വരനു മാലയിടാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു കസേരയില്‍ കയറി നില്‍ക്കുന്നു. 14 വയസ് പോലും ആയിട്ടില്ല. ഒത്ത ശരീരവും പൊക്കവുമുള്ള 22 വയസ്സെങ്കിലുമുള്ള ആളാണ് വരന്‍. വടക്കെ ഇന്ത്യയിലെ ഒരു കുഗ്രാമത്തില്‍നിന്നുള്ള ശൈശവ വിവാഹത്തിന്റെ ഫോട്ടോ കണ്ടപ്പോള്‍ സുപ്രീം കോടതി ജഡ്ജിമാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.
ഇന്ത്യയില്‍ പലയിടങ്ങളിലും നടക്കുന്ന ഇത്തരത്തിലുള്ള ശൈശവ വിവാഹങ്ങള്‍ സംബന്ധിച്ച കേസാണ് കോടതി പരിഗണിച്ചിരുന്നത്. സാമൂഹികമായ പിന്നാക്കാവസ്ഥ, ദാരിദ്ര്യം, അജ്ഞത എന്നിവയാണ് ഇതിന് കാരണമെന്ന് കോടതി പറഞ്ഞു. മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യമാണിത്. പരിഷ്‌കൃത രാജ്യത്തിന് അപമാനം- കോടതി പ്രതികരിച്ചു.
ശൈശവ വിവാഹത്തിന് എതിരെ നിയമം കൊണ്ട് ആഞ്ഞടിച്ചിരിക്കുന്ന സംസ്ഥാനം കര്‍ണാടകയാണ്. മുന്‍ സുപ്രീം കോടതി ജഡ്ജി ശിവരാജ് പാട്ടീല്‍ അധ്യക്ഷനായ കമ്മിറ്റി ഈ സാമൂഹികതിന്മ അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. പെണ്‍കുട്ടിയുടെ പ്രായം പതിനെട്ടിന് താഴെയാണെങ്കില്‍ വിവാഹത്തിന് നിയമസാധുതയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലൂടെ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ അത് പിന്തുടരണം.
കേന്ദ്ര സര്‍ക്കാരും വിവിധ സാമൂഹിക സംഘടനകളും നടത്തിയ സര്‍വെയില്‍നിന്ന് തെളിയുന്നത് ഇതാണ്- ഇന്ത്യയില്‍ നടക്കുന്ന വിവാഹങ്ങളില്‍ 30 ശതമാനം ശൈശവ വിവാഹങ്ങളാണ്. 18 വയസ്സില്‍ താഴെയാണ് പെണ്‍കുട്ടികളുടെ പ്രായം. പ്രായപൂര്‍ത്തിയാവാന്‍ 18 വയസ്സ് വേണം. രാജ്യത്ത് പ്രതിവര്‍ഷം രണ്ട് കോടിയിലേറെ ശൈശവ വിവാഹങ്ങള്‍ നടക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. സമൂഹം വെറുപ്പോടെ കാണേണ്ട തിന്മയാണ് ശൈശവ വിവാഹങ്ങള്‍. ഗൗരവപ്പെട്ട മനുഷ്യാവകാശ ലംഘനവുമാണത്. എന്നിട്ടും ഈ അനാചാരത്തെ എതിര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മനസ്സ് പൂര്‍ണ്ണമായും തുറക്കാത്തതിനെ കോടതി ശക്തിയായി വിമര്‍ശിച്ചു.
കാലാകാലങ്ങളായി നിലനിന്നു പോരുന്ന ഈ സാമൂഹിക വ്യവസ്ഥിതി തുടച്ചു നീക്കണം. ചില ജീവിതരീതികള്‍ക്ക് നേരെ കണ്ണടക്കേണ്ടി വരുമെന്നുള്ളതാണ് കേന്ദ്രനിലപാട്. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ബലാല്‍സംഗമാണെങ്കിലും പെണ്‍കുട്ടി ഒരാളുടെ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയായിപ്പോയതിനാല്‍ പരിരക്ഷ നല്‍കുന്ന വ്യവസ്ഥയും ശിക്ഷാനിയമത്തിലുണ്ട്. ഈ വ്യവസ്ഥ നിയമവും മനുഷ്യാവകാശങ്ങളും ലംഘിക്കുന്ന ഒന്നായി കണ്ടുകൊണ്ട് സുപ്രീം കോടതി റദ്ദാക്കിയതിലാണ് ഗൗരവപ്പെട്ട പ്രസ്തുത പരാമര്‍ശങ്ങള്‍ ഉള്ളത്.
ശൈശവ വിവാഹങ്ങള്‍ക്ക് ഇനി ഇന്ത്യയില്‍ നിലനില്‍പ്പില്ല. സുപ്രീം കോടതി വിധിയോടെ അവയ്ക്ക് തിരശ്ശീല വീണു. പക്ഷെ എത്ര സംസ്ഥാനങ്ങള്‍ക്ക് ഈ വിധി പ്രാബല്യത്തിലാക്കി നടപ്പിലാക്കാന്‍ കഴിയും? അത് കാത്തിരുന്ന് കാണേണ്ടതാണ്.
Niyamavedi, Ban Child Marriage, Supreme Court Judgement, Law Issues, Niyamavedhi Column