പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരാള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒരമ്മയും നോക്കി നില്‍ക്കില്ല. മനസ്സിന് ഏല്‍ക്കുന്ന കനത്ത ആഘാതത്തില്‍ പ്രതിയോഗിയെ അമ്മ നേരിടുക സ്വാഭാവികമാണ്. പ്രതിയോഗി ഒരു പക്ഷെ കൊല്ലപ്പെടാം.
ആത്മരക്ഷാര്‍ത്ഥമായാണ് താന്‍ അങ്ങനെ ചെയ്തതെന്നും അത് കൊലപാതകമല്ലെന്നും ഒരമ്മയ്ക്ക് വാദിക്കാം. അത് ന്യായീകരിക്കാമെന്നാണ് ഡല്‍ഹി ഹൈക്കോടതി ഒരു സുപ്രധാന വിധിയില്‍ വ്യക്തമാക്കിയത്. പെണ്‍കുട്ടിയുടെ അമ്മയെയും അവരോടൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളിയായിത്തീരുകയും ചെയ്ത വിരേന്ദര്‍ എന്നയാളെയും ജീവപര്യന്തം ശിക്ഷിച്ചിരുന്ന കീഴ്ക്കോടതി വിധി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഇരുവരെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.
2008-ലാണ് സംഭവം. സത്യേന്ദര്‍ എന്നയാളാണ് മധു എന്ന യുവതിയുടെ പ്രായപൂര്‍ത്തായാകാത്ത മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. മധുവും വിജേന്ദറും ചേര്‍ന്ന് ഇയാളെ നേരിട്ടു. വിജേന്ദര്‍ ശ്വാസം മുട്ടിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തില്‍ മധുവിനെയും പ്രതിയാക്കി പോലീസ് കൊലപാതകത്തിന് കേസ് എടുത്തു.
സത്യേന്ദറിനെ കൊലപ്പെടുത്താന്‍ യാതൊരു ഉദ്ദേശ്യവും തങ്ങള്‍ക്കില്ലായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞു. മകള്‍ക്ക് എതിരെ കടന്നാക്രമണം ഉണ്ടായപ്പോള്‍ അത് കണ്ടുനില്‍ക്കാന്‍ ഒരമ്മയ്ക്കും കഴിയില്ല. സംഘര്‍ഷം ഉണ്ടായപ്പോള്‍ ആത്മരക്ഷാര്‍ത്ഥം ബലപ്രയോഗം വേണ്ടിവന്നു. ആത്മരക്ഷാവാദം ഉന്നയിച്ചുള്ള നടപടിക്ക് നിയമത്തിന്റെ പരിരക്ഷയുണ്ടെന്നുള്ള വ്യവസ്ഥ പ്രതികള്‍ ഉന്നയിച്ചതാണ് ഡല്‍ഹി ഹൈക്കോടതി പൂര്‍ണ്ണമായും സ്വീകരിച്ചത്.
ബലാല്‍സംഗത്തിന് സത്യേന്ദര്‍ ശ്രമിച്ചിരുന്നതായും സംഘര്‍ഷത്തിന് അതാണ് കാരണമെന്നും പ്രോസിക്യൂഷന്‍ തന്നെ ആരോപിക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. മല്‍പ്പിടുത്തത്തില്‍ വിജേന്ദര്‍ ബലം പ്രയോഗിക്കുകയും അത് സത്യേന്ദറിന്റെ മരണത്തിന് കാരണമാകുകയും ചെയ്തു.
സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ മകള്‍ക്കെതിരെ ബലാല്‍സംഗശ്രമം നടന്നതിനാല്‍ അമ്മ പ്രകോപിതയായി. അല്ലാതെ പ്രതിയോഗിയെ കൊല്ലാന്‍ ഇരുവര്‍ക്കും കൂട്ടായ ഉദ്ദേശ്യം ഉള്ളതായി കണക്കാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിക്കാന്‍ സത്യേന്ദര്‍ ശ്രമിച്ചപ്പോഴാണ് വിജേന്ദര്‍ ഇടപെട്ടതെന്ന പെണ്‍കുട്ടിയുടെ മൊഴിയും വിശ്വസനീയമാണെന്ന് ഹൈക്കോടതി പറഞ്ഞു. ആരുടെ കയ്യിലും ആയുധങ്ങള്‍ ഇല്ലായിരുന്നു.
ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് കൊലപാതകത്തിന് ഉദ്ദേശ്യമില്ലായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞത്. അതിനാല്‍ ആത്മരക്ഷാവാദം സ്വീകരിച്ചാണ് കീഴ്ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയത്.