രോ മൂന്ന് മിനിറ്റിലും റോഡ് അപകടങ്ങളില്‍പ്പെട്ട് ഇന്ത്യയില്‍ ഒരാള്‍ വീതം കൊല്ലപ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ ഈ സ്ഥിതി വിവരകണക്ക് കഴിഞ്ഞയാഴ്ചത്തെ സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റോഡ് അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരുടെ ആശ്രിതര്‍ക്കും മറ്റും നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ട്. പക്ഷേ പകുതിയോളം പേര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടാത്ത സ്ഥിതിയാണ്. നഷ്ടപരിഹാര വ്യവസ്ഥയെ കുറിച്ച് അറിയാത്തവരും ഇന്ത്യയിലുണ്ട്. അതിന് കാരണം ബോധവത്ക്കരണത്തിന്റെ കുറവാണെന്ന് സുപ്രീംകോടതി പറഞ്ഞു.

റോഡ് സുരക്ഷാനയം രൂപീകരിക്കാത്ത ആറ് സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. ജനവരി 2018 ഓടെ നയം പ്രാബല്യത്തിലാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. അതുപോലെ റോഡ് സുരക്ഷയ്ക്കുള്ള കര്‍മ്മപരിപാടി എല്ലാ സംസ്ഥാനങ്ങളും രൂപീകരിക്കാന്‍ കോടതി പറഞ്ഞു. അത് എത്രയും വേഗം നടപ്പിലാക്കണം.

അപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ട മാര്‍ഗരേഖയും അതിലുണ്ട്. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാനും മുഖംനോക്കാതെ നടപടി എടുക്കാനും വ്യവസ്ഥയുണ്ട്. പക്ഷേ പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ തണുപ്പന്‍ സമീപനം സ്വീകരിച്ചുവരുന്നതായി കോടതി പറഞ്ഞു.

നിയമം കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനുള്ള സമഗ്രമായ ബില്ലും പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.

എല്ലാ സംസ്ഥാനങ്ങളും 28 ഓളം നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടുള്ളതാണ് കോടതി വിധി. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കാനുള്ള ട്രോമ കെയര്‍ സെന്ററുകള്‍ ഇന്ത്യയിലെ എല്ലാ ജില്ലകളിലും സ്ഥാപിക്കാന്‍ കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. സെന്ററുകളില്‍ ആംബുലന്‍സുകളും വിദഗ്ദ്ധ ഡോക്ടര്‍മാരും വേണം.

റോഡ് സുരക്ഷാ ഫണ്ട് അടുത്ത വര്‍ഷം ജനുവരിയില്‍ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാക്കണം.  ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ സമിതിയുടെ ശുപാര്‍ശകള്‍ സ്വീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി.