വൈസ് ചാന്‍സലര്‍ നിയമന കേസില്‍ ഛത്തീസ്ഗഢ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ക്കും ഹൈക്കോടതിയുടെ തിരിച്ചടി. ഈയിടെയാണ് എം.ജി. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍(ഗവര്‍ണ്ണര്‍) നിയമം ലംഘിച്ചുകൊണ്ട് അവിടെ വൈസ് ചാന്‍സലറായി ബാബു സെബാസ്റ്റ്യനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയത്. വി.സി.ക്ക് സ്ഥാനം ഒഴിയേണ്ടിവന്നു. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ക്വോ വാറണ്ടോ ഹര്‍ജി അനുവദിച്ച് വി.സി. നിയമനം കോടതി റദ്ദാക്കിയത്.

ഛത്തീസ്ഗഢ് യൂണിവേഴ്‌സിറ്റിയില്‍ (ഛത്തീസ്ഗഢ് കാമധേനു വിശ്വവിദ്യാലയ) വി.സിയെ തിരഞ്ഞെടുക്കാനുള്ള സര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണം ഛത്തീസ്ഗഢ് ഹൈക്കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. മൂന്ന് പേരുടെ പാനലാണ് കമ്മിറ്റി തയ്യാറാക്കി ചാന്‍സലര്‍ക്ക് നല്‍കിയത്. അതില്‍നിന്ന് അനുയോജ്യനായ വ്യക്തിയെ ചാന്‍സലര്‍ക്ക് വി.സി.യായി നിയമിക്കാം. 

ഈ പാനല്‍ തയ്യാറാക്കിയ നടപടി ഛത്തീസ്ഗഢ് ഹൈക്കോടതി റദ്ദാക്കി. കാരണം മൂന്ന് പേര്‍ ഉള്‍പ്പെട്ട സര്‍ച്ച് കമ്മിറ്റിയില്‍ ഒരംഗമായ ഡോ.മിശ്രയെ യൂണിവേഴ്‌സിറ്റി ചട്ടം നഗ്നമായി ലംഘിച്ചുകൊണ്ടാണ് നിയമിച്ചതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സര്‍ച്ച്് കമ്മിറ്റിയെ നിയമാനുസൃതമായ രീതിയില്‍ ചാന്‍സലര്‍ രൂപീകരിച്ച് വി.സി.യെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചാന്‍സലറെപ്പോലെ ഉന്നതപദവികള്‍ വഹിക്കുന്ന ഒരു വ്യക്തി യൂണിവേഴ്‌സിറ്റി നിയമം ലംഘിച്ചുകൊണ്ട് സര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നീതിക്ക് നിരക്കാത്ത നടപടിയായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ചാന്‍സലറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഡോ. രാജേന്ദ്രകുമാര്‍ അഗര്‍വാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് വി.സി. നിയമന നടപടികള്‍ കോടതി സ്റ്റേ ചെയ്തിരുന്നതാണ്. യൂണിവേഴ്‌സിറ്റി നിയമ പ്രകാരം ഡോ. മിശ്രയ്ക്ക് സര്‍ച്ച് കമ്മിറ്റി അംഗമായിരിക്കാന്‍ യോഗ്യത ഇല്ലെന്നുള്ള ഹര്‍ജിക്കാരന്റെ വാദമാണ് ഹൈക്കോടതി സ്വീകരിച്ചത്.

എം.ജി. യൂണിവേഴ്‌സിറ്റി വി.സി.യായി നിയമിതനായിരുന്ന ഡോ. ബാബു സെബാസ്റ്റ്യന് നിശ്ചിത യോഗ്യത ഇല്ലായിരുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തിയതിനാലാണ് നിയമനം റദ്ദാക്കപ്പെട്ടത്. ഇവിടെയും സര്‍ച്ച് കമ്മിറ്റി രൂപീകരണം നിയമം ലംഘിച്ചതായിരുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ചാന്‍സലറായിരുന്ന ഷീല ദീക്ഷിത് നടത്തിയതായിരുന്നു നിയമനം. പിന്നീട് ചാന്‍സലറായ ജസ്റ്റിസ് പി. സദാശിവം അത് ന്യായീകരിച്ചതാണ് ഹൈക്കോടതി പൂര്‍ണ്ണമായും തള്ളിയത്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹത്തിനും ഹൈക്കോടതിയില്‍നിന്ന് തിരിച്ചടിയാണ് കിട്ടിയത്.