സ്‌കൂളിന് സമീപം ബാർ ഹോട്ടൽ പ്രവർത്തിക്കുന്നത് വിദ്യാർത്ഥികളുടെ മനസ്സിനെ കളങ്കപ്പെടുത്തുമെന്ന് കരുതേണ്ടെന്ന് മുംബൈ ഹൈക്കോടതി അഭിപ്രായപ്പെട്ടു. സർക്കാർ നിശ്ചയിച്ചിട്ടുള്ള ദൂരപരിധിക്ക് പുറത്താണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അതിനാൽ ചട്ടം ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനമായി കണക്കാക്കാനും കഴിയില്ല. കോടതി പറഞ്ഞു.

പൂനെയിലുള്ള ഒരു ബാർ ഹോട്ടലിനെതിരെയാണ് രണ്ട് സാമൂഹിക പ്രവർത്തകർ ഹൈക്കോടതിയിൽ കേസ് കൊടുത്തത്. മറ്റൊരു ബാർ ഹോട്ടൽ സ്‌കൂളിന് സമീപം പത്ത് വർഷത്തിലധികമായി പ്രവർത്തിക്കുന്നു. അതിന് എതിരെ ഹർജിക്കാർക്ക് പരാതിയില്ലാത്തതും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബാർ ഹോട്ടൽ ഉള്ളത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയതായി തെളിവില്ല. ക്രമസമാധാനപ്രശ്നവും ഇല്ല. ഒരു പോലീസ് കേസുപോലും ഇതുവരെ ഉണ്ടായിട്ടില്ല. ഹോട്ടൽ പരിസരം സമാധാനപരമായി നിലകൊള്ളുന്നു. 

ബാർ ഹോട്ടൽ വിദ്യാർത്ഥി മനസുകളെ പ്രതികൂലമായി സ്വാധീനിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. അങ്ങനെയുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ല. എന്തെങ്കിലും പ്രതികൂല സാഹചര്യങ്ങൾ തെളിയിക്കപ്പെടാത്തത് കൊണ്ടാണ് ബാർ ഹോട്ടലിന്റെ പ്രവർത്തനത്തിൽ ഇടപെടാത്തതെന്നും ഹൈക്കോടതി പറഞ്ഞു.

വിദ്യാർത്ഥി സമൂഹത്തെ ദിശാബോധത്തോടെ രൂപപ്പെടുത്തുകയാണ് പുതിയ അധ്യയനരീതികൾ. ഏതു വെല്ലുവിളിയെയും നേരിടാൻ അവർക്ക് കരുത്ത് നൽകുകയാണ് പുതിയ വിദ്യാഭ്യാസരീതികൾ. അതിനാൽ ബാർ ഹോട്ടൽ സ്‌കൂളിന് സമീപമുള്ളത് വിദ്യാർത്ഥി മനസുകളെ ദൂഷിതമാക്കില്ലെന്ന് കോടതി പറഞ്ഞു.

Content Highlights: Why apprehensions about a  bar hotel near school?  Asks  Bombay High Court