അത്യപൂര്‍വ രോഗം ബാധിച്ച് കിടക്കുന്ന ഒരു പയ്യന്റെ ചികിത്സാചെലവ് ഭാരിച്ചതാണെങ്കിലും സര്‍ക്കാര്‍ വഹിക്കണം. അതിന് സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

പണമില്ലാത്ത ഒരു രോഗി ഏന്തു ചെയ്യും? രോഗി  മരിക്കട്ടെ എന്നുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കരുത്. അത് നിയമപരമായി ഒട്ടും ന്യായീകരിക്കാന്‍ കഴിയില്ല - കോടതി പറഞ്ഞു.

ഹര്‍ജിക്കാരനായ എം. മനോജിന്റെ മകന്‍ കൊച്ചിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജനിതക വൈകല്യങ്ങള്‍ മൂലം ഗോവിന്ദ് എന്ന പയ്യന്റെ ശരീരത്തിലെ കോശങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. അത്യപൂര്‍വമായ രോഗമാണിത്. രോഗം വന്നാല്‍ താമസിയാതെ മരിക്കും. ചികിത്സയാണെങ്കില്‍ വലിയ ചെലവേറിയതാണ്. 

പല ഘട്ടങ്ങളിലായിട്ടാണ് ചികിത്സ. അതിനായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മരുന്ന് വേണം. ഒരു വര്‍ഷത്തെ ചെലവ് 43 ലക്ഷം വരുമെന്നാണ് കണക്ക്. കേന്ദ്ര സര്‍ക്കാറിന്റെ ജീവകാരുണ്യ പദ്ധതി അനുസരിച്ച് ഒരു വിദേശകമ്പനി ഈ അത്യപൂര്‍വ രോഗമുള്ള കുട്ടികളുടെ ചികിത്സയ്ക്ക് മരുന്ന സൗജന്യമായി നല്‍കുന്നു. വളരെ കുറച്ച് കുട്ടികള്‍ക്ക് മാത്രമേ ഈ ആനുകൂല്യം  ലഭിക്കുന്നുള്ളൂ. 

ദേശീയ മനുഷ്യാവകാശകമ്മീഷന്റെ ഉത്തരവ് പ്രകാരം ഗോവിന്ദന് പ്രത്യേക ആനുകൂല്യം കിട്ടേണ്ടിയിരുന്നു. പക്ഷെ അത് പ്രാബല്യത്തിലായില്ല. സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കിയെങ്കിലും അത് മതിയാകില്ല. അതിനാല്‍ ചികിത്സക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി.

ഈ രോഗത്തിന്റെ ചികിത്സാ ചെലവ് ഭാരിച്ചതായതിനാല്‍ ലഭ്യമായ ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള മറ്റ് ചികിത്സാരീതികളും പ്രതികൂലമായി ബാധിക്കപ്പെടുമെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. സന്നദ്ധ സംഘടനകളുടെ സഹായം തേടാനാണ് ഉദ്ദേശമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

ജീവിക്കാനുള്ള അവകാശം ഒരു പൗരന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുള്ളതിനാല്‍ ഇത്തരം രോഗികളുടെ കാര്യത്തിന് പ്രത്യേക ശ്രദ്ധ സര്‍ക്കാര്‍ കാണിച്ചേ തീരൂ എന്ന് ഹൈക്കോടതി പറഞ്ഞു. സാമ്പത്തിക ഞെരുക്കമുള്ളതിനാല്‍ ഇങ്ങനെയുള്ള രോഗികളെ പ്രത്യേകമായി സംരക്ഷിക്കാന്‍ കഴിയില്ലെന്നുള്ള നിലപാട് സര്‍ക്കാര്‍ എടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. 'അങ്ങനെ പറയാനേ സര്‍ക്കാറിന് കഴിയില്ല.'

നമ്മുടേത് ഒരു ക്ഷേമരാഷ്ട്രമാണ്. അതിനാല്‍ സര്‍ക്കാറിന് കൈ മലര്‍ത്താന്‍ കഴിയില്ല. ചികിത്സിക്കാന്‍ പണമില്ലാത്തവന്‍ മരിക്കട്ടെ എന്നുള്ള രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്. ഗോവിന്ദന്റെ ചികിത്സക്കുള്ള പണം സര്‍ക്കാര്‍ കണ്ടെത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.