വീരപ്പന്‍ കഥാവശേഷനായി. പക്ഷേ കാട്ടാനകളുടെ ശനിദശ ഇപ്പോഴും തുടരുന്നു.

അതിന്റെ കാരണമാണ് സുപ്രീം കോടതി ഇപ്പോള്‍ അന്വേഷിക്കുന്നത്. ആനകള്‍ അപകടത്തില്‍ കൊല്ലപ്പെടുന്നു. ആനവേട്ട ഇന്ത്യയിലെ പല കാടുകളിലും ഇപ്പോഴും നടക്കുന്നു. മാത്രമല്ല, കാട്ടിലെ ആനത്താരകള്‍ക്ക് (Elephant Corridor) മനുഷ്യന്‍ തന്നെ ഭീഷണിയാകുന്നു.
 
കാട്ടിലൂടെ ആനകള്‍ക്ക് സുഗമമായി നടന്നുപോകാനുള്ള പാതയാണ് ആനത്താര. അവയില്‍ മനുഷ്യന്റെ കയ്യേറ്റങ്ങളും കടന്നാക്രമണങ്ങളും നിര്‍ബാധം നടക്കുന്നു. കാട്ടിലെ സഞ്ചാരപഥങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ആനത്താരകളെ കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ വന്യജീവി ഗവേഷകര്‍ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ആനത്താരകള്‍ കൂടിയേ തീരൂ എന്ന അഭിപ്രായത്തിലെത്തിയിട്ടുള്ളത്.

അവ പുനഃസ്ഥാപിക്കാനുള്ള ശാസ്ത്രീയ ശുപാര്‍ശകള്‍ എങ്ങനെ കേന്ദ്രം നടപ്പിലാക്കുന്നു? അവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ ചില കാട്ടുപാതകള്‍ക്കരികിലൂടെ റെയില്‍പ്പാത പോകുന്നു. റെയില്‍ മുറിച്ചുകടക്കുമ്പോള്‍ ആനകള്‍ ട്രെയിന്‍ ഇടിച്ചും കൊല്ലപ്പെടുന്നു. പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ അപകടങ്ങള്‍ കാണാം.

വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയും വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റും നല്‍കിയിട്ടുള്ള പൊതുതാല്പര്യ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ഒമ്പത് സംസ്ഥാനങ്ങളിലുള്ള 27 ആനത്താരകള്‍ സംരക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ആനത്താരകള്‍ സംരക്ഷിച്ചേ പറ്റൂ. കേന്ദ്രത്തിന്റെ അടിയന്തിര ശ്രദ്ധ വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അപകടങ്ങളിലൂടെ ആന കൊല്ലപ്പെടുന്നതും കാട്ടില്‍ നായാട്ടിന് കയറുന്നവര്‍ ആനയെ കൊല്ലുന്നതും സംബന്ധിച്ച കണക്കുകള്‍ കോടതി വിശദമായി പരിശോധിച്ചു.

കാട്ടില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ആനത്താരകള്‍ മനുഷ്യനും വേട്ടക്കാരും ഇല്ലായ്മ ചെയ്തതാണ്. ആനകള്‍ക്ക് അവ അനിവാര്യമാണെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നത്. കോടതി കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. 
'ട്രെയിന്‍ മുട്ടിയും ആനകള്‍ കൊല്ലപ്പെടുന്നു.'

'വീരപ്പന്‍ കൊല്ലപ്പെട്ടപ്പോള്‍ ആനകളുടെ ദുരോഗ്യം കഴിഞ്ഞു എന്ന് ഞങ്ങള്‍ കരുതി.' ജഡ്ജിമാര്‍ പറഞ്ഞു. 'പക്ഷേ ഗജദുരോഗ്യം വീണ്ടും കൂടി. ഇത് അവസാനിപ്പിക്കണം. അതിനാല്‍ ഗജക്ഷേമത്തിന് കേന്ദ്രം മനസ്സിരുത്തി പദ്ധതികള്‍ നടപ്പിലാക്കണം. വനം ആനകളുടെ വീടാണ്. അത് സംരക്ഷിക്കണം.'