ര്‍ക്കാര്‍ വകുപ്പുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാന്‍ ഒരു പൗരന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രവേശിക്കുന്നതിനെ അതിക്രമിച്ചു കയറ്റമായി കണക്കാക്കി പോലീസ് നടപടി എടുക്കുന്നതു ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൃഷി ആവശ്യത്തിനുള്ള പമ്പിന് ഇലക്ട്രിക് കണക്ഷനുള്ള അപേക്ഷയാണ് കൃഷിക്കാരനായ ജയദാസ് തൃശ്ശൂരിലെ അസി. കൃഷി ഡയറക്ടര്‍ മുമ്പാകെ നല്‍കിയത്. ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നോടു പരുഷമായി പെരുമാറിയെന്ന് ജയദാസ് പറഞ്ഞു. അല്‍പ്പം വാക്കുതര്‍ക്കവും ഉണ്ടായി. എന്നാല്‍ ജയദാസ് മദ്യപിച്ചെത്തി അസഭ്യം പറഞ്ഞുവെന്ന് കൃഷി അസി. ഡയറക്ടറായ വനിത പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പോലീസ് ഓഫീസില്‍ അതിക്രമിച്ചു കയറി ബഹളം വെച്ചുവെന്ന് ആരോപിച്ച് കേസ് എടുത്തു. ഇതു റദ്ദാക്കാനാണ് ജയദാസ് ഹൈക്കോടതിയെ സമീപിച്ചത്. 

താന്‍ ഉദ്യോഗസ്ഥരേയോ മറ്റു ജീവനക്കാരേയോ കയ്യേറ്റം ചെയ്തുവെന്നോ മദ്യപിച്ചുവെന്നോ തെളിയിക്കപ്പെട്ടിട്ടില്ല എന്നു പരാതിക്കാരന്‍ പറഞ്ഞു. 'എന്ത് അസഭ്യമാണ് പരാതിക്കാരന്‍ പറഞ്ഞത്? അതെക്കുറിച്ച് യാതൊന്നും തെളിവില്‍ കാണുന്നില്ലെ'ന്ന് ഹൈക്കോടതിയും പറഞ്ഞു. ഉദ്യോഗസ്ഥരെ തങ്ങളുടെ പ്രവൃത്തി നിര്‍വഹിക്കുന്നതില്‍ നിന്നു പരാതിക്കാരന്‍ തടഞ്ഞതായും കാണുന്നില്ല. 'ആരെയെങ്കിലും പരാതിക്കാര്‍ കയ്യേറ്റം ചെയ്തിട്ടുണ്ടോ? അതും പോലീസ് പറയുന്നില്ല'.

താന്‍ ഇലക്ട്രിക് പമ്പിനുള്ള കണക് ഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. അത് അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഓഫീസില്‍ പോയത്. പരാതിക്കാരന്റെ ഈ വാദം ഹൈക്കോടതി അംഗീകരിച്ചു. 'അതിനെ സര്‍ക്കാര്‍ ഓഫീസില്‍ അതിക്രമിച്ചു കയറിയതായി വ്യാഖ്യാനിക്കാന്‍ പാടില്ല.' ഹൈക്കോടതി പറഞ്ഞു. 

പരാതിക്കാരന്‍ മദ്യപിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി. എന്നാല്‍ ഹര്‍ജിക്കാരന്‍ മദ്യപിച്ചിരുന്നു എന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എവിടെയും പറയുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തന്റെ ശബ്ദിക്കാനുള്ള അവകാശത്തെ പരാതിക്കാരും പോലീസും ചേര്‍ന്ന് ഞെക്കിക്കൊന്നതാണെന്നുള്ള ഹര്‍ജിക്കാരന്റെ വാദത്തിന് ശക്തിയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. 

'ഒരു കുറ്റവും ചെയ്യാത്ത ആളെഎന്തിനു വിചാരണ ചെയ്യണം? അതില്‍ ന്യായീകരണമില്ല' എന്നു പറഞ്ഞു കൊണ്ട് തൃശ്ശൂര്‍ മജസ്ട്രേട്ട് കോടതിയുടെ കീഴിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.