ദുരന്തങ്ങള്‍ ഉണ്ടായാല്‍ അതിന് ഇരയാകുന്നവരുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പാനും പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നല്‍കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ വിശദീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവ് നല്‍കി. ഇത് സംബന്ധിച്ചുള്ള നയങ്ങള്‍ സര്‍ക്കാരുകള്‍ രൂപവത്കരിക്കണം.

ദുരന്തങ്ങള്‍ ഉണ്ടായാല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നിലവിലുണ്ട്. കേന്ദ്ര സര്‍ക്കാരാണ് അത് രൂപവത്കരിച്ചിട്ടുള്ളത്. എന്നാല്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം ഫലപ്രദമായിട്ടില്ല. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത് സംബന്ധിച്ച് രൂപരേഖകള്‍ തയ്യാറാക്കാന്‍ അതോറിറ്റിയോട് കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ഫിബ്രവരിയില്‍ ആവശ്യപ്പെടുന്നതാണ്.

അസം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഹരിയാണ, മണിപ്പൂര്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് നല്‍കിയിട്ടുള്ള മറുപടിയില്‍ അതിനുള്ള രൂപരേഖയുണ്ട്. കേരളം ഇള്‍പ്പെടെ മറ്റേതാനും സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയിട്ടില്ല.

ഇന്ത്യയ്ക്ക് മുഴുവനായി ബാധകമാകുന്ന ഒരു ദേശീയ നയം ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് കേന്ദ്ര നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അതില്‍ തീരുമാനം എടുക്കേണ്ടത്. എന്നാല്‍ ഇതുവരെയായി തീരുമാനം ഉണ്ടാകാത്തതിനെയാണ് പൊതുതാല്‍പര്യഹര്‍ജിയിലൂടെ ഗൗരവ് കുമാര്‍ ബന്‍സാല്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, വിദഗ്ധര്‍, ബന്ധപ്പെട്ട സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കണമെന്നാണ് വ്യവസ്ഥ. ദുരന്തങ്ങള്‍ എങ്ങനെ തടയാം? ഉണ്ടായാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണം എന്നിവയാണ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടത്.

നയം രൂപവല്‍ക്കരിച്ചിട്ടുണ്ട്. എന്നാല്‍ അത് നടപ്പാക്കാനുളള പദ്ധതിയുടെ വിശദാംശങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്ത് തയ്യാറാക്കിയിട്ടില്ലൊണ് കേന്ദ്ര് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ആരായാലും അത് വേഗത്തില്‍ ഉണ്ടാകും എന്ന് കേന്ദ്രം അറിയിച്ചു. 

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും പദ്ധതി ആവശ്യമാണ്. അതിനായി എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാരും നടപടി എടുക്കേണ്ടതാണ്.

ദുരന്തങ്ങള്‍ നാട്ടില്‍ പല തലങ്ങളിലായി ഉണ്ടാകും. അവ ഉണ്ടായശേഷം ജനങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഫലപ്രദായി പ്രവര്‍ത്തിച്ചേ പറ്റൂ. പ്രത്യേകിച്ച് പിന്നാക്കാവസ്ഥയിലുള്ളവര്‍. കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി പ്രത്യേകം എടുത്ത് പറഞ്ഞു.