യുവറോണര്‍, 

പാര്‍ലമെന്റില്‍ ഭരണഘടനാചര്‍ച്ച നടന്ന ദിവസങ്ങളില്‍ വല്ലാത്ത ടെന്‍ഷനിലായിരുന്നു. ഈ ഭരണഘടനയൊക്കെ മാറ്റി കാര്യങ്ങളെല്ലാം രാമന്റെയും സീതയുടെയും കാലത്തെപ്പോലെ ആയിക്കോട്ടെ എന്നു വല്ലതും തീരുമാനിച്ചുകളയുമോ എന്നു വിചാരിച്ചുള്ള ആശങ്ക. ത്രേതായുഗത്തിലേക്ക് തിരിച്ചുപോവുന്നതിന്റെ പരിസ്ഥിതി സൗഹാര്‍ദവും വിനോദസഞ്ചാര സാധ്യതകളും മനസ്സിലാകാഞ്ഞിട്ടല്ല. എന്നാലും പുഷ്പകവിമാനത്തിന്റെ സുരക്ഷയെപ്പറ്റി ആലോചിക്കുമ്പോള്‍ ഒരുപേടി. 

ഭരണഘടനാചര്‍ച്ചയില്‍ രാജ്‌നാഥ്ജിയുടെ വര്‍ത്തമാനം കേട്ടപ്പോള്‍ സെക്യുലര്‍, സോഷ്യലിസ്റ്റ് തുടങ്ങിയ അനാവശ്യ വാക്കുകള്‍ മാറ്റി മിനിമം  എഡിറ്റിങിനെങ്കിലും പ്ലാനുണ്ടെന്ന് തോന്നി. അതും ഉണ്ടായില്ല. ഭരണഘടന മാറ്റുകയേയില്ലെന്ന മോദിജിയുടെ  പ്രഖ്യാപനം വന്നതോടയാണ് യുവറോണര്‍, ആശ്വാസമായത്. മാത്രമല്ല, അദ്ദേഹം വസുധൈവ കുടുംബകം, സത്യമേവ ജയതേ, അഹിംസാ പരമോധര്‍മ എന്നിവ ചേര്‍ത്ത മുക്കൂട്ടിട്ട് 65 വയസ്സുള്ള ഭരണഘടനയെ ഒന്നുകൂടി ഉഴിഞ്ഞ് ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ഭരണഘടനയില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്തു. അതിലില്ലാത്തതിനാല്‍ അസഹിഷ്ണുത എന്ന വാക്കുപോലും ഉച്ചരിച്ചില്ല. നന്ദി, പ്രധാനമന്ത്രിജീ നന്ദി.. 

യുവറോണര്‍...ഇങ്ങനെ അസമയത്തൊരു നിര്‍ബന്ധിത ചികിത്സയ്ക്ക്  ഈ ഭരണഘടനയക്ക് എന്തെങ്കിലും പറ്റിയോ? കഴിഞ്ഞ പത്തറുപത്തഞ്ച് വര്‍ഷമായി ഭാരതത്തിന്റെ ഭരണഘടനയെപ്പറ്റിയോ, അതിനോടുള്ള പ്രതിബദ്ധതയെപ്പറ്റിയോ ഇന്നാട്ടില്‍ ആര്‍ക്കും സംശയം തോന്നിയിട്ടില്ല. ഇന്ദിരാഗാന്ധിക്ക് ഇടയ്ക്കുണ്ടായ വിഭ്രാന്തി ഒഴികെ ഭരണഘടനോയോട് ആരും അനാദരവും കാട്ടിയിട്ടില്ല. എന്നിട്ടുമെന്തേ ഇപ്പോഴിങ്ങനെയൊരു ചര്‍ച്ച? 

തപ്പിയാല്‍ തൂവല്‍ തലയില്‍ത്തന്നെ കാണും. വെറും പയ്യനായ ആമിര്‍ഖാനെ അടിക്കാന്‍ മഹാനായ അംബേദ്കറെ ചാരണോ? ഇങ്ങനെ വേണമല്ലോ അംബേദ്കറെ ആദരിക്കാന്‍! ഒരു ബോളിവുഡ് സൂപ്പര്‍സ്റ്റാറിനോടൊപ്പം ചേര്‍ത്ത് ചര്‍ച്ച ചെയ്യപ്പെടാനുള്ള മഹാഭാഗ്യം മരണാന്തരമെങ്കിലും ഭരണഘടനാ ശില്‍പ്പിയായ അംബേദ്കര്‍ക്ക് കിട്ടിയല്ലോ! 

അംബേദ്കറും ആമിറുമൊന്നുമല്ല യുവറോണര്‍, കാര്യം. ഇത് വരാനിരിക്കുന്ന വന്‍ ചികിത്സക്കുള്ള കൂട്ടൊരുക്കാണെന്ന് ആര്‍ക്കാണ് അറിയാത്തത്. 

ആമീര്‍ഖാന്റെ വര്‍ത്തമാനം മുഴുവന്‍ പേര്‍ത്തും പേര്‍ത്തും വായിച്ചു, യുവറോണര്‍. അതിലെങ്ങും താനിതാ നാടുവിടാന്‍ പോകുന്നുവെന്ന് സൂപ്പര്‍സ്റ്റാര്‍ പറയുന്നതായി കണ്ടില്ല. നാടിങ്ങനെ പോയാല്‍ നമുക്കിവിടെ ജീവിക്കാന്‍ പറ്റുമോ എന്നൊരു ആശങ്ക തന്റെ പ്രിയതമ പങ്കുവെച്ച കാര്യം മാത്രമേ അദ്ദേഹം പറഞ്ഞതായി കണ്ടുള്ളൂ. സ്വച്ഛഭാരതത്തിന്റെ ബ്രാന്‍ഡ് അംബാസിഡറുടെ ഭാര്യയ്ക്ക് നാട്ടില്‍ സ്വച്ഛത കാംക്ഷിക്കാന്‍ അനുവാദമില്ലെന്ന് വരുന്നത് കഷ്ടമല്ലേ, യുവറോണര്‍? 

ആമീര്‍ഖാന്‍ അംബേദ്കറെക്കണ്ട് പഠിക്കണമെന്ന് പ്രധാനമന്ത്രിയൊക്കെ ഭംഗ്യന്തരേണ ഉപദേശിക്കുന്നത് കേട്ടാല്‍, എന്തെങ്കിലും ഒരു യുക്തി വേണ്ടേ? ഒട്ടേറെ അപമാനങ്ങള്‍ ഉണ്ടായിട്ടും അംബേദ്കര്‍ നാടുവിട്ടില്ലാപോലും. അംബേദ്കറെ ആരാണ് യുവറോണര്‍ അപമാനിച്ചത്. അതുമാത്രം ഇവര്‍ പറയുന്നില്ലല്ലോ. ഹിന്ദുമതത്തിന്റെ ദുരാചാരങ്ങളോട് പൊരുതി മടുത്ത അംബേദ്കര്‍ ആ മതംവിട്ട് ബുദ്ധമതത്തില്‍ ചേര്‍ന്നത് രഹസ്യമൊന്നുമല്ല. ഇതില്‍പ്പരം വേറൊരു പലായനമുണ്ടോ? പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കാന്‍ പുതിയ ചരിത്രമെഴുതന്നവര്‍ ഇന്നാട്ടില്‍ പള്ളിക്കൂടത്തില്‍ പോയിട്ടുള്ളവരും അമര്‍ ചിത്രകഥ വായിച്ചിട്ടുള്ളവരും ഒരുപാടുണ്ട് എന്ന കാര്യം മറന്നുപോകരുത്. 

യുവറോണര്‍, ഈ പാകിസ്ഥാന്‍ എന്നൊരു രാഷ്ട്രമുണ്ടായത് എത്ര നന്നായി. വിഭജനത്തിനെ അനുകൂലിച്ചുവെന്ന കാരണവുംകൂടി പറഞ്ഞ് ഗാന്ധിജിയെ ഗോഡ്‌സെ വെടിവെച്ചുകൊന്നതും വെറുതെയായി. അതുള്ളതുകൊണ്ട് സംഘഭരണത്തെ വിമര്‍ശിക്കുന്നവരെ അങ്ങോട്ട് ആട്ടിയോടിക്കണമെന്ന് കൊതിക്കുകയെങ്കിലും ചെയ്യാം. അല്ലെങ്കില്‍ ഈ അസിഹുഷ്ണ ആത്മാക്കള്‍ വല്ലാതെ വലഞ്ഞുപോയേനെ. ഇന്ത്യയിലെ അസഹിഷ്ണുക്കളുടെയല്ലാം മനസ്സിലൊരു പാകിസ്ഥാനുണ്ട് യുവറോണര്‍...ഇടയ്ക്കിടയക്ക് അത് തലപൊക്കും. അതുപോലെ ഇന്ത്യയെയും ആക്കിത്തീര്‍ക്കണമെന്ന് മാത്രമാണ് ഇവരുടെ ആഗ്രഹം. ഇവരുടെ വാഗ്ദത്ത ഭൂമിയാണത്.  

ഒരു പരിഹാരമുണ്ട് യുവറോണര്‍. ആമീര്‍ഖാനെ ആട്ടിയോടിക്കാന്‍ നടക്കുന്ന ധര്‍മനിരപേക്ഷ സൈനികരും മദ്രസയെക്കുറിച്ച് മിണ്ടിയാല്‍ തല്ലിക്കൊല്ലാന്‍ നടക്കുന്ന മൊല്ലാക്കമാരും അന്തിക്രിസ്തുവിനെ എഴുന്നള്ളിക്കാന്‍ മത്സരിക്കുന്ന പാതിരിമാരും എല്ലാം ചേര്‍ന്ന് ഒരു റിപ്പബ്ലിക് ഉണ്ടാക്കുക. 'റിപ്പബ്ലിക് ഓഫ് ഇന്റോളറന്‍സ്' എന്ന് അതിന് പേരിടുക. അനാവശ്യവാക്കുകളൊന്നും ഇല്ലാതെ വളരെ ശ്രദ്ധയോടെ അതിനൊരു ഭരണഘടന തയ്യാറാക്കുക. എന്നിട്ട് തമ്മില്‍ത്തല്ലുകയോ, തലതല്ലി ചാകുകയോ എന്താണെന്നുവെച്ചാല്‍ ചെയ്യുക. 

ഇവിടെ ജീവിക്കുന്ന മനുഷ്യരെ ഇന്ത്യന്‍ റിപ്പബ്ലിക്കിലേക്ക് നാടുകടത്തുക. അവര്‍ അവിടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെപ്പോലെ ഓടയില്‍ വീണ മനുഷ്യരെ രക്ഷിക്കാന്‍ ജാതിചോദിക്കാതെ എടുത്തുചാടി മരിക്കുകയോ, ബറേലിയിലെ മുസ്ലീം യുവാക്കളെപ്പോലെ, ടിക്കറ്റെടുക്കാതെ യാത്രചെയ്തതിന് ജയിലില്‍ക്കിടക്കുന്ന 15 ഹിന്ദുക്കളെ പിഴയടച്ച് മോചിപ്പിക്കാന്‍ പണംപിരിക്കുകയോ, എന്താന്നുവെച്ചാല്‍ അവര്‍ക്കിഷ്ടമുള്ളത് ചെയ്‌തോട്ടെ. നിങ്ങളുടെ റിപ്പബ്ലിക്കില്‍ ഇല്ലാത്തവരുടെ നെഞ്ചത്ത് കേറരുത്. 

നോട്ട് ദ പോയന്റ്: കേരളത്തെ ദൈവമില്ലാത്ത നാട് എന്നാക്ഷേപിച്ച് ആര്‍.എസ്.എസ് മുഖപത്രത്തില്‍ വന്ന ലേഖനത്തിന് ആഴ്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി അയച്ചു. 

അതിവേഗം ബഹുദൂരം!