പോലീസ് സ്റ്റേഷനിലും മോഷണം നടക്കുന്നോ? മദ്രാസ് ഹൈക്കോടതിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. തീക്കട്ടയിൽ ഉറുമ്പ് അരിക്കുന്നു. അതായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.

നാൽപ്പതോളം വിഗ്രഹമോഷണ കേസുകൾ സമീപകാലത്ത് തമിഴ്നാട്ടിൽ നടന്നു. പല കേസുകളിലും പ്രതികളെ പിടികിട്ടിയിട്ടില്ല. തൊണ്ടി പിടിച്ചെടുക്കാനും കഴിയുന്നില്ല. പോലീസിന്റെ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടിയുള്ള ഒരു പൊതുതാത്പര്യകേസാണ് ഹൈക്കോടതി പരിഗണിച്ചത്.

അപ്പോഴാണ് പോലീസ് പറഞ്ഞത്. പതിനാറോളം കേസുകളിലെ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും വിവിധ പോലീസ് സ്റ്റേഷനുകളിൽനിന്ന് മോഷണം പോയിരിക്കുന്നു. കണ്ടെത്താൻ നീണ്ട ശ്രമം നടക്കുന്നു.

മോഷണത്തിന്റെ കഥ കേട്ട് കോടതി ഞെട്ടി. പക്ഷെ, രൂക്ഷമായി പ്രതികരിച്ചില്ല. നിഷ്‌ക്രിയമായ പോലീസിനെയാണ് ഇത് തെളിയിക്കുന്നതെന്ന് കോടതി പറഞ്ഞു. കേസ് വീണ്ടും അടുത്ത ആഴ്ച കേൾക്കും. അന്വേഷണത്തിലെ പാളിച്ചകൾ അപ്പോൾ പരിശോധിക്കാമെന്ന് കോടതി പറഞ്ഞു.

വിഗ്രഹമോഷണം അന്വേഷിക്കാൻ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടും ഇതാണ് സ്ഥിതി എന്ന് കോടതി പറഞ്ഞു. സ്റ്റേഷനിൽനിന്ന് കേസ് ഡയറി എങ്ങനെ മോഷണം പോയി? പോലീസിന് വിശ്വസനീയമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല.

Content Highlights: Theft in police station? Madras High court says it is shocking