ഫയല്‍ ചിത്രം

പ്രതിഷേധിക്കുന്നവരും പ്രകടനം നടത്തുന്നവരും അല്‍പ്പം അതിര് കടന്നാല്‍പ്പോലും അവരുടെ മൗലികാവകാശങ്ങള്‍ പോലീസ് ലംഘിക്കുകയോ ചവുട്ടി മെതിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

പോലീസ് അതിരു കടന്നതും അനാവശ്യവുമായ ബലപ്രയോഗവും മൃഗീയതയും കാണിച്ച് പ്രകടനക്കാരെ നേരിട്ടതിനാല്‍ അതിന് ഇരയായ രണ്ട് പേര്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

പൗരന്മാര്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള വിലപ്പെട്ട മൗലീകാവകാശങ്ങള്‍ പോലീസ് ലംഘിക്കാന്‍ പാടില്ല. അത് സംരക്ഷിക്കുകയാണ് വേണ്ടത്. ഇവിടെ പ്രകടനക്കാരോട് പോലീസ് കാണിച്ചത് കാടത്തമായിരുന്നുവെന്നും കോടതി പറഞ്ഞു.

ജമ്മുവിലാണ് സംഭവം. പാന്തേഴ്സ് പാര്‍ട്ടി എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി അനിത താക്കൂറിനെയും മറ്റൊരു നേതാവിനെയും പോലീസ് മരിദ്ദിച്ചത് തികച്ചും അനാവശ്യമായ നടപടിയായിരുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. ജമ്മുവിലേക്ക് കുടിയേറിയ ആളുകള്‍ക്ക് ക്ഷേമപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ജമ്മു-കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും അത് നിരാകരിച്ച സര്‍ക്കാര്‍ നടപടിക്ക് എതിരെയായിരുന്നു പാന്തേഴ്സ് പാര്‍ട്ടിക്കാരുടെ പ്രകടനം.

അല്‍പം ബലപ്രയോഗം പ്രതിഷേധക്കാര്‍ നടത്തിയെന്നത് ശരി തന്നെ. പക്ഷെ ന്യായമായ രീതിയില്‍ അതിനെ പോലീസ് കൈകാര്യം ചെയ്തിട്ടില്ലെന്നാണ് തെളിവുകളില്‍നിന്ന് കാണാന്‍ കഴിയുന്നതെന്ന് കോടതി പറഞ്ഞു. അനാവശ്യമായ ബലപ്രയോഗം പോലീസ് നടത്തുകയും പ്രതിഷേധക്കാരെ മര്‍ദ്ദിക്കുകയും ചെയ്തത് നീതീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അതിനാല്‍ പോലീസിന്റെ പെരുമാറ്റദൂഷ്യത്തിനും അധികാരം ദുര്‍വിനിയോഗത്തിനും നല്‍കുന്ന താക്കീതാണിതെന്ന് കോടതി പറഞ്ഞു.

പൗരന്മാരുടെ മൗലീകാവകാശങ്ങള്‍ പോലീസ് തൊട്ടുകളിക്കരുത്. അല്‍പം ബലം പ്രകടനക്കാര്‍ കാണിച്ചാലും അത് ന്യായീകരിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. പോലീസ് ധിക്കാരം കാണിച്ച വ്യക്തികളുടെ മൗലീകാവകാശങ്ങള്‍ ലംഘിച്ചാല്‍ അതിനെ കര്‍ശനമായി നേരിടുമെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രകടനക്കാരെ അടിച്ചമര്‍ത്തിയാല്‍ സര്‍ക്കാര്‍ നടപടികള്‍ നിയമത്തിന് അതീതമായിരിക്കുമെന്നുള്ള സര്‍ക്കാരിന്റെ വാദത്തിന്റെ മറവില്‍ അതിക്രമങ്ങള്‍ ആയിക്കൂടായെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. പൗരന്റെ മൗലികാവകാശമാണ് പ്രതിഷേധിക്കാനുള്ള അവസരം. അതിന് പോലീസ് ഒരു പോറലും ഏല്‍പ്പിക്കരുതെന്നും കോടതി പറഞ്ഞു. തങ്ങളുടെ മൗലികവകാശങ്ങള്‍ പോലീസ് ലംഘിച്ചുവെന്ന ഹര്‍ജിക്കാരുടെ വാദം സുപ്രീംകോടതി സ്വീകരിച്ചു.