വിവാഹമോചനത്തിനായി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഭാര്യയോ ഭര്‍ത്താവോ ഉന്നയിക്കുന്നത് ക്രൂരതയാണെന്ന് സുപ്രീം കോടതി. ക്രൂരയായ ഒരു ഭാര്യയെ ഒഴിവാക്കാന്‍ വിവാഹമോചനത്തിനായി ഭര്‍ത്താവ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അനുവദിച്ചുകൊണ്ട് ഉത്തരവായി.

എന്നാല്‍ ഭാര്യയെ വഴിയാധാരമാക്കുന്നില്ല. ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുകൊണ്ട് അവര്‍ക്ക് ഒരു കോടി വിലയുള്ള വീട് നല്‍കാന്‍ ഉത്തവിട്ടു. ജീവനാംശമായി 50 ലക്ഷം രൂപയും. ദാമ്പത്യജീവിതത്തിന് അങ്ങനെ തിരശ്ശീല വീണു.

വിവാഹമോചനം നിരസിച്ച കീഴ്ക്കോടതി വിധികള്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി. കേസിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കോടതി പറഞ്ഞു. 'ഭാര്യയുടേത് ക്രൂരത തന്നെ. കാരണം ഒട്ടും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഭര്‍ത്താവിനെതിരെ ഉന്നയിച്ചത്.' ഇത്തരത്തിലുള്ള ക്രൂരതയെ വിവാഹമോചനത്തിനുള്ള കാരണമായി കോടതി പ്രഖ്യാപിച്ചു. ഭര്‍ത്താവ് സൈ്വര്യമായി ജീവിക്കട്ടെ. എന്നാല്‍ ഭാര്യയെ തെരുവിലേക്ക് വെറും കൈയോടെ ഇറക്കി വിടുന്നില്ല. കാരണം മകന്‍ അമ്മയുടെ കൂടെ താമസിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല. ഒത്തുതീര്‍പ്പ് എന്ന നിലയിലാണ് വീടും 50 ലക്ഷം രൂപയും ഭര്‍ത്താവ് നല്‍കാന്‍ കോടതി വിധി ഉത്തരവിട്ടത്.

ഹിന്ദു വിവാഹനിയമം അനുസരിച്ച് ഇങ്ങനെയുള്ള ക്രൂരത കൂടി വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

1989-ല്‍ വിവാഹം കഴിച്ചവരാണ് 11 വര്‍ഷത്തിനു ശേഷം വേര്‍പിരിഞ്ഞത്. ഇതിനിടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ഭര്‍ത്താവിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കി. തന്നെ നിരന്തരമായി ശാരീരികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഭാര്യയുടെ പരാതി. മര്‍ദ്ദനം സഹിക്കേണ്ടിവന്നതിനാലാണ് പരാതി നല്‍കുന്നതെന്നും ഭാര്യ പറഞ്ഞു. എന്നാല്‍ പോലീസ് വളരെ വിശദമായി കേസ് അന്വേഷിച്ച് അതില്‍ ഒരു കഴമ്പുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. അതിനാല്‍ കേസ് തള്ളിക്കൊണ്ട് മജിസ്‌ട്രേറ്റ് വിധിച്ചു. ഭര്‍ത്താവിനെതിരെ സത്യത്തിന്റെ അംശം ഇല്ലാത്ത ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചതെന്നും സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്.

കീഴ്ക്കോടതിയും കര്‍ണാടക ഹൈക്കോടതിയും വിവാഹമോചനം അനുവദിക്കാതെ വന്നപ്പോഴാണ് ഭര്‍ത്താവ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ വസ്തുതകളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് ക്രൂരത വിലയിരുത്തുകയെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാഹമോചനത്തിനുള്ള ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ മറുപടിയായി ഭാര്യ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നു. ഭര്‍ത്താവിന്റെ കുടുംബക്കാരെയും സഹപ്രവര്‍ത്തകരെയും ഒഴിവാക്കിയിരുന്നില്ല. എന്നാല്‍ ആരോപണങ്ങള്‍ വിശദമായി വിലയിരുത്തി പരിശോധിച്ച സുപ്രീം കോടതി പറഞ്ഞു. 'വെറും പൊള്ളയായ ആരോപണങ്ങളാണിത്. ഒരു സ്ത്രീക്ക് ഇത്ര കൂസലില്ലാതെ ആരോപണങ്ങളും കെട്ടഴിക്കാന്‍ എങ്ങനെ കഴിയുന്നു? സത്യത്തിന്റെ ഒരു കണിക പോലും ഇതിലില്ല.'

വിവാഹമോചനമല്ലാതെ മറ്റെന്ത് വഴിയാണ് ഭര്‍ത്താവിന് ഉണ്ടാകുക? അതിനാല്‍ അദ്ദേഹത്തിന്റെ സൈ്വര്യജീവിതവും മനസ്സമാധാനവും കണക്കിലെടുത്തുകൊണ്ട് വിവാഹമോചനം അനുവദിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു.