നേരറിയാന്‍ സിബിഐ എന്നാണല്ലോ ചൊല്ല്? പക്ഷെ ഈ കൊലക്കേസില്‍ എന്താണ് സി.ബി.ഐ. കണ്ടെത്തിയിരിക്കുന്നത്? സത്യം എന്താണ്?
'ഒന്നുമില്ല. അത്രതന്നെ.' സുപ്രീം കോടതി വിമര്‍ശിച്ചു.

കോളിളക്കം സൃഷ്ടിച്ച കേസാണ്. ഇക്കഴിഞ്ഞ ജൂലായ് 28-ന് ധന്‍ബാദിലെ(ജാര്‍ഖണ്ഡ്) ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ ഒരു വാഹനം ഇടിച്ചു കൊലപ്പെടുത്തിയതാണ് കേസ്.

അന്വേഷണം സി.ബി.ഐയെ ഏല്‍പിച്ചുകൊണ്ട് സുപ്രീം കോടതിയാണ് സ്വമേധയാ ഉത്തരവിട്ടത്. പക്ഷെ ഒരാഴ്ചയിലധികം കഴിഞ്ഞിട്ടും എന്താണ് സി.ബി.ഐ. കണ്ടെത്തിയിരിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.
ശൂന്യം- ഒന്നുമില്ല, അത്ര മാത്രം.

അന്വേഷണത്തെക്കുറിച്ച് സി.ബി.ഐ. മുദ്രവെച്ച കവറില്‍ കാര്യങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദുരൂഹമായ ഒരു കൊലപാതകമാണിത്. അതിന് കാരണം എന്താണ്? അതെക്കുറിച്ച് യാതൊന്നും സി.ബി.ഐ. പറയുന്നില്ലെന്ന് കോടതി പറഞ്ഞു.

ഒരു സൂചനയുമില്ല. ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോടതിയുടെ കടുത്ത വിമര്‍ശനം. നിര്‍ഭാഗ്യകരമായ സ്ഥിതിയിലാണ് സി.ബി.ഐ. എന്ന് കോടതി പറഞ്ഞു. മൂന്ന് പ്രതികള്‍ കസ്റ്റഡിയിലാണ്. എന്നിട്ടുകൂടി ഒരു സൂചനയും നല്‍കാന്‍ സി.ബി.ഐക്ക് കഴിയാത്ത ദയനീയ സ്ഥിതി. ഇതാണ് കോടതിയുടെ അതൃപ്തിക്ക് കാരണം.

അന്വേഷണം സംബന്ധിച്ച് വിശദ റിപ്പോര്‍ട്ടിനായി കോടതി കേസ് മാറ്റിവെച്ചു. ഏതായാലും ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കട്ടെ എന്ന് കോടതി പറഞ്ഞു.

പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് ഉത്തം ആനന്ദിനെ വാഹനം ഇടിച്ചുവീഴ്ത്തിയത്. അദ്ദേഹം കൊല്ലപ്പെട്ടു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. സത്യം തെളിയിക്കാന്‍ സി.ബി.ഐക്ക് കഴിയുമോ എന്നാണ് ചോദ്യം.

Content Highlights: Judge Uttam Anand's murder: report does not indicate anything on motive, SC slams CBI