മ്പിത്തിരിയും പടക്കങ്ങളും അടക്കം ചെയ്ത പാക്കറ്റില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ഒട്ടിച്ചിരിക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുമോ? ഈ ചിത്രങ്ങള്‍ എടുത്തു മാറ്റണമെന്ന ആവശ്യം മുംബൈ ഹൈക്കോടതി തള്ളിക്കളഞ്ഞു. മതവികാരങ്ങള്‍ വ്രണപ്പെടുത്താന്‍ പടക്ക നിര്‍മ്മാതാക്കള്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഈ വിധിയുടെ ചുവടുവെച്ച് ഒരു കലാകാരനെതിരെ ഉയര്‍ന്ന ആരോപണവും കോടതി തള്ളി.

ചിത്രകാരനായ വിനീത് കാക്കര്‍ക്കെതിരെ മുംബൈ പോലീസ് ക്രിമിനല്‍ കേസ് എടുത്തത് ഹൈക്കോടതി റദ്ദാക്കി. ജനങ്ങള്‍ക്കിടയില്‍ മതവിദ്വേഷം സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ എന്ന ആരോപണം കോടതി തള്ളി. ഒരു കലാകാരന്റെ സൃഷ്ടികളെ ഇങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അസംബന്ധമാണെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കി.

ഛത്രപതി ശിവജി ഓഡിറ്റോറിയത്തില്‍ അദ്ദേഹം ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. കളിമണ്ണും ഗ്ലാസും കൊണ്ട് സൃഷ്ടിച്ച ചെരിപ്പുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ദൈവങ്ങളെ ചെരിപ്പില്‍ പ്രതിഷ്ഠിച്ച കലാകാരന്‍ മതവിദ്വേഷം വളര്‍ത്തുന്നുവെന്നാണ് ഒരു സാമൂഹിക സംഘടന പ്രവര്‍ത്തകന്‍ ആരോപിച്ചത്. തുടര്‍ന്ന് പോലീസ് കേസ് എടുത്തു. 

പോലീസ് ഓഡിറ്റോറിയത്തില്‍ എത്തി അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ കണ്ടുകെട്ടി. മതവികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു പോലീസ് കേസ്. അതു റദ്ദാക്കാനാണു കലാകാരനായ കാക്കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ചെരിപ്പുകളില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉണ്ട് എന്നത് ശരിതന്നെ. എന്നാല്‍ ആ ചെരിപ്പുകള്‍ ആരെങ്കിലും കാലിലിടാന്‍ ശ്രമിച്ചിട്ടില്ല. കലാകാരന്റെ കാഴ്ചപ്പാടില്‍നിന്നും ആരുടെയെങ്കിലും മതവികാരങ്ങളെ അദ്ദേഹം വ്രണപ്പെടുത്താന്‍ മനഃപൂര്‍വം ശ്രമിച്ചതായി തെളിയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു കലാകാരനു പല കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. അതില്‍ ഒന്നാണിത്. മനഃപൂര്‍വം വിദ്വേഷം ഉണ്ടാക്കാന്‍ ഈ കലാകാരന്‍ ശ്രമിച്ചിട്ടുണ്ടോ? അതിനുള്ള തെളിവില്ലെങ്കില്‍ കലാകാരന് എതിരെയുള്ള പോലീസ് കേസിന് നിലനില്‍പ്പ് ഇല്ലെന്നുള്ള സുപ്രീം കോടതിയുടെ വിധി മുംബൈ ഹൈക്കോടതി ഉദ്ധരിച്ചു. അശ്രദ്ധമായോ അറിയാതെയോ ഒരു കലാകാരന്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞിട്ടുള്ളതു വിധിയില്‍ ചൂണ്ടിക്കാട്ടി.

വളരെ സൂക്ഷ്മമായി നോക്കിയാല്‍ മാത്രമേ ചെരുപ്പില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടെന്നു കാണാന്‍ കഴിയൂ എന്നും ഹൈക്കോടതി പറഞ്ഞു. അതില്‍നിന്നു തന്നെ എന്തെങ്കിലും ഒരുദ്ദേശ്യം കലാകാരന് ഉണ്ടായിരുന്നില്ലെങ്കില്‍ കാണാം. കലാകാരന് എതിരായ കേസ് റദ്ദാക്കിയതിനാല്‍ പോലീസ് പിടിച്ചെടുത്ത അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ തിരിച്ചുകൊടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു