സ്ത്രീക്ക് ചെലവിനുള്ള തുക കോടതി നല്‍കുമ്പോള്‍ വിവാഹം സംബന്ധിച്ചുള്ള തെളിവ് പൂര്‍ണ്ണമാണോ എന്ന് പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിച്ചു. കോടതിയില്‍ ലഭ്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിവാഹം നടന്നുവെന്നത് ന്യായമായി അനുമാനിക്കാന്‍ കഴിയുമോ എന്ന് കോടതി പരിശോധിച്ചാല്‍ മതി. തെളിവുകള്‍ പൂര്‍ണ്ണമാകണമെന്നില്ലെന്നും സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കര്‍ണാടക സ്വദേശി കമലയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2009-ല്‍ കമലയും മോഹന്‍കുമാറും വിവാഹിതരായി. കുടുംബക്കാര്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നു. രണ്ട് കുട്ടികളും ജനിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സ്ത്രീയുമായി മോഹന്‍കുമാര്‍ ജീവിക്കാന്‍ തുടങ്ങി. കമലയെയും കുട്ടികളെയും അകറ്റിനിര്‍ത്തി.

ചെലവിനുള്ള തുകയ്ക്കായി കമല ഹര്‍ജി നല്‍കിയപ്പോള്‍ പ്രതിമാസം 3000 രൂപ കുടുംബകോടതി അനുവദിച്ചു. എന്നാല്‍ കര്‍ണാടക ഹൈക്കോടതി അത് റദ്ദാക്കി. അതിന് എതിരെ കമല സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
ഹൈക്കോടതി വിധി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

വിവാഹം മോഹന്‍കുമാര്‍ നിഷേധിക്കുകയും കുട്ടികള്‍ തന്റേതല്ലെന്നും ചെലവിനുള്ള തുക നല്‍കണമെങ്കില്‍ നിയമപ്രകാരം ഭാര്യയ്ക്ക് മാത്രമേ അതിന് അവകാശമുള്ളൂവെന്നും ഉന്നയിച്ചു. പക്ഷേ അതിന് തെളിവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സാക്ഷി മൊഴികളും ബന്ധപ്പെട്ട തെളിവുകളും കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് ചെലവിനുള്ള തുക നല്‍കിയ കുടുംബകോടതി വിധി പൂര്‍ണ്ണമായും ന്യായീകരിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് കുടുംബകോടതി വിധി സുപ്രീം കോടതി പുനഃസ്ഥാപിച്ചു.

കുടുംബകോടതിയുടെ ന്യായമായ വിധിയുമായി ഹൈക്കോടതി ഇടപെട്ടത് നിയമവിരുദ്ധമായിപ്പോയെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാഹം സംബന്ധിച്ച് ലഭ്യമായ തെളിവുകള്‍ മതി. അത് പൂര്‍ണ്ണമല്ലെങ്കിലും ന്യായമായി അനുമാനിക്കാന്‍ കഴിഞ്ഞാല്‍ മതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചെലവിനുള്ള തുക കൂട്ടിക്കിട്ടാന്‍ കമലയ്ക്ക് കുടുംബകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.