'ജഡ്ജിമാരെ നിങ്ങള്‍ ഗുണ്ടകളാണ്. ഗുണ്ടകളെപ്പോലെ പെരുമാറുന്നു. ഇത് കോടതിയുടെ അന്തസിന് ചേര്‍ന്നതല്ല.' കോടതി മുറിയില്‍ ക്ഷുഭിതനായ ഒരു അഭിഭാഷകന്റെ ശബ്ദമാണിത്. നാടകീയമായ ഈ രംഗം അലഹബാദ് ഹൈക്കോടതിയിലായിരുന്നു.

അഭിഭാഷകനായ അശോക് പാണ്ഡെ തുടര്‍ന്ന് ജഡ്ജിമാര്‍ക്ക് എതിരെ അസഭ്യം വര്‍ഷിച്ചു. കോടതി നടപടി തടസ്സപ്പെട്ടു. അലങ്കോലമായ സ്ഥിതി അഭിഭാഷകനെ കോടതിക്ക് പുറത്താക്കി. അശോക് പാണ്ഡെ വക്കീല്‍ കുപ്പായമില്ലാതെയാണ് കോടതി മുറിയില്‍ എത്തിയത്. ഷര്‍ട്ട് മുഷിഞ്ഞിരുന്നു. ബട്ടണ്‍സ് ഇട്ടില്ല.

ഒരു കേസ് കോടതി കേട്ടുകൊണ്ടിരുന്നു. അത് തടസ്സപ്പെട്ടു.
ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇടൂ- ജഡ്ജിമാര്‍ പറഞ്ഞു. വക്കീല്‍ കുപ്പായം ഇല്ലാതെ എന്തിന് എത്തി? കോടതി ചോദിച്ചു.

'അതൊന്നും വേണ്ട ഞാന്‍ പറയുന്നത് കേള്‍ക്കൂ. അഭിഭാഷകരുടെ വേഷവിധാനം മാറ്റേണ്ട കാലമായി എന്തിനാണ് ഈ കറുത്ത കുപ്പായം? അത് കാലഹരണപ്പെട്ടതാണ്. അത് ചോദ്യം ചെയ്തുകൊണ്ട് എന്റെ ഹര്‍ജിയുണ്ട്. അതുകൊണ്ടാണ് ഞാന്‍ വക്കീല്‍ കുപ്പായമില്ലാതെ സാധാരണ വേഷത്തില്‍ നേരിട്ട് ഹാജരായത്.' അദ്ദേഹം പറഞ്ഞു.

കോടതി നടപടി അലങ്കോലപ്പെട്ടു. ജഡ്ജിമാരെ അധിക്ഷേപിച്ചു സംസാരിച്ച അഭിഭാഷകന് എതിരെ ഡിവിഷന്‍ ബഞ്ച് കോടതിയലക്ഷ്യക്കുറ്റം ചുമത്തി. ഓഗസ്റ്റ് 31-ന് വീണ്ടും ഹാജരാകാന്‍ ഉത്തരവിട്ടു. അന്ന് വിചാരണ നടക്കും. ഈ അഭിഭാഷകന്‍ കോടതിയുടെ അന്തസ്സ് കെടുത്തിയതിനാല്‍ ചട്ടപ്രകാരം എന്ത് നടപടി വേണമെന്ന് ഉത്തര്‍ പ്രദേശ് ബാര്‍ കൗണ്‍സിലിനോട് ഹൈക്കോടതി ചോദിച്ചിട്ടുണ്ട്. ഇയാളുടെ മുന്‍കാല പെരുമാറ്റങ്ങള്‍ എന്താണ്? അതും അന്വേഷിക്കണം.

അഭിഭാഷകരുടെ വേഷത്തില്‍ കാലത്തിന് അനുസൃതമായ മാറ്റം ആവശ്യമാണെന്ന് ഉന്നയിക്കുന്ന ഹര്‍ജി കേരള ഹൈക്കോടതിയുടെ അപ്പീല്‍ ബഞ്ചില്‍ ഇപ്പോഴും പരിഗണനയിലാണ്. പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കിയിട്ടുള്ള അഡ്വ. വിന്‍സെന്റ് പാനിക്കുളങ്ങരയാണ് ഹര്‍ജിക്കാരന്‍. ബ്രിട്ടണില്‍ ഈ വേഷം ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ധരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിന് അനുസരിച്ച് വേഷം മാറ്റാനാണ് ഹര്‍ജി.

Content Highlights: