നുഷ്യന്റെ പല്ല് മാരകായുധമാണോ? ആണെന്ന് കരുതി പോലീസ് കേസെടുത്ത നടപടി ഹൈക്കോടതി തിരുത്തി. പ്രതിക്ക് ജാമ്യം നല്‍കുകയും ചെയ്തു.

നെന്മാറ പോലീസിന്റേതാണ് കേസ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഫാറൂഖ് എന്നയാള്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഒരിടത്തു തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്തുവെന്നും ചെവി പല്ലു കൊണ്ട് കടിച്ച് ഗുരുതരമായി പരുക്കേല്‍പിച്ചുവെന്നുമാണ് പോലീസ് കേസ്. ഒരാളെ ഗുരുതരമായി പരുക്കേല്‍പിച്ച കേസ് എന്ന് പോലീസ് ആരോപിച്ചതിനാല്‍ കീഴ്ക്കോടതി പ്രതിക്ക് ജാമ്യം നല്‍കിയില്ല. പോലീസ് കേസ് പ്രകാരം ജാമ്യത്തിന് അര്‍ഹതയില്ല. അതിനാല്‍ പ്രതി അതിനെതിരെ ഹൈക്കോടതിയില്‍ എത്തി.

പ്രതി ഹൈക്കോടതിയില്‍ ഇങ്ങനെ വാദിച്ചു: പല്ല് ഒരു മാരകായുധമല്ല. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഗുരുതരമായ പരിക്കേല്‍പിച്ചുവെന്ന കുറ്റകൃത്യം ബാധകമല്ല. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ തരംതിരിച്ചിട്ടുണ്ട്. അതില്‍ ഈ കുറ്റകൃത്യം ഉള്‍പ്പെടില്ല. 

അതിന് പിന്തുണ നല്‍കുന്ന ഒരു സുപ്രീം കോടതി വിധി പ്രതി ഹാജരാക്കി. അതനുസരിച്ച് മനുഷ്യന്റെ പല്ലിനെ മാരകായുധമായി പരിഗണിക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന മാരകായുധത്തിന്റെ ഇനത്തില്‍ മനുഷ്യന്റെ പല്ല് ഉള്‍പ്പെടില്ലെന്നാണ് പ്രതിയുടെ വാദം. അത്തരം വിധികള്‍ കേരള ഹൈക്കോടതിയും ആശ്രയിച്ചിട്ടുള്ളതാണ്. മരണത്തിന് കാരണമാകുന്ന ഒരു ഉപകരണം പ്രതി പ്രയോഗിച്ചുവെന്നിരിക്കെ ആ ഉപകരണത്തെ മാരകായുധമോ അപകടകാരിയായ ആയുധമോ ആയി കണക്കാക്കുന്നത് ഓരോ കേസിലെയും വസ്തുതകളെ അടിസ്ഥാനമാക്കിയാണ്.

ഒരു കേസിലെ പ്രതിയുടെ കയ്യില്‍ ഉണ്ടായിരുന്ന ഒരു ചെറിയ കല്ല് മാരകായുധമായി പോലീസ് കണക്കാക്കി പ്രതിക്ക് എതിരെ, ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസ് എടുത്തതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ആ കല്ല് മാരകായുധമല്ലെന്ന് സുപ്രീം കോടതി അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്.

ഈ കേസില്‍ ചെവി കടിച്ചതിനാല്‍ ഗുരുതരമായ പരിക്കുണ്ടായി. എന്നാല്‍ മനുഷ്യന്റെ പല്ലിനെ ഒരാളുടെ മരണത്തിന് കാരണമാകുന്ന അപകടകാരിയായ ആയുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് മേനോന്‍ പറഞ്ഞു. അതിനാല്‍ ജാമ്യം കിട്ടാവുന്ന കേസ് മാത്രമാണിതെന്നും ഹൈക്കോടതി പറഞ്ഞു.

പ്രതിയെ ജയിലില്‍ കിടത്തേണ്ട ആവശ്യമില്ല. വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം നല്‍കി കേസിന്റെ വിചാരണ തെളിവെടുത്ത് കീഴ്ക്കോടതി നടത്തും.

Content Highlights: Is human teeth a deadly weapon to cause death?