ത്ത് വയസ്സുകാരനായ വിദ്യാര്‍ത്ഥി സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പ് സുപ്രീം കോടതി നീതിപീഠത്തെ സന്തോഷിപ്പിച്ചു. ആശ്ചര്യപ്പെടുത്തുകയും ചെയ്തു. തന്റെ അച്ഛനും അമ്മയും തമ്മില്‍ വര്‍ഷങ്ങളായി നീണ്ടു നിന്ന കുടുംബ തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടത് സുപ്രീം കോടതിയാണ്. വിധി കേള്‍ക്കാന്‍ വിഭു എന്ന പത്ത് വയസ്സുകാരനും കോടതിയില്‍ സന്നിഹിതനായിരുന്നു.

ദൈവാനുഗ്രഹത്താല്‍ കിട്ടിയ വിധിയാണിതെന്ന് വിഭു പറഞ്ഞു. അത് അല്‍പം കട്ടിയുള്ള കടലാസില്‍ വിഭു തന്നെ എഴുതി ജഡ്ജിമാര്‍ക്ക് നല്‍കി നന്ദി പ്രകടിപ്പിച്ചു. വിധിയെ ഇങ്ങനെയാണ് വിഭു വിശേഷിപ്പിച്ചത്. 'എല്ലാ പ്രശ്നങ്ങളും പരിഗണിക്കാനുള്ള താക്കോലാണ് ഈ വിധി. അത് വെളിച്ചമാണ് മനസ്സില്‍ നല്‍കുക. ദുഃഖങ്ങള്‍ക്ക് ആശ്വാസം.'

ഈ വാക്കുകള്‍ തങ്ങള്‍ക്ക് കിട്ടുന്ന പ്രശംസയായിട്ടാണ് കാണുക എന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. വിഭുവിന്റെ മാതാപിതാക്കള്‍ 1997-ല്‍ വിവാഹിതരായി. രണ്ട് കുട്ടികള്‍ ഉണ്ട്. വിഭുവും സഹോദരി ഭൂവിയും 2011 മുതല്‍ അച്ഛനും അമ്മയും വേറിട്ട് താമസിക്കുന്നു. ദാമ്പത്യബന്ധം തകര്‍ന്നതാണ് കാരണം. അച്ഛനും അമ്മയും തമ്മില്‍ വിവാഹമോചന കേസും മറ്റ് ക്രിമില്‍ സിവില്‍ കേസുകളും നിലനില്‍ക്കുന്നു. പഞ്ചാബ് ഹൈക്കോടതി മുതല്‍ കീഴ്ക്കോടതികള്‍ വരെ കേസുകള്‍ നിലനില്‍ക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചാബ് ഹൈക്കോടതി ജഡ്ജി ലിസ ഗില്‍, മധ്യസ്ഥരായ അഡ്വ. മീനാക്ഷി അറോറ എന്നിവര്‍ പരിശ്രമിച്ചു.

പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചു. വിവാഹമോചനവും അവര്‍ക്ക് അനുവദിച്ചു. ഇരുപത്തൊന്നോളം കേസുകള്‍ കീഴ്ക്കോടതിയില്‍ നിലനില്‍ക്കുന്നതാണ് പരിഹരിച്ചത്. മാതാപിതാക്കളായ പ്രദീപ് ഭണ്ഡാരിയും അനു ഭണ്ഡാരിയും തമ്മിലുള്ള വിവാഹബന്ധവും സുപ്രീം കോടതി വേര്‍പ്പെടുത്തി. ഇരു കക്ഷികളുടെയും സമ്മതപ്രകാരമാണ് അതിന് കോടതി വിധി എഴുതിനല്‍കിയത്. 

അച്ഛനും അമ്മയും തമ്മിലുള്ള വ്യവഹാരങ്ങള്‍ സുപ്രീം കോടതി അവസാനിപ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് തനിക്ക് ഒരു കുറിപ്പ് നല്‍കാനുണ്ടെന്ന് വിദ്യാര്‍ഥിയായ വിഭു കോടതിയെ അറിയിച്ചത്. വിദ്യാര്‍ഥി നല്‍കിയ കുറിപ്പ് കോടതി സ്വീകരിച്ചുകൊണ്ട് അത് വിധിയില്‍ രേഖപ്പെടുത്തി. പ്രശ്നങ്ങള്‍ പരിഹരിച്ചുകിട്ടാന്‍ അനു ഭണ്ഡാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കം വിഭുവിനെ അലട്ടിയിരുന്നു.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം നടന്നത്.