഞ്ചനയാണ് കാണിക്കുന്നതെന്ന് പറയാതിരിക്കാന്‍ ആവുന്നില്ല. 

ഇനി അപ്പന് ബുദ്ധിയുണ്ടെങ്കില്‍ ജാഥ നടത്താതെ, ഉദ്ദേശിച്ച ഫലം കിട്ടും. ഉപവാസം പ്രഖ്യാപിച്ച് ഒരു പാലമിട്ടാല്‍ മതി. കോട്ടയത്ത് മാണിക്കുഞ്ഞ് മൂന്ന് ദിവസം ഉപവാസം കിടന്നപ്പോള്‍ മുപ്പതാണ്ടായി നടക്കാത്ത കാര്യം നടന്നു. മാണിക്കുഞ്ഞിന്റെ ആരോഗ്യം കണക്കിലെടുത്ത് റബറിന്റെ ഇറക്കുമതി കേന്ദ്രം കപ്പലുവഴി മാത്രമാക്കി. നാലഞ്ചുവര്‍ഷമായി താഴേക്ക് വലിയുന്ന റബറിന്റെ വില പിടിച്ചുനിര്‍ത്താന്‍ ഇപ്പോഴാണ് ഉപവാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടത്. യുവറോണര്‍, റബറുകൊണ്ട് താമരയുണ്ടാക്കാനുള്ള ഒരു സംയുക്ത സംരംഭത്തെപ്പറ്റിയുള്ള ആലോചന തുടങ്ങിക്കഴിഞ്ഞെന്നാണ് കേള്‍വി. 

ഈ ജാഥകള്‍കൊണ്ട് വേറെയുമുണ്ട് ഉപകാരങ്ങള്‍. ജാഥയുടെ ആരവത്തില്‍ ആളുകള്‍ ചിലതൊക്കെ കാണാതെപോവും. ആ സോളാര്‍ കമ്മീഷനുമുന്നില്‍ നടക്കുന്ന കുമ്പസാരങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നില്ല. സരിതയെക്കാണാന്‍ ആയുധധാരികള്‍ വന്നെന്ന് ജയില്‍ മേധാവി. അയ്യോ ഞാനത് അറിഞ്ഞില്ലെന്ന പോലീസിന്റെ മൊത്ത മേധാവി. സരിതാവിളികളുടെ രേഖള്‍ മുഴുവന്‍ കോപ്പിയടിക്ക് പിടിച്ച ഐ.ജി. നശിപ്പിച്ചെന്ന് പോലീസ് മേധാവി. എന്നിട്ടും ഐ.ജി ഇപ്പോഴും സര്‍വീസിലുണ്ടെങ്കില്‍ അതാരുടെ കഴിവാണോ എന്തോ? ക്ലിഫ്ഹൗസില്‍ നിന്ന് സരിതയെ വിളിച്ചെന്ന് സലീംരാജ്. ഇവരുടെയൊക്കെ സംഘനൃത്തം സെക്രട്ടറിയേറ്റില്‍ നടന്നെന്ന് സഹപോലീസ് മേധാവി. ഒന്നും മാധ്യമസൃഷ്ടിയല്ലെന്ന് ബോധ്യപ്പെട്ടിട്ടും പ്രതിപക്ഷത്തിനുപോലും ഞെട്ടലില്ല. ജാഥയ്ക്ക് ഡീസല്‍ അടിക്കുന്നതില്‍ മാത്രമാണ് യുവറോണര്‍, എല്ലാരുടെയും ശ്രദ്ധ. 

സംസ്ഥാനത്ത് ജാഥാധിപത്യമാണെങ്കില്‍ ദേശീയതലത്തില്‍ സര്‍വാധിപത്യം തുടരുകയാണ് യുവറോണര്‍...വാണിജ്യമേളകളില്‍ ഒരു സ്ഥിരം ഐറ്റം കാണാറുണ്ട്. ഒരാള്‍ മസ്സില് പടിച്ചുനില്‍ക്കും. ഇതിയാനെ ചിരിപ്പിക്കുന്നവര്‍ക്ക് സമ്മാനം. സമ്മാനക്കൊതിയന്‍മാരും കൊതിച്ചികളും ഇയാളുടെ മുന്നില്‍ കാണിക്കാത്ത കോപ്രായമെന്നും കാണില്ല. ചിരിച്ചാല്‍ അന്നം മുട്ടും എന്നതിനാല്‍ ആ പാവം ചിരിക്കാതെ നില്‍ക്കും. അതുപോലെയാണ് യുവറോണര്‍ നമ്മുടെ പ്രധാനമന്ത്രി സെല്‍ഫിശ്രീ മോദി മഹാരാജ് അവര്‍കള്‍. നാട്ടുകാര്‍ എത്ര മുറവിളികൂട്ടിയാലും പ്രതികരിക്കില്ല. ഇനി അഥവാ പ്രതികരിച്ചാലോ, മേള കഴിഞ്ഞെന്ന് ഉറപ്പുവരുത്തിയിട്ടേ അതുണ്ടാവൂ. ഇദ്ദേഹം സഹിഷ്ണുത കാട്ടണമെന്ന് എല്ലാര്‍ക്കും വാശി. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന് രാഷ്ട്രീയാന്നം മുട്ടുമെന്ന കാര്യം ഈ മുറവിളിക്കാരൊക്കെ മറന്നുപോവുന്നു. 

നോട്ട് ദ പോയന്റ്: എന്‍.സി.പിയും കേരളയാത്ര നടത്തുന്നു

ഒരു ട്രെയിനില്‍ക്കേറി ഇങ്ങ് പോന്നാല്‍പ്പോരേ?