കൊച്ചി: ബി.ജെ.പിക്കാരുടെ സംഘത്തില്‍ ഒരു സി.പി.എം. സഖാവിന്റെ സാന്നിധ്യം ഉണ്ടായതുകൊണ്ട് മാത്രം അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നതായി കരുതാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ബി.ജെ.പിയില്‍ ചേര്‍ന്നതിന് യാതൊരു തെളിവുമില്ല. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി സി.പി.എം. നേതൃത്വം പ്രഖ്യാപിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ സഖാവിനെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെതാണ് കേസ്. സി.പി.എം. സ്ഥാനാര്‍ത്ഥിയായി ജയിച്ച പി.പി. ശ്രീകുമാറിന് എതിരെയാണ് കേസ്. സി.പി.എം. അംഗമായ എസ്. സുബ്രഹ്‌മണ്യനാണ് ഹര്‍ജിക്കാരന്‍. ശ്രീകുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിരോധനനിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കാനായിരുന്നു സുബ്ഹ്‌മണ്യന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് കമ്മീഷന്‍ കേസ് തള്ളി. അതിനെതിരെയാണ് സുബ്രഹ്‌മണ്യന്‍ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തത്.
തനിക്കെതിരായ ആരോപണങ്ങളെല്ലാം ശ്രീകുമാര്‍ നിഷേധിച്ചിരുന്നു. ഒരു അംഗം സ്വന്തം ഇഷ്ടപ്രകാരം മറ്റ് പാര്‍ട്ടിയില്‍ ചേരുകയോ അല്ലെങ്കില്‍ പാര്‍ട്ടിയുടെ വിപ്പ് ലംഘിക്കുകയോ ചെയ്താലാണ് പഞ്ചായത്ത് അംഗത്തിന് സ്ഥാനം നഷ്ടപ്പെടുക.
ഇവിടെ അങ്ങനെയുള്ള സ്ഥിതി ഉണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. അതുമായി യോജിച്ചുകൊണ്ടാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരന്റെ വാദങ്ങള്‍ എല്ലാം തന്നെ സി.പി.എമ്മിലെ അംഗത്വം ശ്രീകുമാര്‍ ഇപേക്ഷിച്ചതായി തെളിവുകള്‍ ഇല്ലെന്ന് ഹൈക്കോടതിയും പറഞ്ഞു. മാത്രമല്ല അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു സി.പി.എം. നേതൃത്വം പുറത്താക്കിയതായും തെളിവില്ല. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ബി.ജെ.പിയുടെയും ഹിന്ദു ഐക്യവേദികയുടെയും സാന്നിധ്യത്തില്‍ ശ്രീകുമാറിനെ കാണാമെന്നായിരുന്നു ഹര്‍ജിയിലെ വാദം. അതുകൊണ്ടു മാത്രം ആരോപണം തെളിയിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.