വിധി എഴുതാന്‍ നിയമതത്വങ്ങള്‍ അറിയാത്ത ഒരു ജില്ലാ ജഡ്ജി ഹൈക്കോടതിയെ അത്ഭുതപ്പെടുത്തി. ഈ ജില്ലാ ജഡ്ജിക്ക് അടിയന്തിരമായി ജുഡീഷ്യല്‍ അക്കാദമിയില്‍ പരിശീലനം നല്‍കണമെന്ന് പട്ന ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസാണ് ഇതിനായി തുടര്‍ നടപടി എടുക്കേണ്ടത്. ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ പോക്സോ കോടതിയിലെ ജഡ്ജിക്കാണ് പരിശീലനം വേണ്ടത്. ജില്ലാ ജഡ്ജിയുടെ പദവിയാണ് ഉള്ളത്. 

പതിമൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പ്രതിയായ ദീപക് മഹതോ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിക്ക് കോടതി പത്ത് വര്‍ഷം കഠിനതടവ് നല്‍കി. എന്നാല്‍ പ്രതി അപ്പീല്‍ നല്‍കിയപ്പോള്‍ ശിക്ഷ ഹൈക്കോടതി റദ്ദാക്കി.

പ്രതി ചെയ്ത കുറ്റം എന്താണ്? ജില്ലാ ജഡ്ജി എഴുതിയ വിധിയില്‍നിന്ന് അതൊന്നും മനസ്സിലാവുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അത്രയ്ക്ക് വിലക്ഷണമായ രീതിയിലാണ് എഴുതിവെച്ചിരിക്കുന്നത്. വിധിയില്‍ സംസ്‌കൃത ശ്ലോകവും ഉദ്ധരിച്ചിട്ടുണ്ട്.

നിയമതത്വങ്ങളെക്കുറിച്ച് വിധിയെഴുതിയ ജില്ലാ ജഡ്ജിക്ക് യാതൊരു പരിജ്ഞാനവുമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അത്രയ്ക്ക് തലതിരിഞ്ഞതാണ് വിധി. ഇങ്ങനെയുള്ള ജഡ്ജിമാര്‍ പ്രതികളുടെ ജീവന്‍ പന്താടുമെന്ന് ഹൈക്കോടതി പറഞ്ഞു. വധശിക്ഷ വരെ വിധിക്കാന്‍ കഴിയുന്ന ജില്ലാ ജഡ്ജിമാര്‍ ഇത്ര കണ്ട് നിരുത്തരവാദപരമായി വിധിയെഴുതാന്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് ഹൈക്കോടതിയെ വേദനിപ്പിച്ചത്. അതിനാല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ പരിശീലനം കൂടിയേ തീരു എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

നിയമതത്വങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ ജില്ലാ ജഡ്ജി എഴുതുന്ന വിധി നീതി നിഷേധമായിരിക്കും നടപ്പിലാക്കുക. അത് അനുവദിച്ചുകൂടാ എന്നും ഹൈക്കോടതി പറഞ്ഞു. 

സാക്ഷിമൊഴികള്‍ ജില്ലാ ജഡ്ജി പരിശോധിച്ചോ? പെണ്‍കുട്ടി എന്താണ് പറഞ്ഞത്? ഇതൊന്നും ജില്ലാ ജഡ്ജിക്ക് മനസ്സിലായില്ലേ? ഹൈക്കോടതി ഇക്കാര്യങ്ങള്‍ ഉന്നയിച്ചു. പ്രോസിക്യൂഷന്‍ കേസിലെ വൈരുദ്ധ്യങ്ങള്‍ പോലും ജഡ്ജിക്കില്ലെന്ന് തോന്നുന്നു.

ജില്ലാ ജഡ്ജിമാര്‍ക്കും മറ്റും പരിശീലനം നല്‍കാന്‍ ഓരോ സംസ്ഥാനത്തും ജുഡീഷ്യല്‍ അക്കാദമികള്‍ ഉണ്ട്.

Content Highlights: Pocso court Judge need training in judicial academy, says Patna High Court