ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നെങ്കിലും പ്രതിയെ വെറുതെ വിടാന്‍ അത് കാരണമാകുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. മൊഴിയും സാഹചര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഈ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കാണാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ സെഷന്‍സ് കോടതി വിധിച്ച പത്ത് വര്‍ഷം കഠിനതടവ് എട്ട് വര്‍ഷമായി കുറയ്ക്കുക മാത്രമാണ് കോടതി ചെയ്തത്.
പതിമൂന്ന് വയസ്സായിരുന്നപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. പ്രതികള്‍ മൂന്നുപേര്‍. 2014 ലായിരുന്നു സംഭവം. ഹാജിപൂര്‍ ജില്ലാ കോടതി പ്രതികള്‍ക്ക് പത്ത് വര്‍ഷം വീതം ശിക്ഷ വിധിച്ചു. സാധാരണയായി ബലാത്സംഗ കേസുകളില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. വിചാരണ നടക്കുമ്പോള്‍ ഡോക്ടറെ വിസ്തരിക്കണം. കേസ് അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷന് സാക്ഷിയായി വിസ്തരിക്കും. പക്ഷേ അജ്ഞാതമായ കാരണങ്ങളാല്‍ ഈ കേസില്‍ ഡോക്ടറെയും അന്വേഷണ ഉദ്യോഗസ്ഥനെയും സാക്ഷികളായി വിസ്തരിച്ചില്ല. എന്നിട്ടും തെളിവുകള്‍ പരിശോധിച്ചുകൊണ്ട് പ്രതികളെ കുറ്റക്കാരായി സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷയും നല്കി.
പട്ന ഹൈക്കോടതി അത് ശരിവെച്ചു. പ്രതിയായ റാം ഈശ്വര്‍ റായി നല്കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ശിക്ഷ എട്ട് വര്‍ഷമായി കുറച്ചു. മറ്റ് കേസുകളില്‍ പ്രതിയല്ലെങ്കില്‍ ഇയാളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നുള്ളത് ശരിതന്നെ. എന്നാല്‍ കുറ്റകൃത്യത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് അത് തെളിയിക്കുന്നുവെന്ന് കോടതി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരെ മൃഗതുല്യരായി കണക്കാക്കി ശിക്ഷ വിധിക്കാതെ നിവൃത്തിയില്ല. പൊരുത്തക്കേടുകള്‍ മൊഴിയില്‍ ഉണ്ടെങ്കിലും ഡോക്ടറെയും അന്വേഷണ ഉദ്യോഗസ്ഥനെയും വിസ്തരിച്ചില്ലെങ്കിലും അത് വീഴ്ചയായി കണക്കാക്കേണ്ടതില്ലെന്നും മൊഴി സൂക്ഷ്മമായി പരിശോധിച്ചാല്‍, സാഹചര്യങ്ങള്‍ അതിന് ബലം നല്കിയാല് പ്രതികളെ കുറ്റക്കാരായി കാണാമെന്നുള്ള 2013 ലെ ഒരു പ്രധാന വിധിയില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത് ഈ വിധിയില്‍ ഓര്‍മ്മിപ്പിച്ചു. ഇത്തരം കേസുകളില്‍ ശരിയായ വഴികാട്ടിയായി അതിനെ കോടതി വിശേഷിപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടിക്ക് പതിമൂന്ന് വയസ്സായിരുന്നുവെങ്കിലും മൊഴി നിരസിക്കേണ്ട കാര്യമില്ല. സൂക്ഷ്മമായി വിലയിരുത്തിയാല്‍ നടന്ന സംഭവങ്ങള്‍ സത്യമായി പെണ്‍കുട്ടി വിവരിച്ചിട്ടുണ്ട്. ഒരു പക്ഷേ ചെറിയ പൊരുത്തക്കേടുകള്‍ ഉണ്ടാകാം- സുപ്രീം കോടതി പറഞ്ഞു.