കോടതിയില്‍ കേസുകള്‍ വാദിക്കുമ്പോള്‍ അഭിഭാഷകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് നിര്‍ബന്ധമാണോ? ഇരുന്ന് കേസ് വാദിക്കാന്‍ കഴിയില്ലേ? നിന്ന് വാദിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമമോ ചട്ടമോ ഉണ്ടോ?

സുപ്രീം കോടതി ഇക്കാര്യത്തില്‍ മൗനം പാലിച്ചു.

ലുധിയാനയിലെ അഭിഭാഷകനായ ഹരി ഓം ജിന്‍ഡാലാണ് ഈ വിഷയം ഉന്നയിച്ചത്. ഇരുന്ന് വാദിച്ചുകൂടേ എന്നതില്‍ വിശദീകരണം തേടി അദ്ദേഹം സുപ്രീം കോടതിയില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. കേസ് വാദിക്കുമ്പോള്‍ നില്‍ക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ചുള്ള ചട്ടങ്ങള്‍ ഉണ്ടെങ്കില്‍ അതും അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീം കോടതി പ്രസ്തുത അപേക്ഷ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കൈമാറി. അഭിഭാഷകന്‍ ഉന്നയിച്ച പ്രശ്നത്തില്‍ ചട്ടങ്ങള്‍ വിശ്ശബ്ദത പാലിക്കുന്ന എന്ന മറുപടി ബാര്‍ കൗണ്‍സില്‍ അഭിഭാഷകന് നല്‍കി.

അദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതിയിലെ വിവരാവകാശ വിഭാഗം ഉദ്യോഗസ്ഥന്‍ ഇക്കഴിഞ്ഞ ജനവരി 24-ന് അഭിഭാഷകനെ അറിയിച്ചു.

അഭിഭാഷകര്‍ നിന്നുകൊണ്ട് കേസ് വാദിക്കണമെന്ന് ഒരു ചട്ടവും വ്യവസ്ഥ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഏതായാലും ഈ പ്രശ്നം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെയും എത്തിയിട്ടുണ്ട്.

ഇക്കാര്യം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അതിന് മുമ്പ് അഡ്വ. ഹരി ഓം ജിന്‍ഡാലിന്റെ വാദം കൂടി കേള്‍ക്കണം. ബാര്‍ കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും.

ആരോഗ്യപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ ഇരുന്ന് വാദിക്കാന്‍ അഭിഭാഷകനെ കോടതി അനുവദിച്ചിട്ടുണ്ട്. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ പരേതനായ കെ. കുഞ്ഞിരാമ മേനോന്‍ ഒരിക്കല്‍ ഹൈക്കോടതിയില്‍ ഇരുന്ന് വാദിച്ചിട്ടുണ്ട്.