നാലു വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പൈശാചികമായി കൊലപാതകം നടത്തിയ പ്രതിയുടെ വധശിക്ഷ ഒരു കാരണവശാലും ഒഴിവാക്കാന്‍  കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കാന്‍ കഴിയില്ല. അതിനുള്ള സാഹചര്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലന്ന് കോടതി വ്യക്തമാക്കി.

പ്രതിയായ വസന്ത് ദുവെറയ്ക്ക് നാഗ്പുര്‍ ജില്ലാ കോടതി വധശിക്ഷ വിധിച്ചത് മുംബൈ ഹൈകോടതി ശരിവച്ചു. അതിനെതിരെ പ്രതിയുടെ അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രിം കോടതിയും 2014 -ല്‍ ശിക്ഷ ശരിവച്ചു. പ്രതി പിന്നീട് പുനഃപരിശോധന ഹരജി നല്‍കി. അതാണ് കോടതി ഇപ്പോള്‍ തള്ളിക്കൊണ്ട് ചില സുപ്രധാന പരാമര്‍ശം നടത്തിയിരിക്കുന്നത്.

പ്രതിയുടെ സ്വഭാവരീതി പരിശോധിച്ചു പുനരധിവസിപ്പിക്കാനുള്ള സാധ്യതയുണ്ടോ എന്ന് കൂടി ആരാഞ്ഞു കൊണ്ടായിരിക്കണം ശിക്ഷ പിന്‍വലിക്കേണ്ടതെന്നു സുപ്രിം കോടതി മുന്‍പ് പറഞ്ഞിരുന്നു. അതിനുള്ള സാഹചര്യങ്ങള്‍ വിലയിരുത്താതെയാണ് വധശിക്ഷ വിധിച്ചതെന്നും അതിനാല്‍ ശിക്ഷ പുനഃപരിശോധിക്കണം എന്നുമായിരുന്നു പ്രതി ഉന്നയിച്ചത്. അതിനുള്ള സാഹചര്യങ്ങള്‍ പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പക്ഷെ ആ സാഹചര്യങ്ങള്‍ക്ക് പ്രസ്‌ക്തിയില്ലെന്നു സുപ്രിം കോടതി പറഞ്ഞു. ജയിലില്‍ സല്‍സ്വഭാവിയാണെന്നും ഹ്രസ്വകാല കോഴ്സുകള്‍ക്കു പഠിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു 

വഴിയില്‍ നിന്നിരുന്ന നാലു വയസുകാരിയെ പ്രതി ചോക്ലേറ്റ് നല്‍കി ആകര്‍ഷിച്ചു. പിന്നീട് സൈക്കിളിയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി. 34 വയസുകാരനായ പ്രതി തുടര്‍ന്നു കുഞ്ഞിനെ ബലാത്സംഗം ചയ്തു. അതിനു ശേഷം വലിയ കല്ലുകൊണ്ട് തലയിലും ദേഹത്തും ഇടിച്ചു ക്രുരമായി കൊലപ്പെടുത്തി. പോലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് മൃതദേഹം പ്രതി കാണിച്ചു കൊടുക്കുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലെങ്കിലും പെണ്‍കുഞ്ഞിനെ സൈക്കിളില്‍ കയറ്റി കൊണ്ടുപോകുന്നതിന് ദൃക്‌സാക്ഷികള്‍ ഉണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ റിപ്പോര്‍ട്ടില്‍നിന്നും അതൊരു പൈശാചികമായ കൊലപാതകം ആയിരുന്നുവെന്നു കണ്ടെത്തി.

ഈ പ്രതിയുടെ മനസ് ഒരു കാലത്തും മാറില്ല. അതാണ് കുറ്റകൃത്യത്തിന്റെ സ്വഭാവത്തില്‍നിന്നും കാണുന്നതെന്നു കോടതി പറഞ്ഞു. നാലു വയസുകാരിയെയാണ് പ്രതി ബലാത്സംഗം ചെയ്തത്. പ്രതിയുടെ മനസ്സ് അത്രക്കു ജീര്‍ണിച്ചതാണെന്നും കോടതി പറഞ്ഞു. നിസ്സഹായായ പെണ്‍കുട്ടിയാണത്. അതുകൂടി കണക്കിലെടുക്കണം. പ്രതി പിശാചിനെപ്പോലെ വരുമ്പോള്‍ ഒരു കൈ പോലും ഉയര്‍ത്താന്‍ കഴിയാത്ത കൊച്ചു കുട്ടി. ഈ ഒറ്റ സാഹചര്യം മാത്രം വിലയിരുത്തിയാല്‍ പ്രതി അനുകമ്പയുടെ ഒരു കണിക പോലും അര്‍ഹിക്കുന്നില്ലന്ന് സുപ്രിം കോടതി  ചൂണ്ടിക്കാട്ടി. 

പ്രതി വധശിക്ഷ തന്നെ അനുഭവിക്കണം. ശിക്ഷാരീതിയില്‍ ഒരു മാറ്റവും വരുത്തേണ്ടത്തില്ലെന്നും സുപ്രിം കോടതി പറഞ്ഞു.