ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിയെ അസുഖം വന്നാല്‍ ശ്രദ്ധിക്കാതെ നിരുത്തരവാദപരമായി പെരുമാറി സ്‌കൂള്‍ അധികൃതര്‍ കൊല്ലാന്‍ ഇടയാക്കരുത്! സ്‌കൂള്‍ അധികൃതരുടെ അലക്ഷ്യമായ പെരുമാറ്റം ബോധ്യപ്പെട്ടതിനാലാണ് ഹൈക്കോടതിയുടെ ഈ മുന്നറിയിപ്പ്. മാതാപിതാക്കളില്‍നിന്നു മാറി ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിയുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് സ്‌കൂള്‍ അധികൃതരുടെ ചുമതല. ഇതില്‍ ഒരു കാരണവശാലും വീഴ്ച വന്നുകൂടാ എന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

കുട്ടിയുടെ രക്ഷിതാവിന്റെ പങ്കാണ് സ്‌കൂള്‍ അധികൃതര്‍ക്കുള്ളത്. കാരണം അധികൃതരെ വിശ്വസിച്ചു കൊണ്ടാണ് കുട്ടിയെ ഹോസ്റ്റലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. പനി വന്നതിനെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കഴിയവെ 1990 ല്‍ മരിച്ചു. സ്‌കൂള്‍ അധികൃതരുടെ അലക്ഷ്യമായ നടപടി തെളിഞ്ഞതിനെത്തുടര്‍ന്ന് നഷ്ടപരിഹാരത്തിന് തൊടുപുഴ സബ് കോടതി ഉത്തരവിട്ടു. ഇതിനെതിരെ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിക്കൊണ്ട് നഷ്ടപരിഹാരം ശരിവെച്ചിരിക്കുന്നത്.

ഹോസ്റ്റലില്‍ താമസിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മൂര്‍ച്ഛിച്ച് മരണത്തിനിടയാക്കിയ കാരണങ്ങള്‍ സ്‌കൂള്‍ അധികൃതരുടെ അലക്ഷ്യമായ പെരുമാറ്റം മൂലമാണെന്ന് തെളിവുകള്‍ വിലയിരുത്തി ഹൈക്കോടതിയും പറഞ്ഞു. അതുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കിയ കീഴ്ക്കോടതി വിധി ന്യായീകരിക്കാന്‍ കഴിയുന്നതെന്ന് കോടതി തുടര്‍ന്ന് വ്യക്തമാക്കുകയും ചെയ്തു.

ഹോസ്റ്റലില്‍ പ്രവേശിക്കുന്ന നിമിഷം മുതല്‍ വിദ്യാര്‍ത്ഥി സ്‌കൂള്‍ അധികൃതരുടെ സംരക്ഷണയിലാകുന്നു. ഇവിടെ ബന്ധപ്പെട്ട ഡോക്ടറുടെ ഉപദേശം പോലും അധികൃതര്‍ ചെവിക്കൊണ്ടില്ല. വിദഗ്ധ ചികിത്സ കുട്ടിക്ക് കിട്ടാതെ പോയത് സ്‌കൂള്‍ അധികൃതരുടെ തികച്ചും അലക്ഷ്യമായ പെരുമാറ്റം മൂലമാണെന്നും ഹൈക്കോടതി കണ്ടെത്തി.

'വിദഗ്ധ ചികിത്സ കുട്ടിക്ക് കിട്ടിയിരുന്നുവെങ്കില്‍ ഒരു പക്ഷെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. മാതാപിതാക്കള്‍ ഹോസ്റ്റലില്‍ ഏല്‍പിച്ച കുട്ടിയുടെ സംരക്ഷണത്തിന് സ്‌കൂള്‍ അധികൃതര്‍ അങ്ങനെ ഗുരുതരമായ വീഴ്ച വരുത്തി.' സ്‌കൂള്‍ മാനേജ്മെന്റ് വിവിധ പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കിയിട്ടുള്ള സര്‍ക്കുലറും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ചെറിയ അസുഖങ്ങളാണെങ്കില്‍ ചിലപ്പോള്‍ ശ്രദ്ധിച്ചെന്ന് വരില്ല. എന്നാല്‍ ചിലപ്പോള്‍ അവ ഗൗരവതരമാക്കുകയും ചെയ്യും. അവ തുടര്‍ന്ന് ഉല്‍കണ്ഠക്ക് ഇടയാക്കും. അതിനാല്‍ ചെറിയ അസുഖമാണെങ്കിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയേ തീരൂ എന്ന് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. രണ്ട് ദിവസം കഴിഞ്ഞിട്ടും അസുഖം മാറിയില്ലെങ്കില്‍ രക്ഷിതാക്കളെ അറിയിക്കണം.

തെറ്റുകള്‍ പറ്റിയത് സ്‌കൂള്‍ അധികൃതര്‍ മനസ്സിലാക്കിക്കൊണ്ട് വേണ്ടത്ര ജാഗ്രത കാണിക്കാനുള്ള അവസരമാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളതെന്നും ഹൈക്കോടതി പറഞ്ഞു. ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ക്ക് സബ്കോടതി നല്‍കിയ നഷ്ടപരിഹാരം ശരിവെക്കാനുള്ള സാഹചര്യമാണ് തെളിയുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.