രോഗിയെ പരിശോധിക്കാതെ മരുന്നിന് കുറിപ്പ് നല്‍കുന്നത് ഡോക്ടറുടെ ഭാഗത്തുനിന്നുള്ള ക്രൂരമായ ഉദാസീനതയും അലക്ഷ്യ സമീപനവുമാണെന്ന് മുംബൈ ഹൈക്കോടതി അതിനിശിതമായി കുറ്റപ്പെടുത്തി.

ഇങ്ങനെ ഗുരുതരമായ വീഴ്ച വരുത്തിയ ഡോക്ടര്‍ക്ക് എതിരെ കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യക്ക് കേസ് എടുത്ത പോലീസ് നടപടി മുംബൈ ഹൈക്കോടതി ശരിവച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള ഡോ. സജീവ് ഗവാസ്‌കറും ഭാര്യ ഡോ. ദീപയുമായിരുന്നു ഹര്‍ജിക്കാര്‍. പോലീസ് കേസിനെത്തുടര്‍ന്ന് ഇരുവരും മുന്‍കൂര്‍ ജാമ്യം തേടി ഹര്‍ജി നല്‍കി. എന്നാല്‍ അത് ഹൈക്കോടതി തള്ളി. ഒരു യുവതിയുടെ മരണത്തെ തുടര്‍ന്നാണ് കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ കുറ്റം ചുമത്തി പോലീസ് ഡോക്ടര്‍മാര്‍ക്ക് എതിരെ കേസ് എടുത്തത്.

പോലീസ് കേസ് ഫയല്‍ പരിശോധിച്ച കോടതി ഡോക്ടര്‍മാരുടെ അലക്ഷ്യമായ സമീപനരീതിയാണ് കണ്ടെത്തിയത്. രോഗിയെ ഫലപ്രദമായി പരിശോധിക്കാനോ ചികിത്സ നിശ്ചയിക്കാനോ ഡോക്ടര്‍മാര്‍ ശ്രദ്ധ കാണിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. രോഗിയെ പരിശോധിക്കാതെയും മരുന്നിന് കുറിപ്പ് നല്‍കി,

ഇങ്ങനെയുള്ള ഡോക്ടര്‍മാര്‍ പ്രാക്ടീസല്ല നടത്തുന്നത്. മറിച്ച് പ്രാക്ടീസ് ഗൗരവപ്പെട്ട രീതിയില്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോടതി പറഞ്ഞു. കുറ്റകരമായ നരഹത്യ തന്നെയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്ന് കേസിലെ വസ്തുതകളും സാഹചര്യവും കണക്കിലെടുത്തുകൊണ്ട് ഹൈക്കോടതി പറഞ്ഞു. അതിനാല്‍ ഒരു സംരക്ഷണവും ഈ പ്രതികള്‍ക്ക് നല്‍കാന്‍ കഴിയില്ല.

രോഗിയെ സംരക്ഷിക്കേണ്ട ഡോക്ടര്‍മാര്‍ ചെയ്തത് രോഗിയുടെ ജീവന്‍ അപഹരിക്കാനുള്ള വഴി ഉണ്ടാക്കിയതാണെന്ന് കോടതി പറഞ്ഞു. അത് മാത്രമോ? പോലീസ് കേസ് ഉണ്ടായപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ പ്രതികള്‍ സ്വാധീനിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘടന പണിമുടക്കുമെന്ന് ഭീഷണിപ്പെടുത്തി.

രണ്ട് ദിവസം രത്നഗിരിയിലെ സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ട നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്ന് കോടതി പറഞ്ഞു. ഇതെത്തുടര്‍ന്നാണ് രോഗികള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകേണ്ടി വന്നു. ഡോക്ടര്‍മാര്‍ ഇത്ര ഗൗരവപ്പെട്ട വീഴ്ച നരുത്തിയാല്‍ അത് ക്രിമിനല്‍ കുറ്റം തന്നെയാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരത്തില്‍ പെരുമാറുന്ന ഡോക്ടര്‍മാരെ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കേണ്ട കാലമാണിതെന്നും ഹൈക്കോടതി പറഞ്ഞു.