കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ശിക്ഷിക്കണമെങ്കില്‍ കൈക്കൂലി ചോദിച്ചുവെന്നതിന് സംശയാതീതമായ തെളിവ് അനിവാര്യമാണെന്ന് സുപ്രീംകോടതി ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു.

പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്നും വിജിലന്‍സ് വകുപ്പ് അടയാളപ്പെടുത്തി നല്‍കിയ നോട്ടുകള്‍ പ്രതിയുടെ പോക്കറ്റിലോ മേശയിലോ നിന്ന് കണ്ടെടുത്തുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചതുകൊണ്ട് മാത്രം കാര്യമായില്ല. കൈക്കൂലി ചോദിച്ചുവെന്നതിന് തെളിവില്ലാതെ പ്രതിയെ ശിക്ഷിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തുവും ജസ്റ്റിസുമാരായ വി.ഗോപാല ഗൗഡയും അമിതാവ് റോയിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വിധിച്ചു.

ഹൈദരബാദിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.സത്യനാരായണ മൂര്‍ത്തിയാണ് പ്രതി. അദ്ദേഹത്തെ 500 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് കോടതി ഒരു വര്‍ഷം കഠിനതടവ് വിധിച്ചു. ആന്ധ്ര ഹൈക്കോടതി അത് ശരിവച്ചു. അതിനെതിരെ പ്രതി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കൈക്കൂലി ചോദിച്ചതിന് തെളിവ് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പ്രതിയുടെ ശിക്ഷ റദ്ദാക്കി.

1996 ലാണ് പ്രതിയെ വിജിലന്‍സ് പിടികൂടിയത്. ഒരു ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന എസ്. ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ സ്ഥാപനത്തിന്റെ അംഗീകാരം പുതുക്കാന്‍ 1000 രൂപ സത്യനാരായണമൂര്‍ത്തി ചോദിച്ചുവെന്നും 500 രൂപ താന്‍ നല്‍കിയെന്നും മൊഴി നല്‍കിയിരുന്നു. പ്രതിയെ കെണിവെച്ച് വിജിലന്‍സ് പിടിച്ചു. അടയാളപ്പെടുത്തി നല്‍കിയിരുന്ന നോട്ടുകള്‍ വിജിലന്‍സ് കണ്ടെടുക്കുകയും ചെയ്തു.

പ്രോസിക്യൂഷന്‍ ഏഴ് സാക്ഷികളെ വിസ്തരിച്ചിരുന്നു. തന്നെ കള്ളക്കേസില്‍ വിജിലന്‍സ് കുടുക്കിയതാണെന്ന് പ്രതി പറഞ്ഞു. താന്‍ കൈക്കൂലി ചോദിച്ചിട്ടേയില്ലെന്നും അടയാളപ്പെടുത്തിയ നോട്ടുകള്‍ കണ്ടെടുത്തുവെങ്കില്‍ കൂടി അത് വെറുമൊരു കള്ളക്കേസാണെന്നുമാണ് പ്രതി കോടതിയില്‍ ബോധിപ്പിച്ചത്.

പ്രതിയില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്തിട്ടുള്ള നോട്ടുകള്‍ കൈക്കൂലിയല്ലെന്നും മറിച്ച് സ്ഥാപനത്തിന്റെ അംഗീകാരം പുതുക്കാന്‍ നല്‍കിയ ഫീസ് മാത്രമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വിസ്തരിച്ച രണ്ട് സാക്ഷികളുടെ മൊഴി മാത്രം വിശ്വസിച്ചാല്‍ പ്രതി കൈക്കൂലി ചോദിച്ചുവെന്നതിന് വിശ്വസനീയമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയും ചെയ്തു.

പഞ്ചായത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയിരുന്ന ഉദയ ഭാസ്‌കര്‍ ആയിരുന്നു പ്രോസിക്യൂഷന്റെ പ്രധാന സാക്ഷി. മറ്റ് സാക്ഷി മൊഴികളും സുപ്രീംകോടതി സൂക്ഷ്മമായി പരിശോധിച്ചിരുന്നു. അതിനാല്‍ ഈ വിഷയത്തില്‍ മുമ്പും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധികള്‍ ഇപ്പോഴത്തെ ഡിവിഷന്‍ ബഞ്ച് വിലയിരുത്തുകയും ചെയ്തു. പ്രതി കൈക്കൂലി ചോദിച്ചിരുന്നതിന് തെളിവുകള്‍ സ്ഥാപിക്കപ്പെടാത്ത സാഹചര്യത്തില്‍ ശിക്ഷിക്കുക അസാധ്യമാണെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

കൈക്കൂലി ചോദിച്ചതിന് തെളിവുണ്ടെങ്കില്‍ മാത്രമേ കൈക്കൂലി സ്വീകരിച്ചത് സ്ഥാപിക്കപ്പെടൂ എന്നും സുപ്രീം കോടതി അസന്നിഗ്ദമായി പറഞ്ഞു. ഈ കേസില്‍ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചത് തെളിയിക്കപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 'അടയാളപ്പെടുത്തിയ നോട്ടുകള്‍ കണ്ടെടുത്തതുകൊണ്ട് മാത്രം അത് ശിക്ഷക്ക് വഴിയൊരുക്കുന്നില്ല'. 

പ്രോസിക്യൂഷന്റെ അടിസ്ഥാനം എന്താണ്? തെളിവുകള്‍ മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉദയ ഭാസ്‌കര്‍ എന്ന പ്രധാന സാക്ഷിയുടെ മൊഴി പരിശോധിച്ചാല്‍ തന്നെ പ്രതി കൈക്കൂലി ചോദിച്ചുവെന്നതിന് നിയമാനുസൃതമായ തെളിവാകുന്നില്ലെന്നും കോടതി പറഞ്ഞു. 

പ്രതി കൈക്കൂലി ചോദിച്ചുവെന്നും അതനുസരിച്ചാണ് കെണി ഒരുക്കി പിടിച്ചതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അത് തെളിയിക്കാനാണ് ഉദയഭാസ്‌കറെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. പക്ഷെ ഈ സാക്ഷിയുടെ മൊഴി പ്രോസിക്യൂഷനെ സഹായിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.