'ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരു തൂപ്പുകാരനെ എന്തിന് ദ്രോഹിക്കുന്നു? സുപ്രീം കോടതിയിൽ കേസ് നടത്താൻ ലക്ഷക്കണക്കിന് രൂപ വേണം. ഒരു തൂപ്പുകാരന് എവിടെ നിന്നാണ് പണം?' സുപ്രീം കോടതി തമിഴ്‌നാട് സർക്കാറിനോട് ഈ ചോദ്യം ചോദിച്ചു.

ബോഡിനായ്ക്കന്നൂർ മുൻസിപ്പാലിറ്റിയിലെ ഒരു തൂപ്പുകാരൻ സർവീസ് സംബന്ധിച്ച ഒരു കേസ് ജയിച്ചു. അദ്ദേഹത്തിന് അനുകൂലമായി ചെന്നൈ ഹൈക്കോടതി വിധിച്ചതിന് എതിരെയാണ് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

ഇത്തരം കാര്യങ്ങളിൽ പ്രത്യേകിച്ച് ഒരു തൂപ്പുകാരന്റെ സർവീസ് കേസിൽ അപ്പീലുമായി സർക്കാർ വരുന്നത് നിർഭാഗ്യകരമാണെന്ന് സുപ്രീം കോടതി പറഞ്ഞു. അതൊക്കെ അനുവദിച്ചുകൊടുക്കാം. കാരണം ഒരു തൂപ്പുകാരന്റെ കേസാണിത്. ചെറിയ ശമ്പളം വാങ്ങി ജീവിക്കുന്നയാൾ മാത്രമല്ല കോടതിയിൽ കേസ് നടത്താൻ തൂപ്പുകാരന് പണമുണ്ടോ? സുപ്രീം കോടതി തിരക്കി.

തമിഴ്‌നാട് സർക്കാർ എന്തിനാണ് ഈ തൂപ്പുകാരനെ കോടതിയിലേക്ക് വലിച്ചിഴക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ഏതായാലും തൂപ്പുകാരൻ എതിർകക്ഷിയായതിനാൽ കേസ് വാദിക്കാൻ വക്കീലിനെ ഏർപ്പെടുത്തണം.

കോടതി ചെലവിലേക്കായി സർക്കാർ അരലക്ഷം രൂപ കെട്ടിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ആ തുക തൂപ്പുകാരനായ സുരുളിക്ക് കോടതി കൈമാറും.

സുപ്രീം കോടതിയിൽ കേസ് നടത്താൻ വലിയ തുക വക്കീലിന് കൊടുക്കേണ്ടിവരുമെന്ന് സർക്കാറിന് അറിയാമല്ലോ? സുപ്രീം കോടതി പ്രതികരിച്ചു. എന്തിന് പാവപ്പെട്ട സർക്കാർ ജീവനക്കാരെ വലയ്ക്കുന്നുവെന്നാണ് കോടതി ചോദിച്ചത്.

ഹൈക്കോടതി വിധി നടപ്പിലാക്കിയാൽ പലർക്കും ആനുകൂല്യം നൽകേണ്ടിവരുമെന്ന് സർക്കാർ ഉന്നയിച്ചപ്പോൾ സുപ്രീം കോടതി അതിനോട് പ്രതികരിച്ചതേയില്ല.

Content Highlights: Why hurt a poor sweeper? The Supreme Court asks