വൈദ്യപരിഷോധനക്ക് എത്തിയ രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കരസേന ഡോക്ടറുടേത് പൊറുക്കാനാവാത്ത ഹീന കൃത്യമാണെന്ന് സുപ്രീം കോടതി അതിനിശിതമായി കുറ്റപ്പെടുത്തി. കേണല്‍ എസ്.എസ്. ബേഡിയെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാനുള്ള സൈനിക അധികൃതരുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.
1986-ല്‍ ലഖ്നോ മിലിറ്ററി ആശുപത്രിയിലായിരുന്നു സംഭവം. ഡോക്ടറായ കേണല്‍ ഇരുവരോടും അപമര്യാദയായി പെരുമാറി. പരിശോധനക്കിടയില്‍ കേണല്‍ സ്ത്രീകളുടെ ഗുഹ്യഭാഗം സ്പര്‍ശിച്ചു. ഒരു സ്ത്രീയുടെ മാറിടത്തില്‍ വിരല്‍പ്രയോഗം നടത്തി. ഇതിന്റെ ആവശ്യമില്ലായിരുന്നുവെന്നാണ് അന്വേഷണം നടത്തിയ സൈനിക കോടതിയുടെ അഭിപ്രായം.
അദ്ദേഹത്തെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ സൈനിക നടപടി ഉണ്ടായി. എന്നാല്‍ പിരിച്ചുവിടല്‍ വേണ്ട അര ലക്ഷം രൂപ പിഴ മതിയെന്ന് ഡല്‍ഹി കരസേന ട്രൈബ്യൂണല്‍ വിധിച്ചു. സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാറിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ട് പിരിച്ചുവിടല്‍ സുപ്രീം കോടതി ശരിവച്ചു.
തന്റെ ഔദ്യോഗിക പദവി ഡോക്ടര്‍ ദുരുപയോഗപ്പെടുത്തിയെന്നും അതില്‍ ദയ കാണിക്കേണ്ട ആവശ്യമില്ലെന്നുമാണ് സുപ്രീം കോടതിയുടെ അഭിപ്രായം. ഡോക്ടറില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ടാണ് രോഗികള്‍ എത്തുന്നത്. അങ്ങനെയിരിക്കെ രണ്ട് സ്ത്രീകളെ പരിശോധനാവേളയില്‍ മാനഭംഗപ്പെടുത്തിയത് തെളിഞ്ഞിരിക്കെ കേണലായ ഡോക്ടറെ സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു
Content Highlights: