അഴിമതിക്ക് എതിരെ പ്രകടനം: പോലീസിന് എങ്ങനെ തടയാന്‍ കഴിയും? ഹൈക്കോടതി

ക്രമസമാധാന പ്രശ്നം ഇണ്ടാകുമെന്ന് പറഞ്ഞുകൊണ്ട് അഴിമതിക്ക് എതിരായ പ്രതിഷേധ യോഗം തടയാന്‍പോലീസിന് കഴിയുമോ?

പോലീസിന്റെ ഈ നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു.

പ്രതിഷേധിക്കാന്‍ ഏത് പൗരനും ഏത് സംഘടനയ്ക്കും അവകാശമുണ്ട്. അതിനായി മൗലീകവകാശം ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ട് പ്രസ്തുത വിലപ്പെട്ട മൗലികാവകാശം നിഷേധിക്കാന്‍ പോലീസിനോ അധികാരികള്‍ക്കോ കഴിയില്ലെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

ചെന്നൈയിലെ അര--പ്പോര്‍ ഇയക്കം --- എന്ന സംഘടനയാണ് പോലീസ് നടപടിക്ക് എതിരെ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിക്ക് എതിരെ പ്രതിഷേധയോഗം ചെന്നൈയില്‍ നടത്താനാണ് സംഘടന തീരുമാനിച്ചത്. കൂറ്റന്‍ പ്രതിഷേധയോഗമൊന്നുമല്ല എന്നിട്ടും പ്രകടനത്തിനും പൊതുയോഗത്തിനും അനുമതി പോലീസ് നിഷേധിച്ചു. അതാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യപ്പെട്ടത്.

പോലീസ് വകുപ്പ് എന്തിനുള്ളതാണ്? നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുകയാണ് പോലീസിന്റെ മുഖ്യ ചുമതല. അതിനുള്ള എല്ലാ സംവിധാനവും വകുപ്പിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വേണ്ടത്ര പോലീസുകാര്‍, വേണ്ടത്ര മേലുദ്യോഗസ്ഥര്‍, പൂര്‍ണ്ണ സജ്ജീകരണം.

സംഘടനയുടെ പ്രതിഷേധയോഗം ക്രമസമാധാനപ്രശ്നം ഉണ്ടാക്കുമെന്ന് വെറുതെപറഞ്ഞത്കൊണ്ട് കാര്യമില്ല- ഹൈക്കോടതി പറഞ്ഞു.

ക്രമസമാധാന പ്രശ്നങ്ങള്‍ നാട്ടില്‍ നേരിടാനും മുന്‍കരുതലുകള്‍ എടുക്കാനും മറ്റും പോലീസിന് അധികാരമുണ്ട്. അതുള്ളപ്പോള്‍ അന്യായമായി ഒരു സംഘടനയുടെ പ്രതിഷേധം തടയാന്‍ പോലീനിന് അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

നിയന്ത്രണങ്ങള്‍ പോലീസിന് ഏര്‍പ്പെടുത്താം. പക്ഷെ അവ സ്വേച്ഛാപരമോ അന്യായമോ ആയിരിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സമീപിച്ച് പ്രകടനത്തിന് അനുമതി ചോദിക്കാന്‍ ഹര്‍ജിക്കാരന് കോടതി നിര്‍ദേശം നല്‍കി.