ലോക്കര്‍ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. അനാസ്ഥ ബാങ്ക് സേവനത്തിലെ ഗുരുതര വീഴ്ചയാകും. ലോക്കര്‍ വാടകയ്ക്ക് എടുത്ത ഒരാള്‍ വാടക കുടിശ്ശിക വരുത്തി എന്നാരോപിച്ച് അത് തുറന്ന ബാങ്കിനെ എതിര്‍കക്ഷിയാക്കിയാണ് കീഴ്ക്കോടതിയില്‍ ആദ്യ കേസ് ഉണ്ടായത്. അത് സുപ്രീം കോടതി വരെ എത്തി.

അശ്രദ്ധ മൂലമാണ് ലോക്കര്‍ തുറക്കാനിടയായതെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. അതിന് മാപ്പ് പറയുകയും ചെയ്തു. വീഴ്ച വരുത്തിയ ബാങ്ക് ഉദ്യോഗസ്ഥനില്‍നിന്നു ലോക്കര്‍ വാടകയ്ക്ക് എടുത്തയാള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. ഉദ്യോഗസ്ഥന്‍ ഇതിനകം സര്‍വീസില്‍ നിന്ന് വിരമിച്ചതിനാല്‍ തുക യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കണമെന്ന് കോടതി പറഞ്ഞു. 

ഒരു ലക്ഷം രൂപ കോടതി ചെലവും ഹര്‍ജിക്കാരനായ അമിതാബ് ദാസ് ഗുപ്തക്ക് നല്‍കണം. റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ഒരു ലോക്കറും ബാങ്ക് ഉദ്യോഗസ്ഥര്‍ തുറക്കാന്‍ പാടില്ല. മറ്റ് നിര്‍ദേശങ്ങളും കോടതി നല്‍കി. ഉചിതമായ ചട്ടങ്ങളോ മാര്‍ഗ-നിര്‍ദേശങ്ങളോ ആറ് മാസത്തിനുള്ളില്‍ റിസര്‍വ് ബാങ്ക് പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ലോക്കല്‍ സംവിധാനം കാര്യക്ഷമമാക്കാന്‍ പതിനഞ്ചോളം നിര്‍ദേശങ്ങളാണ് സുപ്രീം കോടതി നല്‍കിയിട്ടുള്ളത്.

Content Highlights: SC directs RBI to frame guidelines for bank locker system to be more effective