വെറും 40 ഗ്രാം കഞ്ചാവ് എന്ന പറഞ്ഞാല്‍ 40 കിലോ ഗ്രാം അല്ല. കഞ്ചാവ് കൈവശം വെക്കുന്നവരെ നിയമാനുസൃതം നേരിടാമെങ്കിലും അത് പൊതുജനദ്രോഹമാകരുത്. അത്യുത്സാഹം കാണിക്കുന്ന എക്സൈസ് ഇന്‍സ്പെക്ടര്‍ ലഹരിയിലെന്ന പോലെ പെരുമാറരുതെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. 

ഇങ്ങനെ കേസെടുക്കുന്നത് തികഞ്ഞ അധികാര ദുര്‍വിനിയോഗമാകുമെന്ന് പോലീസിനെയും മറ്റ് വകുപ്പുകളെയും ജസ്റ്റിസ് പി. ഉബൈദ് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. മയക്കുമരുന്ന് നിരോധന നിയമം അനുസരിച്ചാണ് കേസെടുത്തത്. 2016 ഡിസംബറില്‍ മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ഒരാളെ പിടികൂടി. പ്രതികളുടെ കയ്യില്‍ 40 ഗ്രാം കഞ്ചാവ് മാത്രമാണ് ഉണ്ടായത്. തുടര്‍ന്ന് പ്രതി ഓടിച്ച ജീപ്പ് കണ്ടുകെട്ടി. ടി.അഹമ്മദ് ബംഗ്രെ എന്ന ജീപ്പ് ഉടമയെ പിന്നീട് പ്രതിയാക്കി.

നിയമം അനുസരിച്ച് ലഹരിമരുന്ന് കൊണ്ടുപോകുന്ന വാഹനം കണ്ടുകെട്ടാമെങ്കിലും അത് അതിര് കടന്ന നടപടിയായിപ്പോയി. വാഹനം ഓടിച്ചയാളുടെ കൈയില്‍ 40 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നുവെന്നുവെച്ച് അത് നിയമപ്രകാരം കഞ്ചാവ് കയറ്റിക്കൊണ്ടുപോയ വാഹനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

40 ഗ്രാമിനെ 40 കിലോഗ്രാമായി എക്സൈസ് ഇന്‍സ്പെക്ടര്‍ കരുതിയത് തികച്ചും അനാവശ്യമായ നടപടിയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. എന്നാല്‍ 40 ഗ്രാം ആണെങ്കിലും അത് കൈയില്‍ വെച്ചയാള്‍ക്ക് എതിരെ കേസ് എടുക്കാം. പക്ഷെ വാഹനം കണ്ടുകെട്ടേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രസ്തുത നടപടി കോടതി റദ്ദാക്കി.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞു. ഇത്തരം നിയമവിരുദ്ധ നടപടികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ തുടര്‍ന്ന് അഹമ്മദ് ബംഗ്രയെ പ്രതിസ്ഥാനത്ത് നിന്ന് നീക്കി.