വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെടുന്നതിനാല്‍ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അധ്യാപകര്‍ തന്നെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്നത് ഹീനകൃത്യമാണ്. ഇതിനെ കര്‍ശനമായി, ഉരുക്കുമുഷ്ടിയോടെ അധികൃതര്‍ നേരിടണമെന്ന് ജസ്റ്റിസ് പി. വേല്‍മുരുകന്‍ നിര്‍ദേശം നല്‍കി.

സേലം ജില്ലയിലെ സി.എസ്.ഐ. ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകനായ പാസ്റ്റര്‍ ജയശീലന് അഞ്ച് വര്‍ഷം തടവ് വിധിച്ച കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ഒരു വിദ്യാര്‍ത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍  തടയേണ്ടിയിരിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനമേറ്റാല്‍ പലരും പുറത്ത് പറയാന്‍ മടി കാണിക്കും. അതിനാല്‍ പരാതി അറിയിക്കാന്‍ സ്‌കൂളില്‍ പരാതിപ്പെട്ടി സ്ഥാപിക്കണം. ഇതിന്റെ താക്കോല്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സൂക്ഷിക്കണം.

പരാതികള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ ഹൈക്കോടതി രൂപീകരിച്ചു. പരാതികള്‍ പരിശോധിച്ച് പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം. എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി വേണം. അതിനായി ഡി.ഇ.ഒ.മാര്‍ മുന്‍കൈ എടുക്കണം.

പീഡനകേസുകള്‍ വിചാരണ ചെയ്യുന്ന ചില പോക്സോ കോടതി ജഡ്ജിമാര്‍ക്ക് പരിശീലനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. കാരണം നിയമവശങ്ങള്‍ ചില ജഡ്ജിമാര്‍ ശരിയാംവണ്ണം മനസ്സിലാക്കാതെയാണ് ശിക്ഷവിധിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

Content Highlights: Install complaint box in all Schools, Madras H C directs