പുണ്യനദിയായ യമുനയിലേക്ക് മാലിന്യം തള്ളിവിട്ട ഒരു കച്ചവടക്കാരന് കോടതി രണ്ട് വര്‍ഷം തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ചു. തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. ഡല്‍ഹിയില്‍ മധുരപലഹാരങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്തുവരുന്ന വി.കെ. ബന്‍സാലിനാണ് കോടതിയുടെ കര്‍ശന നടപടി നേരിടേണ്ടിവന്നത്.

നദികള്‍ ജീവന്റെ സ്രോതസ്സുകളാണ്. അവയ്ക്ക് സാംസ്‌കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്. മനുഷ്യസംസ്‌കാരങ്ങള്‍ തന്നെ പിറവിയെടുതത്ത് നദീതടങ്ങളിലാണെന്ന് വിധിയില്‍ ഡല്‍ഹി പ്രത്യേക കോടതി ഓര്‍മ്മിപ്പിച്ചു. നദികളും ജലസ്രോതസ്സുകളും സംരക്ഷിക്കാന്‍ ഓരോ പൗരനും ഭരണഘടനാപരമായ ബാധ്യതയുണ്ട്. കാലാകാലങ്ങളിലായി പൗരന്മാരെയും സമൂഹത്തെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് എത്രയോ വിധികള്‍ സുപ്രീം കോടതി എഴുതിയിട്ടുണ്ട്. അതിന്റെ മൂല്യങ്ങള്‍ പാടേ കീഴ്മേല്‍മറിച്ചുകൊണ്ടാണ് നമ്മുടെ നാട്ടിലെ വ്യവസായ സ്ഥാപനങ്ങളും ചെറുകിട കച്ചവടക്കാരും പ്രവര്‍ത്തിക്കുന്നതെന്ന് കോടതി പറഞ്ഞു.

ഇവിടെ കുറ്റകൃത്യം ചെയ്തത് ഒരു ചെറുകിട കച്ചവടക്കാരനാണ്. ജല മലിനീകരണം തടയാനുള്ള നടപടികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീകരിച്ചുവരുന്നു. ചെറുകിട വ്യവസായ സ്ഥാപനമായാലും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് മലിനീകരണം നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ഇവിടെ അതൊക്കെ ലംഘിച്ചുകൊണ്ടാണ് മധുരപലഹാര നിര്‍മ്മാണ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ യമുനയിലേക്ക് തള്ളിവിടുന്നത് നിയമലംഘനമാണ്. അത് അനുവദിച്ചുകൂട എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കോടതി വിധി.

യമുനാനദിയെ സംരക്ഷിക്കേണ്ടതാണ്. മലിനപ്പെടുത്താനുള്ളതല്ല. ഇങ്ങനെ നിയമലംഘനം നടത്തുന്നവരെ കുറ്റകൃത്യത്തിന് അനുസൃതമായ രീതിയില്‍ ശിക്ഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. കേസ് വിചാരണ ചെയ്ത മജിസ്ട്രേറ്റ് കോടതി ഒരു ലക്ഷം രൂപ മാത്രമാണ് പ്രതിക്ക് പിഴ വിധിച്ചത്. എന്നാല്‍ പ്രത്യേക കോടതി അത് രണ്ടര ലക്ഷമായി ഉയര്‍ത്തി.

സമൂഹത്തെ സംരക്ഷിക്കാന്‍ മലിനീകരണം സൃഷ്ടിക്കുന്നവരെ ശിക്ഷിച്ചേ തീരൂ. മറ്റുള്ളവര്‍ക്ക് അതൊരു പാഠമാകണമെന്നും കോടതി പറഞ്ഞു.