'നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിലും ഫ്ളാറ്റ് പൊളിച്ചു നീക്കുന്നതല്ല പ്രതിവിധി. അത് നിരപരാധികളെ ദുരിതത്തിലാക്കും.'കഴിഞ്ഞ വര്‍ഷം ആഗസ്ത് 10 ലെ സുപ്രീം കോടതി വിധിയിലാണ് ഈ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ മദന്‍ ലോക്കുറും ദീപക് ഗുപ്തയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ആയിരുന്നു അത്.

പൂണെയിലെ ഗോയല്‍ ഗംഗ ഡെവലപ്പേഴ്സ് ഫ്ളാറ്റുകള്‍ പണിതത് പരിസ്ഥിതി നിയമവും മുനിസിപ്പല്‍ ചട്ടങ്ങളും നഗ്‌നമായി ലംഘിച്ചുവെന്നാണ് പൊതുതാത്പര്യഹര്‍ജിയുമായി എത്തിയ ടി.എം.ഗംഭീര്‍ ഡല്‍ഹിയിലെ ഗ്രീന്‍ ട്രിബ്യൂണലില്‍ ഉന്നയിച്ചത്. ഫ്ളാറ്റ് നിര്‍മ്മിക്കുന്ന കമ്പനിക്ക് ട്രിബ്യൂണല്‍ 100 കോടി പിഴയിട്ടു. അതിന് എതിരെ ഫ്ളാറ്റ് നിര്‍മ്മാണ കമ്പനി സുപ്രീം കോടതിയിലെത്തി.

കേസിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് നിയമ ലംഘനം നടന്നുവെങ്കിലും ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഫ്ളാറ്റ് പൊളിക്കല്‍ അല്ല ഇവിടെ പ്രതിവിധി എന്ന് കോടതി പ്രത്യേകം എടുത്തു പറഞ്ഞു. നിര്‍മ്മാണത്തിലുള്ള 807 ഫ്ളാറ്റുകളും 117 ഷോപ്പുകളും മാത്രം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു.

പണി തീര്‍ത്ത ഫ്ളാറ്റുകളില്‍ നിരവധി പേര്‍ താമസിക്കും. മറ്റ് ഫ്ളാറ്റുകള്‍ക്കായി പണം മുടക്കിയവരുമുണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. അതിനാല്‍ പണി തീര്‍ത്തവ പൊളിച്ചുനീക്കാന്‍ പാടില്ല എന്നുള്ള നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. പകരം ഫ്ളാറ്റ് നിര്‍മ്മാതാവിന് 105 കോടി പിഴയിട്ടുകൊണ്ട് കേസ് അവസാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍ തീരദേശ നിയമം ലംഘിച്ച് പണിത മരട് ഫ്ളാറ്റില്‍ പൊളിച്ചു നീക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഉറച്ച തീരുമാനം എടുത്തത്.

നിയമലംഘനങ്ങളുടെ കാര്യത്തില്‍ രണ്ട് സമീപനങ്ങളാണ് കോടതി സ്വീകരിച്ചത്.

content highlights: niyamavedi, maradu flat,supreme court