വിധി കാത്ത് എത്രനാള്‍ ജയിലില്‍ കിടക്കണം? കാത്തിരിപ്പ് ദുരന്തമാണ്. ഒടുവില്‍ വിധി വരുമ്പോള്‍ പ്രതി നിരപരാധിയായിരിക്കും. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ ഈ ദുരന്തപ്രതിഭാസത്തിന് ചരിത്രത്തില്‍ ആദ്യമായി സുപ്രീം കോടതി അറുതി വരുത്തി. ഒരൊറ്റ കേസിലാണെങ്കിലും അതിന് പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.
ബോബി എന്ന പ്രതിക്ക് അലഹബാദ് സെഷന്‍സ് കോടതി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു. 2006 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നു. ഇതിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതുവരെ അപ്പീലില്‍ തീര്‍പ്പായിട്ടില്ല. അതായത് നീണ്ട പതിമൂന്ന് വര്‍ഷങ്ങളായി പ്രതി കാത്തിരിക്കുന്നു.
കേസ് നീണ്ടുപോകുന്നതിനാല്‍ തനിക്ക് താത്കാലിക ജാമ്യം വേണമെന്ന് പ്രതി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. താന്‍ നിരപരാധിയാണെന്നും ശിക്ഷ ഹൈക്കോടതി റദ്ദാക്കുമെന്നുമാണ് പ്രതിയുടെ വിശ്വാസം. പക്ഷെ ഹൈക്കോടതി ജാമ്യം നല്‍കിയില്ല. അതിന് എതിരെ പ്രതി സുപ്രീം കോടതിയില്‍ എത്തി. ജീവപര്യന്തം ശിക്ഷക്ക് എതിരെ പ്രതി നല്‍കിയിട്ടുള്ള അപ്പീലില്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പു കല്‍പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഇല്ലെങ്കില്‍ പുറത്തു വിടാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഈയിടെ സുപ്രീം കോടതിയുടെ മറ്റൊരു ഉത്തരവ് ശ്രദ്ധേയമായി. പത്ത് വര്‍ഷത്തോളം ജയിലില്‍ കിടന്ന പ്രതിയെ നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. അപ്പോള്‍ പ്രതിക്ക് കീഴ്ക്കോടതിയും ഹൈക്കോടതിയും വിധിച്ച ജീവപര്യന്തം ശിക്ഷ കൊടിയ അന്യായമായി മാറി. ഇത്തരത്തില്‍ അനീതി നേരിടേണ്ടി വന്ന നിരവധി പ്രതികള്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്.
ജില്ലാ കോടതി വിധിച്ച ശിക്ഷക്കെതിരെ നല്‍കിയിട്ടുള്ള അപ്പീലുകളില്‍ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കാന്‍ കാലതാമസം വരുത്തുന്നത് നീതി നിഷേധത്തിന് തുല്യമായതിനാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു അടിയന്തര നടപടിവേണമെന്ന് 2017 മാര്‍ച്ചില്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയിരുന്നതാണ്. അതിനായി സര്‍ക്കക്കാരും സംസ്ഥാന ചീഫ് ജസ്റ്റിസുമാരും കൂടിയാലോചന നടത്തി കര്‍മ്മ സമിതി രൂപീകരിക്കാനായിരുന്നു ഉത്തരവ്.
പക്ഷെ അവ പൂര്‍ണ്ണമായും പ്രായോഗികമായിട്ടില്ല. നീതി നിര്‍വഹണം കാലതാമസം നേരിട്ടുകൊണ്ടിരിക്കുന്നു. ജില്ലാ കോടതി വിധികള്‍ക്ക് എതിരായ അപ്പീലുകള്‍ കാലതാമസം നേരിടുന്നത് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയാണ്. ജയില്‍ ശിക്ഷ അനുഭവിക്കുന്നയാള്‍ നിരപരാധിയാണെന്ന് ഹൈക്കോടതിയോ സുപ്രീം കോടതിയോ വിധിച്ചാല്‍ പ്രതികളുടെ ദുര്യോഗ്യവും തീവ്രമനോവേദനയും പരിഹരിക്കാനുള്ള ഒരു നടപടിയും ഇന്ന് നിലവിലില്ല.
ചില കേസുകളില്‍ അപ്പീലുകള്‍ തീര്‍പ്പാക്കുമ്പോള്‍ ഇതുവരെ അനുഭവിച്ച ശിക്ഷ മതിയെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. നീണ്ടുപോയ നീതി ചില പ്രതികളുടെ കാര്യത്തില്‍ അനീതിയായതിനാലാണ് കോടതി ഇങ്ങനെ ഉത്തരവിട്ടിരുന്നത്.
ബലാത്സംഗം, കവര്‍ച്ച തുടങ്ങിയ കേസുകളിലെ പ്രതികളും അപ്പീലില്‍ തീര്‍പ്പാക്കുന്നത് കാത്തുകിടക്കുന്നു. ഇത്തരത്തിലുള്ള തടവുകാര്‍ 50 ശതമാനത്തോളം ഉന്നത കോടതികളുടെ വിധി കാത്ത് ജയിലുകളില്‍ കഴിയുന്നു.
Content Highlights: Niyamavedhi, Law Issues, Prolong Cases, Higher Court Appeal