രു ഫാക്ടറിയില്‍ സേഫ്റ്റി ഓഫീസറുടെ തസ്തികയില്‍ ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്കും യോഗ്യതയുണ്ട്. ഹൈക്കോടതി വിധിച്ചു. തൊഴിലെടുക്കാന്‍ പൂര്‍ണ വിദ്യാഭ്യാസയോഗ്യതയുള്ള സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസ് അനു ശിവരാമന്‍ ഗവണ്‍മെന്റിനെ ഓര്‍മ്മിപ്പിച്ചു.

എഞ്ചിനീയറിങ് ബിരുദമുള്ള ട്രീസ ജോസഫൈന്‍ എന്ന യുവതിക്ക് കേരള മെറ്റല്‍സ് ആന്റ് മിനറല്‍സില്‍ സേഫ്റ്റി ഓഫീസര്‍ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള അപേക്ഷ പരിഗണിച്ച് വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഫാക്ടറീസ് നിയമനം അനുസരിച്ച് രാത്രി ഡ്യൂട്ടിക്ക് സ്ത്രീകളെ നിയോഗിക്കാത്തതാണ് നിയമനത്തിന് തടസ്സമായി നിന്നത്. അതിനാല്‍ പുരുഷന്മാരായ അപേക്ഷകരുടെ അപേക്ഷ മാത്രമാണ് പരിഗണിച്ചത്. ഇതിനെ തുടര്‍ന്നാണ് ജോസഫൈന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പുരുഷന്മാര്‍ക്ക് മാത്രമേ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാവൂ എന്ന വ്യവസ്ഥ ഭരണഘടനയെ ലംഘിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. അതിനാല്‍ ഈ ആധുനിക കാലഘട്ടത്തില്‍ പ്രസ്തുത വ്യവസ്ഥ നിയമവിരുദ്ധമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള കാലമാണിതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. യോഗ്യതയുള്ള സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

Content Highlights: Women are also capable to work as safety officer- Kerala High Court