സ്ത്രീപീഡനമോ? ചിലപ്പോള്‍ നിരപരാധികളെ കെണിയില്‍ വീഴ്ത്തുന്ന പ്രതിഭാസമായി ഇത് സുപ്രീം കോടതിക്ക് തോന്നി. മധ്യപ്രദേശിലെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്.എസ്. രഘുവംശിന് എതിരായ നടപടി സുപ്രീം കോടതി തുടര്‍ന്ന് തടയുകയും ചെയ്തു.

ചിലപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍, സത്യവും കളവും തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ആരോപണം ഉയര്‍ത്തുന്നത് ഒരു 'ഫാഷനായി' കാണാം. ഇത്തരം പ്രവണതകള്‍ അപലപിക്കേണ്ടിയിരിക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

ജില്ലാ ജഡ്ജിയുടെ വാദങ്ങള്‍ പരിശോധിച്ചുകൊണ്ട് അദ്ദേഹത്തിന് എതിരായ ആരോപണങ്ങള്‍ സുപ്രീം കോടതി പ്രഥമദൃഷ്ട്യാ വിശ്വസിച്ചില്ല. അതിനാലാണ് അദ്ദേഹത്തിന് എതിരെ മധ്യപ്രദേശ് ഹൈക്കോടതി എടുത്ത നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തത്.

2018-ലാണ് സംഭവം. ഒരു വനിതാ സബ് ജഡ്ജിയുടേതാണ് ആരോപണം. ജില്ലാ ജഡ്ജി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ജില്ലാ ജഡ്ജി സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കെയായിരുന്നു ആരോപണം. കുറച്ചുകാലം ആരോപണം 'ഉറങ്ങിക്കിടന്നിരുന്നു'.

വനിതാ ജഡ്ജിയുടെ പരാതി പരിശോധിച്ച കമ്മിറ്റിയുടെ തീരുമാനം സ്വാഭാവികനീതി ലംഘിച്ചു കൊണ്ടായിരുന്നുവെന്ന് ജില്ലാ ജഡ്ജി ആരോപിച്ചതും സുപ്രീം കോടതി പരിഗണിച്ചു. ഇത്തരം പീഡന സംഭവങ്ങള്‍ കേട്ടുമടുത്തുവെന്നും സുപ്രീം കോടതി ധ്വനിപ്പിച്ചു.

Content Highlights: SC deplores a sexual harassment complaint against judicial officer