സ്ത്രീധന മരണ കേസുകള്‍ വിചാരണ ചെയ്യുന്ന കോടതികളിലെ ജഡ്ജിമാരുടെ ജാഗ്രതക്കുറവും സൂക്ഷ്മതയില്ലായ്മയും മൂലം പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.

രേഖകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കോടതിക്കു ചോദ്യം ചെയ്യാം. എന്നാല്‍, ഇതു വെറും വഴിപാടു പോലെയാണ് ചില വിചാരണ കോടതി ജഡ്ജിമാര്‍ ചെയ്യുന്നതെന്നും സുപ്രീം കോടതി പറഞ്ഞു. ഹരിയാണയിലെ ഒരു സ്ത്രീധന മരണ കേസില്‍ പ്രതിയെ വിചാരണ കോടതിയും പഞ്ചാബ് ഹൈക്കോടതിയും ശിക്ഷിച്ചു. 

അതിനെതിരെ പ്രതികളായ സത്ബീര്‍ സിങ്ങും മറ്റും നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ട് ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തുവെന്ന പ്രോസിക്യൂഷന്‍ കേസ് തെളിയിക്കപ്പെട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

പ്രതിക്കെതിരെയുള്ള തെളിവുകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടി അതേക്കുറിച്ച് പ്രതിയുടെ മറുപടി വിചാരണ കോടതി തേടിയിരിക്കണം. വളരെ ജാഗ്രതയോടെ, സൂക്ഷ്മവും നീതിപൂര്‍വ്വവുമായി വിചാരണ കോടതി ജഡ്ജി ചെയ്യേണ്ട ചുമതലയാണിത്. എന്നാല്‍, ഇതു വെറും നടപടിക്രമമായി കണക്കാക്കി ചില ജഡ്ജിമാര്‍ അലസതയോടെ കൈകാര്യം ചെയ്യുന്നുവെന്നും നടപടി വെറും വഴിപാടു പോലെയായി തീര്‍ന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. 

പ്രതിയോട് അതീവജാഗ്രതയോടെ തിരക്കേണ്ട കാര്യങ്ങളാണ് വിചാരണ കോടതി ജഡ്ജിക്കു പിഴവു പറ്റിപ്പോരുന്നത്. ഈ കേസില്‍ അതു വ്യക്തമാണെന്നും അതിനാല്‍ പ്രോസിക്യൂഷന്‍ കോസ് തെളിയിക്കപ്പെടുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

അതിനാല്‍ വിചാരണ കോടതിയും ഹൈക്കോടതിയും സ്വീകരിച്ച നിഗമനങ്ങളില്‍ ഇടപെടേണ്ടിയിരിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. ജാഗ്രതയോടെ വിചാരണ കോടതി ചെയ്യേണ്ട ചുമതലകള്‍ക്കു വീഴ്ച്ച വരുന്നത് പൊറുക്കാന്‍ കഴിയില്ല. സ്ത്രീധന മരണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സ്ഥിതിയാണ് ഇന്ത്യയില്‍ ഉള്ളതെന്ന് സുപ്രീം കോടതി പറഞ്ഞു.

നിര്‍ഭാഗ്യകരമായ ഒരു സ്ഥിതി കൂടെയുണ്ട്. പീഡനത്തിനു വിധേയമായ പെണ്‍കുട്ടിയുടെ ചില ബന്ധുക്കളെയും അനാവശ്യമായി പ്രതികളാക്കുന്ന സ്ഥിതിയും നിലവിലുണ്ട്. അതിനാല്‍ ഇക്കാര്യത്തിലും ജാഗ്രത പുലര്‍ത്തണം.

ഇനി വിചാരണ കോടതി ജഡ്ജിമാര്‍ മാത്രമല്ല ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത്. പ്രോസിക്യൂഷനും പ്രതിക്കും അതില്‍ കാര്യമായ പങ്കുണ്ട്. എല്ലാവരും അതീവസൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തിയാകണം കേസിനെ സമീപിക്കേണ്ടത്. പല തലങ്ങളിലുള്ള വീഴ്ച്ചയാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.

Content Highlights: Some trial judges are not cautious in dealing with dowry death cases indicts Supreme Court