നിയമം എന്താണ്? അത് പ്രയോഗിക്കുമ്പോള്‍ പാലിച്ചിരിക്കേണ്ട വ്യവസ്ഥ എന്തൊക്കെയാണ്? ഇതൊന്നും അറിയാതെ, സാമാന്യബുദ്ധി പോലുമില്ലാത്തവരാണ് കരുതല്‍ തടങ്കല്‍ നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹൈക്കോടതി അതിനിശിതമായി കുറ്റപ്പെടുത്തി. അതിനാല്‍ ദൂഷിതമായ ഉത്തരവുകള്‍ ഉണ്ടാകുന്നു.

ഇങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര പരിശീലനം അടിയന്തരമായി നല്‍കിയില്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നത് കാണേണ്ടി വരുമെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കരുതല്‍ തടങ്കലല്‍ പാര്‍പ്പിക്കാനുള്ള നിയമമനുസരിച്ച് തന്റെ ഭര്‍ത്താവിനെതിരെ എടുത്ത നടപടിയാണ് സജിത സുധീര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്.

പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ജില്ലാ കളക്ടറാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്. പോലീസ് യാന്ത്രികമായി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴും ഹൈക്കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. അത് പരിശോധിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന ജില്ലാ കളക്ടര്‍ക്കും വീഴ്ച പറ്റാം. ഈ കേസില്‍ ചാവക്കാട് പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.

ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലുള്ള രേഖകള്‍ പരിശോധിച്ചുകൊണ്ടുള്ള കരുതല്‍ തടങ്കല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. മനസ്സിരുത്താതെ, നിയമവ്യവസ്ഥകള്‍ പാലിക്കാതെ പ്രസക്തമായ പല രേഖകളും കളര്‍ക്ടര്‍മാര്‍ക്ക് പരിശോധിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതെയാണ് നടപടികള്‍ എന്ന് ഹൈക്കോടതി പറഞ്ഞു.

കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ ജില്ലാ കളക്ടര്‍മാര്‍ കാണിക്കുന്ന വീഴ്ചകളും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നുള്ള ഏകോപനത്തിന്റെ അഭാവവും എടുത്തു പറയേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമ വ്യവസ്ഥകള്‍ പാലിക്കാത്ത ഉത്തരവുകള്‍ പലപ്പോഴും ഹൈക്കോടതിക്ക് റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ യന്ത്രം ദയനീയ സ്ഥിതിയിലാണെന്ന് കാണാമെന്ന് ഹൈക്കോടതി പറഞ്ഞു. കരുതല്‍ തടങ്കല്‍ നിയമങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ അധികൃതര്‍ പാലിക്കേണ്ട കാര്യക്ഷമതയുടെ അഭാവവും കാണാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഒരു വ്യക്തിക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതാണ് കരുതല്‍ തടങ്കല്‍. ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ സാധുതയുണ്ടാകില്ല. അതില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള ഉത്തരവുകള്‍ പാടില്ലെന്നും കോടതി പറഞ്ഞു.

Content Highlights: Police should keep common sense in preventive detention cases, says Kerala High Court