ഹുമാനപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരേ, നിങ്ങൾ ധിക്കാരവും അഹന്തയും കാണിക്കരുത്- സുപ്രീം കോടതി കർശനമായി താക്കീത് നൽകി.

യു.പിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയാണ് കോടതി വിമർശിച്ചത്. അവരെ പിന്തുണച്ചുകൊണ്ട് സർക്കാർ നൽകിയ അപ്പീൽ കോടതി തള്ളിക്കളഞ്ഞു. 'ഉദ്യോഗസ്ഥർ നീതിപൂർവമായി പെരുമാറണമെന്ന് കോടതി കൽപിച്ചു. യുപിയിലെ താഴെക്കിടയിലുള്ള സർക്കാർ ജീവനക്കാരുടെ സർവീസ് കാര്യത്തിൽ അലഹബാദ് ഹൈക്കോടതി അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാൽ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് അത് രുചിച്ചില്ല. അതിനാൽ ഉത്തരവ് നടപ്പിലാക്കിയില്ല. ഇതേത്തുടർന്ന് കോടതിയലക്ഷ്യ കേസ് ഉണ്ടായി. ഉത്തരവ് നടപ്പാക്കാൻ തടസ്സം നിന്ന ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറണ്ട് ഹൈക്കോടതി പുറപ്പെടുവിച്ചു. അതിനെതിരെയാണ് യു.പി.സർക്കാർ അപ്പീൽ നൽകിയത്.

സുപ്രീം കോടതി കേസ് സൂക്ഷ്മമായി പരിശോധിച്ചു. ഈ ഉദ്യോഗസ്ഥർക്ക് നിയമവാഴ്ചയോടും ഹൈക്കോടതിയോടും പുല്ലുവിലയാണ്. അവർ ധിക്കാരികളാണ്. സെക്രട്ടേറിയറ്റിലെ കസേരയിൽ ഇരുന്നാൽ ഏത് കീഴ്ജീവനക്കാരനെയും ചവിട്ടി മെതിക്കാമെന്ന് കരുതുന്നവരാണ്. ഇത്ര ധിക്കാരം വേണ്ടെന്ന് സുപ്രീം കോടതി താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.

ജാമ്യമില്ലാത്ത വാറണ്ട് പുറപ്പെടുവിച്ച ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഉദ്യോഗസ്ഥ ധിക്കാരത്തിനും അഹന്തക്കും ഇവിടെ സ്ഥാനമില്ല. ഹൈക്കോടതി ഉത്തരവ് തട്ടിയകറ്റാനുള്ളതല്ല. നിയമവാഴ്ച്ചയെ ഉദ്യോഗസ്ഥൻ ബഹുമാനിച്ചേ പറ്റൂ - സുപ്രീം കോടതി പറഞ്ഞു.

യു.പിയിൽ അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് കോടതിയുടെ താക്കീതിന് വിധേയരായത്. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ സുപ്രീം കോടതി ആജ്ഞാപിച്ചു.

Content Highlights: You cannot be arrogant, You cannot violate  law- Supreme Court warns UP Government