വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ അനാസ്ഥ കാണിച്ചതിനാല്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലെ രണ്ട് എന്‍ജിനീയര്‍മാര്‍ക്ക് കനത്ത പിഴ ചുമത്തിയ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് വെള്ളവും വെളിച്ചവുമെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന്റെ കുത്തക ഇലക്ട്രിസിറ്റി ബോര്‍ഡിനാണ്. വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് കാലതാമസം ഇല്ലാതെ അത് നല്‍കേണ്ട ചുമതല ബോര്‍ഡിനാണ്.

കോഴിക്കോട് ജില്ലയിലെ പി. സൈനുദ്ദീന്‍ എന്നയാള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള പരിഹാര ഫോറത്തിന്റെ ഉത്തരവ് നടപ്പായില്ല. അതുകൊണ്ട് എന്‍ജിനീയര്‍മാരായ കെ. രവീന്ദ്രനാഥനും മറ്റും മൊത്തം 75,000 രൂപ പിഴ ചുമത്തിയ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങള്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.

കോസ് നടന്നുകൊണ്ടിരിക്കെ സൈനുദ്ദീന് വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട്. എന്‍ജിനീയര്‍മാരുടെ മനഃപൂര്‍വ്വമായ അനാസ്ഥയാണു കാണുന്നതെന്നും ഹൈക്കോടതി പറഞ്ഞു. കണക്ഷന്‍ നല്‍കാന്‍ തടസമായത് ചില സാങ്കേതിക കാരണങ്ങള്‍ ആയിരുന്നു. അതു പരിഹരിക്കപ്പെടാതിരുന്നത് എന്‍ജിനീയര്‍മാരുടെ അനാസ്ഥ മൂലമായിരുന്നു. 

പിഴ ചുമത്താന്‍ റെഗുലേറ്ററി കമ്മിഷന്‍ വ്യക്തമാക്കിയ കാരണങ്ങളോട് ഹൈക്കോടതി യോജിച്ചു.

Content Highlights: High Court upheld the ruling of Electricity Regulatory Commission on fine