'100' ല്‍ വിളിച്ചിട്ടും മറുപടിയില്ല. പോലീസിന്റെ നിഷ്‌ക്രിയത്വത്തിന് എതിരെ ഡല്‍ഹി ഹൈക്കോടതി ഇടപെടുന്നു. 

ഡല്‍ഹി പോലീസിന്റെ ഹെല്‍പ് ലൈന്‍ ഫോണ്‍ നമ്പറാണ് 100. പൊതുജനങ്ങള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ പോലീസിന്റെ സഹായം വേണമെങ്കില്‍ ഈ നമ്പര്‍ വിളിക്കണം.

ഇവിടെ അടിയന്തരസഹായത്തിന് '100' ല്‍ വിളിച്ചത് ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജി വിപിന്‍ സാംഗിയാണ്. അദ്ദേഹം ഡല്‍ഹിയില്‍ ട്രാഫിക് ബ്ലോക്കില്‍പ്പെട്ടുപോയി. ഒരു പ്രധാന ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹം കാറില്‍ യാത്രചെയ്തത്. 40 മിനിറ്റ് ബ്ലോക്കില്‍ പെട്ടു.

ബ്ലോക്കില്‍ നിന്ന് കരകയറാന്‍ ജഡ്ജി ആഗ്രഹിച്ചു. സമീപത്തെങ്ങും പോലീസ് കോണ്‍സ്റ്റബിള്‍മാരെ കാണാത്തതുകൊണ്ടായിരുന്നു '100' ലേക്ക് വിളിച്ചത്. യാതൊരു അനക്കവും ഉണ്ടായില്ല.

ഇതാണോ ഹെല്‍പ് ലൈന്‍? പോലീസ് ഉണര്‍ന്നിരിക്കണം. മറുപടി നല്‍കി വിളിക്കുന്ന ആളിന്റെ സഹായത്തിനെത്തുകയാണ് പോലീസിന്റെ ചുമതല. അതില്‍ വീഴ്ചവരുത്തിയത് ഗുരുതരമായിട്ടു മാത്രമേ കാണാനാവൂ. അതിനാല്‍ ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാനാണ് അദ്ദേഹം ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. 

ഈ കത്ത് ഒരു ഹര്‍ജിയായി ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചുകൊണ്ട് കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.

'100' ലേക്കുള്ള വിളിയുടെ കാര്യത്തില്‍ കാര്യക്ഷമമായി പോലീസ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് ഗുരുതരമായ ഒന്നാണെന്ന് ചീഫ് ജസ്റ്റിസ് ജി.രോഹിണി അധ്യക്ഷയായ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

ഒരു ജഡ്ജിയുടെ വിളിക്ക് മറുപടി കിട്ടിയില്ലെങ്കില്‍ സാധാരണക്കാരന്റെ ഗതി എന്തായിരിക്കും-കോടതി ചോദിച്ചു.