ക്രിമിനല്‍ കേസില്‍ പ്രതിയായി, സ്വഭാവശുദ്ധിയില്ലാതെ സമൂഹത്തില്‍ നാണംകെട്ട് നടക്കുന്ന ഒരു അഭിഭാഷകനെ സര്‍ക്കാറിന്റെ വക്കീലായി നിയമിക്കുന്നത് തികച്ചും നിയമവിരുദ്ധമായ നടപടിയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെ ജില്ലാ കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറും പ്രോസിക്യൂട്ടറുമായി സുനില്‍ പോപ്പട്ടിനെ നിയമിച്ച സര്‍ക്കാര്‍ നടപടി മുംബൈ ഹൈക്കോടതി റദ്ദാക്കി.

ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായ ഇദ്ദേഹത്തെ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചിട്ടുമുണ്ട്. അപ്പീല്‍ ജില്ലാ കോടതിയില്‍ നിലനില്‍ക്കുന്നു. ഒരു സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക ചുവയോടെ സംസാരിച്ച് ഭീഷണിപ്പെടുത്തിയതാണ് കേസ്. മറ്റൊരു ക്രിമിനല്‍ കേസില്‍ 60 പേര്‍ക്കൊപ്പം പ്രതിയാണ്. അദ്ദേഹത്തിന്റെ സ്വഭാവശുദ്ധി ഒട്ടും ഇല്ലെന്നും കേസ് അന്വേഷണങ്ങളില്‍ അനാവശ്യമായി ഇടപെട്ടുവെന്നും ധുലെ പോലീസ് സൂപ്രണ്ട് സര്‍ക്കാരില്‍ പരാതിപ്പെട്ടിട്ടുണ്ട്. നാട്ടില്‍ നടന്ന ഈ സംഭവത്തില്‍ മുസ്ലിങ്ങളെ ഒഴിവാക്കിയുള്ള പോലീസ് നടപടി നിയമവിരുദ്ധമാണെന്നുള്ളതാണ് അദ്ദേഹത്തിന്റെ പരാതി.

സമര്‍ഥരായ പലരും നിയമന ലിസ്റ്റില്‍ ഉള്ളപ്പോള്‍ ഒട്ടും സ്വഭാഗശുദ്ധിയില്ലാത്ത വ്യക്തിയാണ് സുനില്‍ പോപ്പട്ട്. അദ്ദേഹത്തിന് എതിരായ നിലപാടാണ് സംസ്ഥാന നിയമ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിന് ഒട്ടും യോഗ്യനല്ലെന്ന് നിയമവകുപ്പ് പറയുന്നു. നിയമത്തെക്കുറിച്ച് അദ്ദേഹത്തിന് കാര്യമായ വിവരമില്ലെന്നും ജില്ലാ ജഡ്ജിയും റിപ്പോര്‍ട്ട് എഴുതി. ഇങ്ങനെ പ്രതികൂല പരാമര്‍ശങ്ങള്‍ ഉള്ളപ്പോഴും അദ്ദേഹത്തെ നിയമിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

ഈ നിയമനം ദൂഷിതമായ ഒന്നാണ്. ഇത്തരം നടപടി സര്‍ക്കാറിന്റെ വിശ്വാസ്യതയെ നശിപ്പിക്കുമെന്ന് വിമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി അത് റദ്ദാക്കിയത്. ബന്ധപ്പെട്ട പോലീസ് ഫയലുകള്‍ നോക്കിയാല്‍ സമൂഹത്തില്‍ നാണം കെട്ടുനടക്കുന്ന ഒരു വക്കീലാണ് ഇദ്ദേഹം. ഈ നിയമനം പൊതുജനമധ്യത്തില്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്നും ഹൈക്കോടതി പറഞ്ഞു.

ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് പൊതുസമൂഹത്തിന് മാതൃകയാക്കേണ്ട വ്യക്തിയാണ് ഗവണ്‍മെന്റ് പ്ലീഡര്‍. നിഷ്പക്ഷനായി പ്രവര്‍ത്തിക്കണം. ഇവിടെ ക്രിമിനല്‍ കേസില്‍ പ്രതിയായി നടക്കുന്ന ഒരു വക്കീലാണ് സമൂഹത്തില്‍ ഒരു മാന്യതയുമില്ല.- ഹൈക്കോടതി നിശിതമായി വിര്‍ശിച്ചുകൊണ്ട് പറഞ്ഞു.