രു സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്ന് ആരോപിക്കപ്പെട്ടതുകൊണ്ട് മാത്രം ഒരു കേസില്‍ സ്ത്രീയുടെ മൊഴി കോടതിക്ക് തള്ളിക്കളയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ഡല്‍ഹിയിലെ ഒരു കൂട്ടബലാല്‍സംഗക്കേസാണ് പാശ്ചാത്തലം. നാലു പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു. ഡല്‍ഹി അഡീഷണല്‍ ജില്ലാ കോടതി പ്രതികള്‍ക്ക് പത്ത് വര്‍ഷം വീതം കഠിന തടവ് വിധിച്ചു. എന്നാല്‍ തങ്ങള്‍ക്ക് എതിരെയുണ്ടായത് കള്ളക്കേസാണെന്ന് ആരോപിച്ചുകൊണ്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചുകൊണ്ട് ശിക്ഷ റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി അനുവദിച്ച് ഹൈക്കോടതി വിധി റദ്ദാക്കി, കീഴ്ക്കോടതി വിധി ശരിവെച്ചു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ പോലീസിന് സുപ്രീം കോടതി ഉത്തരവ് നല്‍കി.

സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്ന് കരുതിയാല്‍ തന്നെ അവള്‍ മറ്റ് പുരുഷന്മാരുടെ ആഗ്രഹത്തിന് വഴങ്ങണമെന്നില്ല. അവള്‍ എതിര്‍ത്തപ്പോള്‍ നാലു പേരും ചേര്‍ന്ന് ബലം പ്രയോഗിച്ച് അവളെ കീഴ്പ്പെടുത്തി ലൈംഗികബന്ധത്തിന് ഇരയാക്കി. സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നാണ് പ്രതികളുടെ ആരോപണം. അങ്ങനെയാണെന്ന് കരുതിയാല്‍ തന്നെ  വിചാരണ കോടതിയില്‍ സ്ത്രീ നല്‍കിയ മൊഴികള്‍ ന്യായീകരിക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.

ബലാല്‍സംഗത്തിന് വിധേയയായ സ്ത്രീയെ ഡോക്ടര്‍ പരിശോധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളായിരുന്നു. പ്രസ്തുത മൊഴികള്‍ പരിശോധിച്ചാല്‍ ബലാല്‍സംഗം നടന്നുവെന്ന് തെളിയുന്നതായി സുപ്രീം കോടതി പറഞ്ഞു. ലൈംഗിക തൊഴിലാളിയായി മുദ്ര കുത്തി ആക്ഷേപിച്ചതുകൊണ്ട് മാത്രം അവളുടെ മൊഴി തള്ളാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രതികളുടെ വാദം സ്വീകരിച്ചുകൊണ്ട് ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സത്രീ ആരുമാകട്ടെ അവള്‍ നല്‍കിയ മൊഴിക്ക് ബലം നല്‍കാന്‍ മറ്റ് സാക്ഷിമൊഴികളും സാഹചര്യങ്ങളും നിലനില്‍ക്കെ അത് വിശ്വസനീയവും സ്വീകാര്യവുമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അവള്‍ ലൈംഗിക തൊഴിലാളി ആണെങ്കില്‍കൂടി മറ്റുള്ളവര്‍ക്ക് അവളെ ബലാല്‍സംഗം ചെയ്യാനുള്ള അവകാശമുണ്ടോ? ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

1997 ജൂലായ് മാസത്തിലായിരുന്നു സംഭവം. ശിക്ഷിക്കപ്പെട്ട പ്രതികളെ 2009-ല്‍ ഹൈക്കോടതി വെറുതെ വിട്ടു. അന്ന് മുതല്‍ പ്രതികള്‍ സ്വതന്ത്രരായിരുന്നു. മൂന്ന് വര്‍ഷത്തെ ശിക്ഷക്ക് ശേഷമാണ് പ്രതികളെ ഹൈക്കോടതി മോചിപ്പിച്ചത്. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെ വീണ്ടും പോലീസ് പിടികൂടും. സുപ്രീം കോടതി വിധി അനുസരിച്ച് ബാക്കി ഏഴ് വര്‍ഷം ശിക്ഷ ഇനി പ്രതികള്‍ അനുഭവിക്കണം. 

ഡോക്ടറുടെ റിപ്പോര്‍ട്ടും മറ്റ് ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടുകളും സ്വീകരിച്ചുകൊണ്ടാണ് പ്രതികള്‍ ബലാല്‍സംഗം നടത്തിയതായി തെളിഞ്ഞിട്ടുള്ളതെന്ന് സെഷന്‍സ് കോടതി പറഞ്ഞു. സംഭവത്തെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടത്.

മറ്റു സാക്ഷിമൊഴികള്‍ ഇല്ലെങ്കില്‍ കൂടി സ്ത്രീയുടെ മൊഴി വിശ്വസനീയമായി കോടതിക്ക് കാണാമെങ്കില്‍ പ്രതികളെ ശിക്ഷിക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഡോക്ടറുടെ മൊഴി കോടതി ആധാരമാക്കണം. സെഷന്‍സ് കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടാന്‍ പാടില്ലായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

Niyamavedhi, Law Issues, Rape Victim, Sex worker, Supreme court